"നീ എന്റെ കൊമ്പു ഉയർത്തിയിരിക്കുന്നു." എന്റെ പ്രിയ സുഹൃത്തേ, ദൈവം നിങ്ങളെ ഉയർത്താൻ ആഗ്രഹിക്കുന്നു. ചാരക്കൂമ്പാരത്തിൽ ഇരിക്കുന്നവരെ അവൻ ഉയർത്തി ഏറ്റവും ഉയർന്ന സ്ഥാനത്തേക്ക് ഉയർത്തുന്നു. വിലപിക്കുന്നവരെ അവൻ ആനന്ദതൈലത്തിന്റെ നിലയിലേക്ക് കൊണ്ടുവരുകയും ദുഃഖത്തെ സന്തോഷമാക്കി മാറ്റുകയും ചെയ്യുന്നു. യെശയ്യാവ് 60:22-ൽ തിരുവെഴുത്ത് ഇപ്രകാരം പറയുന്നു, "കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും." ദൈവം ഇന്ന് നിങ്ങൾക്ക് നൽകുന്ന വാഗ്‌ദത്തം സങ്കീർത്തനം 92:10-ൽ നിന്നുള്ളതാണ്, “എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തും." കാട്ടുപോത്തിന് സിംഹങ്ങളെയും കടുവകളെയും കഴുതപ്പുലികളെയും അതിന്റെ കൊമ്പുകൊണ്ട് തള്ളിക്കളയാൻ കഴിയും. മാത്രമല്ല ഏറ്റവും ക്രൂരമായ മൃഗങ്ങളിൽ നിന്നുമുപരി ഉയരുവാനും കഴിയും. അതുപോലെ, നിങ്ങളുടെ ശത്രുക്കളെ മറികടക്കാനും ശക്തമായി നിലകൊള്ളാനും വിജയിക്കാനും ദൈവം നിങ്ങൾക്ക് ശക്തിയും കൊമ്പും നൽകുന്നു.

വേദപുസ്തകം പറയുന്നു, "അവൻ നമ്മുടെ തല ഉയർത്തുന്നവനാണ്". ലജ്ജയാലോ, നഷ്ടത്താലോ, ദുഃഖത്താലോ, ഏകാന്തതയാലോ, പാപത്താലോ നിങ്ങളുടെ തല കുനിഞ്ഞിട്ടുണ്ടോ? ഇന്ന്, ദൈവം നിങ്ങളുടെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുകയും നിങ്ങളുടെ ശത്രുക്കളുടെ മുന്നിൽ, അവൻ നിങ്ങൾക്കായി വിരുന്നൊരുക്കുകയും ചെയ്യുന്നു. അതാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തി. "കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു," "ആത്മാവ് നിങ്ങളെ സകല സത്യത്തിലും വഴിനടത്തും." "സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കും" എന്നും വേദപുസ്തകം പറയുന്നു. കാട്ടുപോത്തിന്റെ കൊമ്പ് അതിന്റെ ശത്രുക്കളെ നശിപ്പിക്കുന്നതുപോലെ, ദൈവം നിങ്ങളുടെ തല ഉയർത്തി, എല്ലാ ബന്ധനങ്ങളെയും തകർക്കാനും എല്ലാ ആക്രമണങ്ങളെയും നശിപ്പിക്കാനും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങളുടെ കൊമ്പിനെ അഭിഷേകം ചെയ്യും. അതെ, പരിശുദ്ധാത്മാവ് നിങ്ങളെ ഉയർത്തുന്നു!

