പ്രിയ സുഹൃത്തേ, ദൈവവചനത്തെക്കുറിച്ച് ധ്യാനിക്കുന്നത് സന്തോഷകരമാണ്. യിരെമ്യാവ് 15:16 പറയുന്നതുപോലെ, “ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി." ദൈവവചനം ഭക്ഷിക്കുക എന്നതിനർത്ഥം ദൈവം നമ്മോട് സംസാരിക്കുമ്പോഴെല്ലാം ശ്രദ്ധാപൂർവ്വം കേൾക്കുകയും ദിവസേന അവന്റെ വചനത്തിലേക്ക് ആഴത്തിൽ പോകുകയും ചെയ്യുക എന്നതാണ്. അപ്പം കഴിക്കുന്നത് നമ്മുടെ ശരീരത്തെ നിലനിർത്തുന്നതുപോലെ, ദൈവവചനം നമ്മുടെ ആത്മാവിനെ നിലനിർത്തുന്നു. അതുകൊണ്ടാണ് യേശു മത്തായി 4:4 - ൽ ഇപ്രകാരം പറഞ്ഞത്, “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” വചനം, നമ്മുടെ ഹൃദയങ്ങളിൽ മറഞ്ഞിരിക്കുമ്പോൾ, മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായി മാറുകയും സന്തോഷവും ആത്മീയ പോഷണവും നൽകുകയും ചെയ്യുന്നു.
നമുക്ക് ദൈവവചനത്തെ നിസ്സാരമായി കാണാനാവില്ല. ഇത് ചുരുക്കിപ്പറയാനോ ക്രമരഹിതമായി വായിക്കാനോ ഉള്ള ഒന്നല്ല. ഓരോ അധ്യായങ്ങളായി ദിനം തോറും നാം അത് വായിക്കണം, കാരണം ദൈവത്തിന് എല്ലാ ദിവസവും നമുക്കായി ഒരു പ്രത്യേക വചനമുണ്ട്. യോഹന്നാൻ 6:63 ൽ യേശു ഇപ്രകാരം പറഞ്ഞു, "ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു." ദൈവവചനം നമ്മിലേക്ക് പ്രവേശിക്കുമ്പോൾ അത് നമ്മുടെ അസ്ഥികൾക്ക് ശക്തി നൽകുകയും ശരീരത്തിന് സൌഖ്യം നൽകുകയും ഹൃദയത്തിന് സന്തോഷം നൽകുകയും ചെയ്യുന്നു. നമ്മുടെ ഹൃദയങ്ങളിൽ മറഞ്ഞിരിക്കുന്ന ഒരു നിധി പോലെ, അത് നമ്മുടെ മുഴുവൻ ജീവിതത്തെയും സന്തോഷിപ്പിക്കുന്നു. അത് നമ്മുടെ അധരങ്ങളിൽ വരുമ്പോൾ മറ്റുള്ളവർക്ക് ഒരു സന്ദേശമായി മാറുന്നു. അത് നമ്മുടെ കൈകളിലാകുന്നുവെങ്കിൽ അത് വിശ്വാസത്തിൻ്റെ ആയുധമാണ്. സങ്കീർത്തനം 119:103 പറയുന്നു, "തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു."
രാവും പകലും ദൈവവചനത്തെ ധ്യാനിക്കുന്നവർ അഭിവൃദ്ധി പ്രാപിക്കും. മത്തായി 15-ൽ കാണുന്നതുപോലെ, യേശുവിന്റെ വാക്കുകൾ ഭക്ഷണത്തേക്കാൾ മധുരമുള്ളതും അവരുടെ ശരീരങ്ങൾക്ക് ശക്തി നൽകുന്നതുമായിരുന്നതിനാൽ ജനങ്ങൾ മൂന്ന് ദിവസം ഭക്ഷണം കഴിക്കാതെ യേശുവിനെ അനുഗമിച്ചു. യേശു കരുണയോടെ അവർക്ക് അപ്പവും മത്സ്യവും നൽകി. അവൻ നമ്മെ ആത്മീയമായി പോഷിപ്പിക്കുക മാത്രമല്ല നമ്മുടെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നുവെന്ന് കാണിക്കുന്നു. യോഹന്നാൻ 6:35 നമ്മെ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു, “ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല." എന്റെ ഭർത്താവ് ഡോ. പോൾ ദിനകരൻ വഴി എല്ലാ വർഷവും ഞങ്ങൾക്ക് ലഭിക്കുന്ന വാഗ്ദത്ത വാക്യത്തിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെ ഞങ്ങൾ ദിവസവും ധ്യാനിക്കുന്ന വാഗ്ദത്ത വാക്യത്തിലൂടെയും ദൈവം ഞങ്ങളെ പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു എന്ന് II പത്രൊസ് 1:19 ൽ നാം വായിക്കുന്നു. അതിലൂടെ യേശു നമുക്കും, നമ്മിലൂടെ അവൻ ലോകത്തിനും വെളിപ്പെടുത്തപ്പെടുന്നു. അങ്ങനെയാണ് നാം ദൈവവചനം കണ്ടെത്തുകയും അത് ഭക്ഷിക്കുകയും ചെയ്യുന്നത്. അവന്റെ വചനം എല്ലാ ദിവസവും നിങ്ങളെ ശക്തിപ്പെടുത്തുകയും പോഷിപ്പിക്കുകയും ഉന്മേഷം നൽകുകയും ചെയ്യട്ടെ.
PRAYER:
സ്നേഹവാനായ കർത്താവേ, വളരെയധികം മധുരവും ജീവൻ നൽകുന്നതും ശക്തവുമായ അങ്ങയുടെ വചനത്തിന്റെ ദാനത്തിന് അങ്ങേയ്ക്ക് നന്ദി. യിരെമ്യാവിനെപ്പോലെ, അങ്ങയുടെ വചനങ്ങൾ എന്റെ അടുക്കൽ വരികയും സന്തോഷത്തോടെ അവയെ ഭക്ഷിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. അങ്ങയുടെ വചനം എൻറെ ഹൃദയത്തിന്റെ ആനന്ദവും എന്റെ ശരീരത്തിന്റെ ബലവും ആകട്ടെ. കർത്താവേ, അപ്പത്തിനുവേണ്ടി മാത്രമല്ല, അങ്ങിൽനിന്ന് വരുന്ന ഓരോ വചനത്തിനുവേണ്ടിയും വിശക്കാൻ എന്നെ സഹായിക്കണമേ. ഞാൻ എല്ലാ ദിവസവും അങ്ങയുടെ വചനത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ, ദയവായി എനിക്ക് അങ്ങയെ വെളിപ്പെടുത്തേണമേ. അങ്ങയുടെ വചനം എന്റെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന നിധിയായും എന്റെ അധരങ്ങളിൽ സന്ദേശമായും എന്റെ കൈകളിൽ ആയുധമായും ഇരിക്കട്ടെ. അങ്ങയുടെ ദിവ്യ വചനം എന്നെ സുഖപ്പെടുത്തുകയും ഓരോ ഘട്ടത്തിലും എന്നെ നയിക്കുകയും ചെയ്യട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.