എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ സ്നേഹപൂർണ്ണമായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന് നാം യിരെമ്യാവ് 33:15-നെക്കുറിച്ചു ധ്യാനിക്കുന്നു. “ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ മുളെപ്പിക്കും; അവൻ ദേശത്തു നീതിയും ന്യായവും നടത്തും." അതുപോലെ, യിരെമ്യാവ് 33:26 പറയുന്നു, “അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തുകയും അവർക്കു കരുണകാണിക്കയും ചെയ്യും." യിരെമ്യാവ് 32:41 പറയുന്നു, "ഞാൻ അവരിൽ സന്തോഷിച്ചു അവർക്കു ഗുണം ചെയ്യും. ഞാൻ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ അവരെ ഈ ദേശത്തു നടും." എന്റെ ദൈവപൈതലേ, ഈ ലോകത്തിൽ നിങ്ങൾ നിരവധി പരീക്ഷണങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോകുന്നുണ്ടാകാം. നിങ്ങൾക്ക് പണത്തിന്റെയും നല്ല ആരോഗ്യത്തിന്റെയും കുടുംബ സമാധാനത്തിന്റെയും ആവശ്യം ഉണ്ടായിരിക്കാം. നിങ്ങൾ സ്വയം വളരെയധികം വിഷമിക്കുന്നുണ്ടാകാം, പക്ഷേ ഞാൻ എല്ലായ്പ്പോഴും പറയുന്നതുപോലെ, ദൈവത്തിങ്കലേക്ക് നോക്കുക. അതുമാത്രമാണ് രക്ഷപ്പെടാനുള്ള ഏകമാർഗം. ദൈവമാണ് നിങ്ങളുടെ ഏക പ്രതീക്ഷ, അവൻ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല.

നിങ്ങളെ അനുഗ്രഹിക്കാൻ അവൻ എത്രമാത്രം ആഗ്രഹിക്കുന്നു! റോമർ 8:30 പറയുന്നു, "മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു." ദൈവം നിങ്ങൾക്ക് ഒരു പുതിയ ജീവിതം നൽകാൻ ആഗ്രഹിക്കുന്നു, തികച്ചും വ്യത്യസ്തമായ, അവനുമായി അടുത്ത കൂട്ടായ്മ നിറഞ്ഞതും അവന് ഇഷ്ടമുള്ളതെല്ലാം ചെയ്യുന്നതുമായ ഒരു ജീവിതം തന്നെ. ശൌൽ പൌലൊസ് ആയി മാറി. ശമര്യസ്ത്രീ അവന്റെ വിലമതിക്കാനാവാത്ത പാത്രമായി മാറി. സക്കായി ദൈവത്തെ നോക്കുകയും തന്റെ കുടുംബത്തിൽ അനുഗ്രഹിക്കപ്പെടുകയും ചെയ്തു. അതിനാൽ, പ്രിയ പൈതലേ, ദൈവത്തിങ്കലേക്ക് നോക്കുക. ദൈവത്തെ മുറുകെപ്പിടിക്കുക. അതല്ലാതെ മറ്റൊരു മാർഗവുമില്ല.

ഈ ലോകത്ത്, നിങ്ങൾ നിരവധി പ്രശ്നങ്ങൾ നേരിടുകയും അന്ധകാരത്തിന്റെ നിമിഷങ്ങളിലൂടെ നടക്കുകയും ചെയ്തേക്കാം. എന്നാൽ ആ സമയങ്ങളിൽ പോലും, എല്ലായ്പ്പോഴും ദൈവത്തെ മുറുകെപ്പിടിക്കുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുക. ദൈവവചനം വായിക്കുകയും അവന്റെ അനുഗ്രഹങ്ങൾ അവകാശമാക്കുകയും ചെയ്യുക. കർത്താവ് തന്റെ വാഗ്‌ദത്തങ്ങൾക്കനുസൃതമായി തന്റെ ഉചിതമായ സമയത്ത് നിങ്ങളെ വിടുവിക്കും. നിങ്ങൾക്ക് ഇരുട്ട് നിറഞ്ഞതായി തോന്നുന്നുവെങ്കിൽ, വിഷമിക്കേണ്ട, എന്നാൽ ഇപ്പോൾതന്നെ പ്രാർത്ഥിക്കുകയും അവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. കർത്താവ് നിങ്ങളെ അത്ഭുതകരമായ രീതിയിൽ രക്ഷിക്കും. അപ്പോൾ നിങ്ങളുടെ ഹൃദയത്തിൽ സമാധാനവും സന്തോഷവും നിറഞ്ഞു കവിയും.

PRAYER:
പ്രിയ കർത്താവേ, എന്റെ നിത്യമായ പ്രത്യാശയും അഭയസ്ഥാനവും ആയതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. പരീക്ഷണങ്ങളിലും ഇരുട്ടിൽ പോലും, അങ്ങയോടു പറ്റിനിൽക്കാൻ എന്നെ സഹായിക്കണമേ. കർത്താവേ, അങ്ങയുടെ വാഗ്‌ദത്തങ്ങളിൽ എന്നെ നട്ടുവളർത്തുകയും എന്റെ ജീവിതം ഫലപ്രദമാക്കുകയും ചെയ്യേണമേ. അങ്ങയുടെ കാരുണ്യവും നീതിയും എന്റെ ജീവിതത്തിൽ പ്രകാശിക്കട്ടെ. വേദപുസ്തകത്തിൽ അങ്ങ് ശൌലിനെയും സക്കായിയെയും മാറ്റിയതുപോലെ എന്നെയും മാറ്റേണമേ. എല്ലായ്പ്പോഴും അങ്ങിൽ വിശ്വസിക്കാൻ അങ്ങയുടെ സമാധാനവും സന്തോഷവും ദൈവിക ശക്തിയും എനിക്ക് നൽകേണമേ. കർത്താവേ, അത്ഭുതകരമായി എന്നെ എന്റെ കഷ്ടതകളിൽ നിന്ന് മോചിപ്പിക്കണമേ, എന്റെ ജീവിതം അങ്ങയുടെ വിശുദ്ധ നാമത്തിന് മഹത്വം നൽകട്ടെ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.