എന്റെ സുഹൃത്തേ, എല്ലാ കാര്യങ്ങളിലും വിജയം നേടാനുള്ള കൃപ ദൈവം നിങ്ങൾക്ക് നൽകും. വചനം പറയുന്നു, "നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം." മരണത്തെ നശിപ്പിക്കുകയും കല്ലറയെ കീഴടക്കുകയും ചെയ്തത് അവനാണ്. ഏറ്റവും വലിയ ശത്രു മരണം തന്നെയാണ്, പക്ഷേ യേശു അതിനെ നശിപ്പിക്കുകയും ജയം നേടുകയും ചെയ്തു. അവന് മരണത്തെ ജയിക്കാൻ കഴിയുമെങ്കിൽ, നിങ്ങളുടെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളെയും ജയിക്കാൻ അവന് കഴിയില്ലേ? അതെ, നിങ്ങൾക്ക് എന്തുതന്നെ നേരിട്ടാലും അവൻ നിങ്ങളെ ഉയർത്തുകയും വിജയത്തോടെ നടത്തുകയും ചെയ്യും. അതുകൊണ്ടാണ് സങ്കീർത്തനം 108:13 ഇപ്രകാരം പ്രഖ്യാപിക്കുന്നത്, “ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും." ദൈവമാകുന്ന ഇമ്മാനൂവേൽ നമ്മോടുകൂടെയുള്ളപ്പോൾ വിജയം പിന്തുടരുന്നു. യേശു നമ്മോടുകൂടെ വന്നു, അവന്റെ പേരിന്റെ അർത്ഥം: ദൈവം നമ്മോടുകൂടെ എന്നാകുന്നു.
ദൈവം നിങ്ങളോടൊപ്പമുള്ളപ്പോൾ അവൻ നിങ്ങൾക്ക് വിജയം നൽകുന്നു, നിങ്ങളുടെ ശത്രുക്കളെ കോപത്താൽ അടിച്ചമർത്തുന്നതിലൂടെയല്ല, മറിച്ച് അനുഗ്രഹത്താൽ നിങ്ങളെ ഉയർത്തുന്നതിലൂടെ തന്നെ. എന്തുകൊണ്ടാണ് ദൈവം തന്റെ മക്കളെ കഷ്ടപ്പെടാൻ അനുവദിക്കുന്നതെന്നും, കള്ളം പറയാനും പരദൂഷണം പറയാനും മന്ത്രവാദം ചെയ്യാനും പണം ആവശ്യപ്പെടാനും കുടുംബങ്ങളെ ഭിന്നിപ്പിക്കാനും ദുഷ്ടന്മാരെ അനുവദിക്കുന്നതെന്നും ആരോ അടുത്തിടെ എന്നോട് ചോദിച്ചു. ഞാൻ മറുപടി നൽകി, ആളുകളെ നശിപ്പിക്കുന്നതിൽ ദൈവത്തിന് പങ്കില്ല. യേശു വന്നത് ശിക്ഷിക്കാനല്ല, രക്ഷിക്കാനാണ്. അവൻ ഓരോ ആത്മാവിനെയും തന്റെപൈതലായി കാണുന്നു, അവൻ എല്ലാവർക്കും വേണ്ടി മരിച്ചു. അതിനാൽ തിന്മ ചെയ്യുന്നവരെ ദൈവം നശിപ്പിക്കുമെന്ന് പ്രതീക്ഷിക്കരുത്. രൂപാന്തരപ്പെടുത്തുന്നതിന്റെയും അനുഗ്രഹിക്കുന്നതിന്റെയും ജോലിയിലാണ് അവൻ. ശത്രുക്കൾ ഉയരുമ്പോൾ ദൈവം അവരുടെ മുൻപിൽ ഒരു വിരുന്നൊരുക്കുകയും നിങ്ങളുടെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്യുന്നു. അവൻ നിങ്ങളുടെ മക്കളെയും നിങ്ങളുടെ കൈകളെയും നിങ്ങളുടെ ജോലിയെയും നിങ്ങളുടെ ജീവിതത്തെയും അനുഗ്രഹിക്കുന്നു. നിങ്ങളുടെ ശത്രുക്കൾ അത് കണ്ട് പല്ലുകടിക്കും. ഒടുവിൽ, അവർ ഒന്നുകിൽ അനുതപിക്കുകയോ അല്ലെങ്കിൽ യൂദാസിനെപ്പോലെ സ്വയം നശിപ്പിക്കുകയോ ചെയ്യും. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെ അവന്റെ ശക്തിയാൽ നശിപ്പിക്കാമായിരുന്നു. എന്നാൽ യേശു അവനോടു: “സ്നേഹിതാ, നീ വന്ന കാര്യം എന്തു” എന്നു ചോദിച്ചു. അതാണ് യേശു. തന്നെ ശപിക്കുന്നവരെ അവൻ അനുഗ്രഹിക്കുന്നു. തന്നെ ഉപദ്രവിച്ചവർക്കുവേണ്ടി അവൻ പ്രാർത്ഥിക്കുന്നു. തന്നെ ക്രൂശിച്ചവർക്കുവേണ്ടി അവൻ പാപമോചനത്തിനായി കരഞ്ഞു. എന്നാൽ യൂദാസിനെപ്പോലെ അനുതപിക്കാത്തവർ സ്വന്തം കൈകളാൽ തന്നെ നശിച്ചു.
