എന്റെ പ്രിയ സുഹൃത്തേ, ദൈവവചനം നിങ്ങളിലേക്ക് കൊണ്ടുവന്ന് നിങ്ങളെ അനുഗ്രഹിക്കുന്നത് എത്ര സന്തോഷകരമാണ്. കൊലൊസ്സ്യർ 3:14-ലെ ദൈവവചനം ഇപ്രകാരം പറയുന്നു, “സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ." ഇത് അത്ഭുതകരമായ ഒരു സത്യമാണ്. ഈ വാക്യം ദൈവത്തിൽ നിന്നു വരുന്ന സ്നേഹത്തെ മഹത്വപ്പെടുത്തുന്നു. അത് മാനുഷികമല്ല, ദൈവികമാണ്. തിരുവെഴുത്ത് നമ്മോടു പറയുന്നു: സ്നേഹം സമ്പൂർണ്ണതയെ കൊണ്ടുവരുന്നു. നമ്മിൽ ദൈവത്തിന്റെ സ്വഭാവത്തിന്റെ മറ്റെല്ലാ ഗുണങ്ങളും അത് പരിപൂർണ്ണമാക്കുന്നു - അവന്റെ ദയ, ക്ഷമ, വിനയം, ശക്തി. സ്നേഹമില്ലാതെ, നമ്മുടെ എല്ലാ പ്രവൃത്തികളും അപൂർണ്ണമായിരിക്കും, എന്നാൽ സ്നേഹത്താൽ എല്ലാം സമ്പൂർണ്ണമാകുന്നു. മറ്റെല്ലാ സദ്ഗുണങ്ങളെയും യോജിപ്പിച്ച് കൊണ്ടുവരുന്ന കിരീടമാണ് സ്നേഹം. നമ്മുടെ സ്വഭാവത്തിന്റെ പൂർണത, നമ്മിലൂടെ പ്രവർത്തിക്കുന്ന ദൈവത്തിന്റെ ശക്തിയുടെ പൂർണത, നമ്മിൽ ദൈവത്തിന്റെ എല്ലാ വഴികളുടെയും പൂർണത എന്നിവയെല്ലാം സ്നേഹത്താൽ മാത്രമേ പ്രചോദിപ്പിക്കപ്പെടുന്നുള്ളൂ.

നാം ജനങ്ങളുടെ പോരാട്ടങ്ങളും ഭാരങ്ങളും അഭ്യർത്ഥനകളും കേട്ട് അവരുടെ മുമ്പിൽ നിൽക്കുമ്പോൾ അത്ഭുതകരമായൊരു കാര്യം സംഭവിക്കുന്നു. പരിശുദ്ധാത്മാവ് ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയത്തിലേക്ക് പകരുന്നു, ആ സ്നേഹം നമ്മെ പ്രവർത്തിക്കാൻ നിർബന്ധിക്കുന്നു. അത് ദയയുടെ ഒരു ലളിതമായ പ്രവർത്തനത്തിന് കാരണമായേക്കാം, അല്ലെങ്കിൽ അനേകർക്ക് പരിഹാരങ്ങൾ നൽകുന്ന ദൈവത്തിന്റെ ഒരു മഹത്തായ പദ്ധതിക്ക് അത് വഴിയൊരുക്കിയേക്കാം. ചില അവസരങ്ങളിൽ, അതിലൂടെ പരിശുദ്ധാത്മാവിന്റെ ശക്തി പ്രവർത്തിച്ച് അത്ഭുതങ്ങൾ നടത്താനും, പ്രവചനവാക്കുകൾ സംസാരിക്കാനും, ഒരു ആത്മാവിനെ യേശുക്രിസ്തുവിന്റെ സ്നേഹത്തിലും രക്ഷയിലും നയിക്കാനും വഴിയൊരുക്കുന്നു. ഇവയെല്ലാം ദൈവിക സ്നേഹത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. മനുഷ്യസ്നേഹം പലപ്പോഴും വ്യവസ്ഥാപിതവും ഹ്രസ്വകാലവുമാണ്, എന്നാൽ ദൈവസ്നേഹം ശാശ്വതവും നിർമ്മലവും കാരുണ്യം നിറഞ്ഞതുമാണ്. നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ദൈവത്തിന്റെ അനുഗ്രഹങ്ങൾ തുറന്നുകാട്ടുന്ന താക്കോലാണ് ഈ സ്നേഹം. അതിനാലാണ് വചനം നമ്മോട് “സ്നേഹം ധരിപ്പിൻ” എന്ന് ഉത്സാഹിപ്പിക്കുന്നത്. സ്നേഹമില്ലെങ്കിൽ, നമ്മുടെ നല്ല സ്വഭാവം പോലും സ്വാർത്ഥതയിലേക്കു വഴുതിപ്പോകാം. എന്നാൽ അതുണ്ടെങ്കിൽ, നമ്മുടെ സ്വഭാവം ദൈവഭക്തിയിലേയ്ക്ക് രൂപാന്തരപ്പെടുന്നു, നമുക്കുവേണ്ടിയല്ല, മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ട് ക്രിസ്തുവിന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു.

