എന്റെ വിലയേറിയ സുഹൃത്തേ, ഈ മാസം കർത്താവ് പറയുന്നു, “ഞാൻ നിങ്ങളുടെ മേൽ അനുഗ്രഹകരമായ മഴ പെയ്യിക്കും" (യെഹെസ്കേൽ 34:26). പരിശുദ്ധാത്മാവാണ് ആ മഴ, ഈ ദൈവീക മഴ നിങ്ങളുടെ ജീവിതത്തിലെ എല്ലാ വരണ്ട ഭാഗങ്ങളെയും പുനരുജ്ജീവിപ്പിക്കുന്നു. തരിശുഭൂമിയിൽ മഴപെയ്തു ഫലം പുറപ്പെടുവിക്കുന്നതുപോലെ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നു നിങ്ങളെ ഫലഭൂയിഷ്ഠരാക്കും. ലൂക്കൊസ് 1:35-ൽ ദൂതൻ മറിയയ്ക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ അവൻ പറഞ്ഞു, “ പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും." മറിയ ഒരു സാധാരണ സ്ത്രീയായിരുന്നു, എന്നാൽ പരിശുദ്ധാത്മാവ് അവളുടെ മേൽ വന്നപ്പോൾ അസാദ്ധ്യമായത് സാദ്ധ്യമായി - ക്രിസ്തു അവളുടെ ഉള്ളിൽ രൂപം കൊണ്ടു. എന്റെ സുഹൃത്തേ, അതേ ആത്മാവ് ഇന്ന് നിങ്ങളെ നിറയ്ക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ബലഹീനതയോ വിസ്മരിക്കപ്പെട്ടവരായോ തോന്നിയേക്കാം, എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ ഇറങ്ങുമ്പോൾ ദിവ്യശക്തി ഉയർന്നുവരും. ദൈവത്തിന്റെ ശക്തി നിങ്ങളെ ഫലപുഷ്ടിയുള്ളവരാക്കുകയും നിങ്ങളുടെ അനുഗ്രഹങ്ങൾ ആയിരം മടങ്ങ് വർദ്ധിപ്പിക്കുകയും നിങ്ങളുടെ ജീവിതത്തിലൂടെ യേശുവിനെ വെളിപ്പെടുത്തുകയും ചെയ്യും.
പരിശുദ്ധാത്മാവ് നിങ്ങളെ നിറയ്ക്കുമ്പോൾ സകല ബന്ധനങ്ങളും തകരുന്നു. "കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു" (2 കൊരിന്ത്യർ 3:17). അവൻ നിങ്ങളെ യേശുവിന്റെ അതേ പ്രതിമയായി രൂപാന്തരപ്പെടുത്തുന്നു (വാക്യം.18) ക്ഷമിക്കാനും സുഖപ്പെടുത്താനും സമാധാനത്തോടെ നടക്കാനും ആത്മാവ് നിങ്ങൾക്ക് ശക്തി നൽകുന്നു. എന്റെ പ്രിയ സുഹൃത്തേ, അതേ ശക്തി ഇപ്പോൾ നിങ്ങളുടെ മേൽ വരുന്നു. നിങ്ങൾ ക്ഷമിക്കുമ്പോൾ, നിങ്ങളുടെ ഹൃദയം വിശ്രമം കണ്ടെത്തും, രോഗം അകന്നുപോകും, നഷ്ടങ്ങൾ നേട്ടങ്ങളായി മാറും. യേശുവിന്റെ സമാധാനം നിങ്ങളുടെ കുടുംബത്തിൽ നിറഞ്ഞൊഴുകും. ഇതാണ് ദൈവീക മഴ - നിങ്ങളുടെ ഹൃദയത്തിന്റെ എല്ലാ കോണുകളിലും പുതിയ ജീവനും പുതിയ സ്നേഹവും പുതിയ സന്തോഷവും നൽകുന്ന അനുഗ്രഹത്തിന്റെ മഴ.
അവസാനമായി, ഈ പരിശുദ്ധാത്മാവ് നിങ്ങൾക്ക് സമാധാനം നൽകുക മാത്രമല്ല നിങ്ങളെ ഒരു പുരോഹിതനായും ഒരു പ്രവാചകനായും മാറ്റുന്നു. അപ്പൊ. പ്രവൃത്തികൾ 10:38 പറയുന്നതുപോലെ, " യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു." അവൻ പാപങ്ങളെ ക്ഷമിക്കുന്ന പുരോഹിതനായും ഹൃദയങ്ങളെ കാണുന്ന പ്രവാചകനായും മാറി. ദൈവത്തിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാൻ അതേ ആത്മാവ് നിങ്ങളെയും പ്രാപ്തരാക്കും. നിങ്ങൾ ആശ്വാസം, രോഗശാന്തി, വെളിപാട് എന്നിവയുടെ വാക്കുകൾ സംസാരിക്കും. ശമര്യക്കാരിയായ സ്ത്രീയെപ്പോലെ, നിങ്ങൾ യേശുവിൽ നിന്ന് ജീവജലം എടുക്കുകയും അനേകരെ അനുഗ്രഹിക്കുകയും ചെയ്യും. ഇന്ന് ഇപ്രകാരം നിലവിളിക്കുക, "കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ. എന്നെ ഒരു അനുഗ്രഹമാക്കണമേ ". ക്ഷമിക്കുന്ന പുരോഹിതനായും വെളിപ്പെടുത്തുന്ന പ്രവാചകനായും ജയിക്കുന്ന പൈതലായും കർത്താവ് നിങ്ങളെ അഭിഷേകം ചെയ്യും. ഈ നവംബർ മാസം നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും മേൽ അനുഗ്രഹകരമായ മഴ നിറഞ്ഞൊഴുകട്ടെ!
PRAYER:
സ്നേഹവാനായ പിതാവേ, പരിശുദ്ധാത്മാവിനെ എന്റെമേൽ അയച്ചതിന് അങ്ങേക്ക് നന്ദി. ഇന്ന് എന്റെ ജീവിതത്തിൽ അങ്ങയുടെ അനുഗ്രഹകരമായ മഴ പെയ്യട്ടെ. അങ്ങയുടെ ശക്തിയാൽ എന്നെ നിറയ്ക്കുകയും എല്ലാ ബലഹീനതയും നീക്കുകയും ചെയ്യേണമേ. എന്നെ യേശുവിന്റെ പ്രതിച്ഛായയിലേക്ക് രൂപാന്തരപ്പെടുത്തണമേ. എന്നെ വേദനിപ്പിച്ച എല്ലാവരോടും ക്ഷമിക്കാനുള്ള കൃപ എനിക്കു നൽകേണമേ. എന്റെ ഹൃദയത്തിലും എന്റെ ഭവനത്തിലും അങ്ങയുടെ സമാധാനം വാഴട്ടെ. സകല ബന്ധനങ്ങളെയും തകർത്ത് അങ്ങയുടെ ആത്മാവിലൂടെ സ്വാതന്ത്ര്യം കൊണ്ടുവരണമേ. അങ്ങയുടെ മഹത്വം വെളിപ്പെടുത്തുന്ന ഒരു പുരോഹിതനായും ഒരു പ്രവാചകനായും എന്നെ മറ്റേണമേ. എന്റെ ജീവിതം ക്രിസ്തുവിന്റെ പ്രത്യാശയാൽ മറ്റുള്ളവർക്കായി പ്രകാശിക്കട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


