പ്രിയ സുഹൃത്തേ, നാം ഒരു പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, ഇന്ന് കർത്താവ് നിങ്ങളെ പ്രത്യേകമായി അനുഗ്രഹിക്കാൻ പോകുന്നു. "അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല" എന്ന് റോമർ 10:11 പറയുന്നു. ഏത് സാഹചര്യത്തെയും തലകീഴാക്കി മാറ്റാൻ ദൈവത്തിന് കഴിയും. നിങ്ങളുടെ എല്ലാ ലജ്ജയും ബഹുമാനമാക്കി മാറ്റാൻ അവന് കഴിയും. ആളുകൾ നിങ്ങൾക്ക് ദോഷം ചെയ്യാൻ ഉദ്ദേശിച്ചേക്കാം, പക്ഷേ കർത്താവ് എല്ലാം നന്മയാക്കി മാറ്റും. അതുകൊണ്ടാണ് നിങ്ങൾ ഒരിക്കലും ലജ്ജിക്കപ്പെടില്ലെന്ന് വേദപുസ്തകം വാഗ്ദാനം ചെയ്യുന്നത്. അവസാനം മഹത്വപൂർണ്ണമായിരിക്കും. കർത്താവിൽ ആശ്രയിക്കുന്നവർ ഒരിക്കലും നിരാശരാകില്ല. നിങ്ങൾക്ക് മനോഹരമായ ഭാവിയുണ്ടാകും. തീർച്ചയായും നിങ്ങൾക്ക് ഒരു ഭാവിയും പ്രത്യാശയും ഉണ്ടായിരിക്കും. നിങ്ങളുടെ പ്രത്യാശ മുറിക്കപ്പെടുകയില്ല. പ്രയാസകരമായ സമയങ്ങളിൽ പോലും, ഭാവിയെക്കുറിച്ച് ഉറപ്പുള്ള പ്രതീക്ഷയുണ്ട്, നിങ്ങൾ ഒരിക്കലും നിരാശരാകില്ല.

ഹബക്കൂക് 2:4-ൽ വേദപുസ്തകം പറയുന്നു, അഹങ്കാരികളെ നോക്കുക; അവർ നേരുള്ളവരല്ല; അവർ തങ്ങളിൽത്തന്നെ ആശ്രയിക്കുന്നു, എന്നാൽ നീതിമാന്മാർ അവരുടെ വിശ്വാസത്താൽ ജീവിക്കും. നീതിമാന്മാർ യേശുവിൽ പൂർണ്ണമായും ആശ്രയിക്കുന്നു, കർത്താവ് അവരെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. നാം വിശ്വസിക്കണം; അതെ, അവന്റെ വചനത്തിൽ വിശ്വസിക്കുകയും അവന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുകയും വേണം. മത്തായി 8:5-10-ൽ നാം കാണുന്നതുപോലെ റോമൻ ശതാധിപൻ ചെയ്തത് അതുതന്നെയാണ്. അവൻ ഒരു റോമക്കാരനായിരുന്നെങ്കിലും, ഒരു റോമക്കാരന് യഹൂദന്മാരിൽ വിശ്വസിക്കാൻ കഴിയുമായിരുന്നില്ലെങ്കിലും അവൻ ഒരു യഹൂദനായ യേശുവിൽ വിശ്വസിച്ചു. തന്റെ ബാല്യക്കാരൻ പൂർണ്ണമായും തളർന്നുപോയിരിക്കുന്നു, അവനെ സൗഖ്യമാക്കണമെന്ന് അവൻ യേശുവിനോട് അപേക്ഷിച്ചു. 