അതിനാൽ, എന്റെ സുഹൃത്തേ, നമുക്ക് ദൈവത്തിൽ നിന്നുള്ള സ്നേഹം അന്വേഷിക്കാം. നാം നമ്മുടെ പരിമിതമായ മാനുഷിക സ്നേഹത്തിൽ ആശ്രയിക്കാതെ, പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ ദിവ്യ സ്നേഹത്താൽ നിറയ്ക്കാൻ അനുവദിക്കുക. നാം ഈ സ്നേഹം ധരിക്കുമ്പോൾ, ക്ഷമിക്കാനും പ്രോത്സാഹിപ്പിക്കാനും സേവിക്കാനും ദൈവത്തെ മഹത്വപ്പെടുത്തുന്ന വിധങ്ങളിൽ ശുശ്രൂഷിക്കാനും അത് നമ്മെ ശക്തരാക്കും. ഇത് നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ പരിപൂർണത കൊണ്ടു വരുകയും, നമ്മെ അവന്റെ രാജ്യത്തിൽ ഫലപ്രദരും കാര്യക്ഷമരുമായി മാറ്റുകയും ചെയ്യുന്നു. സ്നേഹം ഒരിക്കലും പരാജയപ്പെടില്ല, കാരണം ദൈവം സ്നേഹം ആകുന്നു. അവൻ തന്നെ നമ്മിലും നമ്മിലൂടെയും പ്രവർത്തിക്കുന്നു. അപ്പോൾ ഇന്ന് നമുക്ക് സ്നേഹം ധരിക്കാമോ? അവന്റെ അനുകമ്പയും ദയയും കരുണയും സ്വീകരിക്കാൻ നാം നമ്മുടെ ഹൃദയങ്ങൾ തുറക്കാമോ? നാം അങ്ങനെ ചെയ്താൽ, തന്റെ പദ്ധതികൾ നിറവേറ്റുന്നതിനും തന്റെ അത്ഭുതങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും നമ്മിലൂടെ എണ്ണമറ്റ ജീവിതങ്ങളെ അനുഗ്രഹിക്കുന്നതിനും അവൻ നമ്മെ ഉപയോഗിക്കും. തീർച്ചയായും, സമ്പൂർണ്ണതയുടെ ബന്ധമാണ് സ്നേഹം.

PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, സ്നേഹത്തെക്കുറിച്ച് എന്നെ പഠിപ്പിച്ചതിന് അങ്ങേക്ക് നന്ദി. സ്നേഹം സമ്പൂർണ്ണതയുടെ ബന്ധമാണെന്ന് എന്നെ കാണിച്ചതിന് നന്ദി. അങ്ങയുടെ ദിവ്യവും നിരുപാധികവുമായ സ്നേഹം കൊണ്ട് എന്റെ ഹൃദയം നിറയ്‌ക്കേണമേ. മാനുഷിക സ്വഭാവത്തിനപ്പുറം ദൈവിക സ്വഭാവത്തിലേക്ക് പോകാൻ എന്നെ സഹായിക്കണമേ. പരിശുദ്ധാത്മാവിലൂടെ അങ്ങയുടെ കാരുണ്യം എന്നിൽ ചൊരിയേണമേ. എന്നെക്കാൾ മറ്റുള്ളവരെ പരിപാലിക്കാൻ എന്നെ പ്രാപ്തനാക്കണമേ. അങ്ങയുടെ സ്നേഹം എന്നിലൂടെ ദയയുടെ പ്രവർത്തനങ്ങളും മഹത്തായ പദ്ധതികളും തുറന്നുവെക്കട്ടെ. മറ്റുള്ളവർക്ക് അത്ഭുതങ്ങളും രക്ഷയും പ്രത്യാശയും കൊണ്ടുവരാൻ എന്നെ ഉപയോഗിക്കേണമേ. ഈ ലോകത്തിൽ എന്നെ അങ്ങയുടെ പരിപൂർണ്ണ സ്നേഹത്തിന്റെ ഒരു ഉപകരണമാക്കി മാറ്റേണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.