എന്റെ സുഹൃത്തേ, മനോഹരമായ ഒരു സാക്ഷ്യം ഞാൻ പങ്കുവെക്കട്ടെ. സഹോദരി. സാവിത്രി തന്റെ മകൻ വരുണിനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു. അവൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ അവൾ അവനെ ബാലജന പങ്കാളിത്ത പദ്ധതിയിൽ ചേർത്തു. അവൻ കായികമത്സരങ്ങളിലും ടെന്നീസിൽ സംസ്ഥാന തലത്തിലും മികവ് പുലർത്തിയിരുന്നു. എന്നാൽ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ പനി അവനെ ബാധിച്ചു. യേശു വിളിക്കുന്നു നടത്തിയ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ യോഗത്തിൽ അവൻ പങ്കെടുക്കുകയും അവൾ അവനെ എന്റെ അടുക്കൽ വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി കൊണ്ടുവരുകയും ചെയ്തു. ഞാൻ പ്രാർത്ഥിച്ചപ്പോൾ യേശു അവനെ സൗഖ്യമാക്കുകയും പന്ത്രണ്ടാം ക്ലാസിൽ മികച്ച മാർക്ക് നൽകുകയും ചെയ്തു. പിന്നീട്, കോളേജിൽ പഠിക്കുമ്പോൾ മോശമായ കൂട്ടുകെട്ടിൽ അകപ്പെടുകയും മൊത്തം 21 വിഷയങ്ങൾ ബാക്കിയുള്ള അവൻ പല വിഷയങ്ങളിലും പരാജയപ്പെടുകയും ചെയ്തു. വീണ്ടും അവൾ അവനെ പ്രാർത്ഥനാ ഗോപുരത്തിലേക്ക് കൊണ്ടുവന്നു, അപ്പോൾ ഞാൻ പ്രാർത്ഥിക്കുകയും പ്രവചിക്കുകയും ചെയ്തു, "നിങ്ങളുടെ മകൻ ബിരുദം പൂർത്തിയാക്കി മറ്റുള്ളവർക്ക് സഹായകനാകും." വെറും രണ്ട് സെമസ്റ്ററുകളിൽ അവൻ 21 കുടിശ്ശികകളും തീർത്തു. അവൾ അതിനെ "ചിന്തിക്കുന്നതിനപ്പുറമുള്ള ഒരു അത്ഭുതം" എന്ന് വിളിച്ചു. തുടർന്ന് എം. ബി. എ. യ്ക്കായി കോയമ്പത്തൂരിലെ കാരുണ്യാ സർവകലാശാലയിൽ ചേർന്ന അവന് മൂന്നാം സെമസ്റ്ററോടെ ഹൈദരാബാദിൽ ജോലി ലഭിച്ചു. പ്രവചനം യാഥാർഥ്യമായി! ഇന്ന്, അവൻ സമ്പന്നനും ദൈവത്തോടൊപ്പം നടക്കുന്നവനുമാണ്. അതുപോലെ തൻറെ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ ചൊരിയപ്പെടുമ്പോൾ ദൈവം നിങ്ങളുടെ തലയും ഉയർത്തും. ഇന്ന്, യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് ഈ അനുഗ്രഹം പ്രഖ്യാപിക്കുന്നു: നിങ്ങളുടെ തൊഴിലിലും വിദ്യാഭ്യാസത്തിലും ഉയർച്ച നേടുക. നിങ്ങളുടെ പ്രവേശന പരീക്ഷകളിൽ ഉന്നതി പ്രാപിക്കുക, യേശുവിന്റെ നാമത്തിൽ ജോലിയോ പ്രവേശനമോ ഉറപ്പാക്കുക. നിങ്ങളുടെ കുടുംബത്തിൽ, നിങ്ങളുടെ വിശുദ്ധിയിൽ, നിങ്ങളുടെ സാമ്പത്തികത്തിൽ, നിങ്ങളുടെ ആരോഗ്യത്തിൽ ഉയർന്നുവരിക, നിങ്ങളുടെ പേര് എല്ലാ ആളുകളുടെയും മുന്നിൽ ആദരിക്കപ്പെടട്ടെ.

PRAYER:
പ്രിയ പിതാവേ, എന്റെ തല ഉയർത്തുന്നവനും എന്റെ കൊമ്പിന് പിന്നിലുള്ള ശക്തിയുമായതിന് അങ്ങേക്ക് നന്ദി. ഞാൻ താഴെയായിരിക്കുമ്പോൾ, അങ്ങ് എന്നെ ചാരകൂമ്പാരത്തിൽ നിന്ന് ഉയർത്തുകയും സന്തോഷത്തോടെ എന്നെ കിരീടമണിയിക്കുകയും ചെയ്യുന്നു. കാട്ടുപോത്തിനെപ്പോലെ എന്റെ കൊമ്പിനെ ഉയർത്തുമെന്ന അങ്ങയുടെ വാഗ്‌ദത്തം ഇന്ന് ഞാൻ സ്വീകരിക്കുന്നു. കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിന്റെ എണ്ണയാൽ എന്നെ അഭിഷേകം ചെയ്യേണമേ. എന്റെ ജീവിതത്തിലെ എല്ലാ ലജ്ജയും, ദുഃഖവും, പോരാട്ടവും യേശുവിന്റെ മഹത്തായ നാമത്തിൽ തകർക്കപ്പെടട്ടെ. കർത്താവേ, എന്റെ മുമ്പിൽ ഒരു വിരുന്നൊരുക്കി, എന്റെ തല വിജയത്താൽ ഉയർത്തപ്പെടട്ടെ. എല്ലാ ശത്രുക്കളെയും മറികടന്ന് അങ്ങയുടെ സത്യത്തിലും സ്വാതന്ത്ര്യത്തിലും ശക്തിയിലും നടക്കാൻ എന്നെ സഹായിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.