അതിനാൽ നിങ്ങൾക്കുവിരോധമായി വരുന്നവരെക്കുറിച്ച് വിഷമിക്കേണ്ട. പകരം, ഇയ്യോബ് ചെയ്തതുപോലെ അവർക്കുവേണ്ടി പ്രാർത്ഥിക്കുക. അവരുടെ രക്ഷയ്ക്കായി പ്രാർത്ഥിക്കുക. ദൈവം നിങ്ങളെ ഇരട്ടിയായി അനുഗ്രഹിക്കുമെന്നും നിങ്ങളിൽ നിന്ന് എടുത്തതെല്ലാം പുനഃസ്ഥാപിക്കുമെന്നും വിശ്വസിക്കുക. ഇതാണ് യഥാർത്ഥ വിജയം. ഇതാണ് ദൈവം പ്രവർത്തിക്കുന്ന വഴി. അവൻ നിങ്ങളോടുകൂടെ ഉണ്ട്, അവൻ നിങ്ങളെ വർദ്ധിപ്പിക്കും, നിങ്ങൾ അവനോടൊപ്പം സ്വർഗീയ സ്ഥലങ്ങളിൽ നടക്കും. നിങ്ങൾക്ക് കുറച്ച് ശത്രുക്കൾ മാത്രമേ ഉണ്ടാകൂ, എന്നാൽ നിങ്ങളെ സ്നേഹിക്കാനായി കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുണ്ട്. അതായിരുന്നു എന്റെ ജീവിതത്തിലെ അനുഭവം. നിങ്ങളുടെ ഹൃദയം യേശുവിൽ ആനന്ദിക്കട്ടെ. നിങ്ങളുടെ ശത്രുക്കൾ ഒന്നുകിൽ പശ്ചാത്തപിക്കുകയും നിങ്ങളുടെ സുഹൃത്തുക്കളാകുകയും ചെയ്യും, അല്ലെങ്കിൽ അവർ സ്വന്തം വഴികളിൽ വീണു പോകും. അതേസമയം, നിങ്ങളെ വലിയ ഉയരങ്ങളിലേക്ക് ഉയർത്തുകയും അവന്റെ തക്ക സമയത്ത് സ്വർഗത്തിൽ പ്രവേശിക്കാനുള്ള കൃപ ലഭിക്കുകയും ചെയ്യും.
PRAYER:
പ്രിയ കർത്താവേ, അങ്ങ് എന്റെ 'ഇമ്മാനൂവേൽ' ആയിരിക്കുന്നതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങ് മരണത്തെ നശിപ്പിക്കുകയും എന്റെ ജീവിതത്തിലെ എല്ലാ പരീക്ഷണങ്ങളിലും എനിക്ക് വിജയം നൽകുകയും ചെയ്തു. ദുഷ്ടത, നുണകൾ, വഞ്ചന എന്നിവയുടെ പശ്ചാത്തലത്തിൽ പോലും അങ്ങ് എന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവേ, എന്റെ ശത്രുക്കൾക്ക് ദോഷം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അങ്ങ് ചെയ്തതുപോലെ ഞാൻ അവർക്കായി പ്രാർത്ഥിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യും. ക്ഷമിക്കാനുള്ള അങ്ങയുടെ കൃപ, സഹിക്കാനുള്ള ധൈര്യം, അങ്ങ് എന്റെ യുദ്ധങ്ങൾ നടത്തുകയാണെന്ന് വിശ്വസിക്കാനുള്ള വിശ്വാസം എന്നിവയാൽ എന്നെ നിറയ്‌ക്കേണമേ. എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുകയും എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം പുനഃസ്ഥാപിക്കുകയും ചെയ്യേണമേ. ഞാൻ എന്റെ സ്വർഗ്ഗീയ വാസസ്ഥലത്ത് എത്തുന്നതുവരെ അങ്ങയുടെ വെളിച്ചത്തിൽ നടക്കാൻ എന്നെ സഹായിക്കണമേ. കർത്താവേ, എന്നെ ഇത്രയും ആഴമായി സ്നേഹിച്ചതിന് അങ്ങേക്ക് നന്ദി. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.