യേശു പറഞ്ഞു, "ഞാൻ നിന്റെ വീട്ടിലേക്ക് വരട്ടെ", എന്നാൽ ശതാധിപൻ മറുപടി പറഞ്ഞു, "കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൌഖ്യം വരും." അവൻ പറഞ്ഞു, "ഞാനും അധികാരത്തിൻ കീഴുള്ള ഒരു മനുഷ്യനാണ്, എന്റെ കീഴിൽ നിരവധി പടയാളികളുണ്ട്, എങ്കിലും ഞാൻ അങ്ങയുടെ വചനത്തിൽ വിശ്വസിക്കുന്നു". അവൻ്റെ ബാല്യക്കാരൻ സൌഖ്യം പ്രാപിക്കും എന്നു കർത്താവ് അരുളിച്ചെയ്തു; ആ നിമിഷം തന്നേ അവൻ്റെ ബാല്യക്കാരൻ തൻ്റെ വിശ്വാസപ്രകാരം സൌഖ്യം പ്രാപിച്ചു. കർത്താവ് അവന്റെ വിശ്വാസത്തെ വിലമതിക്കുകയും, "യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല" എന്ന് പറയുകയും ചെയ്തു. പ്രിയ സുഹൃത്തേ, നിങ്ങൾ എല്ലാ വിധത്തിലും സമ്മർദ്ദത്തിലായിരിക്കുകയും ആശയക്കുഴപ്പത്തിലാകുകയും ചെയ്തേക്കാം, എന്നിട്ടും യേശുവിനെ മുറുകെപ്പിടിക്കുന്നു. നിങ്ങൾ ഒരിക്കലും നിരാശരാകില്ല. നിങ്ങൾ ദൈവത്തിന്റെ വാഗ്ദാനങ്ങൾ  മുറുകെ പിടിക്കുമ്പോൾ, അവൻ നിങ്ങളെ ഒരിക്കലും ലജ്ജിപ്പിക്കുകയില്ല. വിശ്വസിച്ചാൽ മതി. ഒരിക്കലും നിരാശരാകരുത്. ദൈവത്തിന്റെ വചനം തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ യാഥാർത്ഥ്യമാകും, ഇന്നും കർത്താവ് നിങ്ങളുടെ എല്ലാ  ലജ്ജയെയും ബഹുമാനമാക്കി മാറ്റുന്നു.

PRAYER:
സ്വർഗ്ഗീയ പിതാവേ, ഞാൻ അങ്ങിൽ വിശ്വാസം അർപ്പിക്കുമ്പോൾ അങ്ങയുടെ അനുഗ്രഹങ്ങൾ എന്റെ ജീവിതത്തിലേക്ക് വരട്ടെ. ആളുകൾ എന്നെ നിരാശപ്പെടുത്തിയിട്ടുണ്ടാകാം, എനിക്ക് ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കാം. എന്നാൽ കർത്താവേ, അങ്ങേയ്ക്ക് ഒന്നും അസാധ്യമല്ലെന്ന് എനിക്കറിയാം. അങ്ങ് എല്ലാ തിന്മകളെയും നന്മയാക്കി മാറ്റും, എന്റെ ജീവിതത്തിൽ സംഭവിച്ചതെന്തും അങ്ങ് മാറ്റും. ലജ്ജയ്ക്ക് പകരം, എനിക്ക് ഇരട്ടി ബഹുമാനം ലഭിക്കട്ടെ. ഞാൻ എവിടെയൊക്കെ ലജ്ജ അനുഭവിച്ചുവോ, അതേ സ്ഥലങ്ങളിൽ തന്നെ എന്നെ ഉയർത്തി മാനിക്കണമേ. ഞാൻ വീണ്ടും വീണ്ടും പരാജയപ്പെട്ടിട്ടുണ്ടാകാമെങ്കിലും, എല്ലാ പരാജയങ്ങളെയും വിജയമാക്കി മാറ്റണമേ. കർത്താവേ, ഞാൻ കാത്തിരിക്കുകയായിരുന്നു; അത് ഇന്ന് സംഭവിക്കട്ടെ. ദയവായി എന്റെ ജീവിതത്തിലെ എല്ലാ വാഗ്‌ദത്തങ്ങളും നിറവേറ്റണമേ, ഞാൻ അങ്ങയുടെ വാഗ്ദാനങ്ങൾ മുറുകെ പിടിക്കുമ്പോൾ, ഇന്ന് എന്റെ അത്ഭുതം ഞാൻ സ്വീകരിക്കട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.