എന്റെ പ്രിയ സുഹൃത്തേ, ഇന്നത്തെ വാഗ്‌ദത്തം സങ്കീർത്തനം 20:2-ൽ നിന്നുള്ളതാണ് - “അവൻ വിശുദ്ധമന്ദിരത്തിൽനിന്നു നിനക്കു സഹായം അയക്കുമാറാകട്ടെ. സീയോനിൽനിന്നു നിന്നെ താങ്ങുമാറാകട്ടെ.” ജീവിതത്തിൽ പലപ്പോഴും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ നമ്മുടെ വരുമാനം മതിയാകാതെ പോകുന്ന സാഹചര്യം നേരിടേണ്ടി വന്നേക്കാം. വാടക, ഫീസ്, ഇ.എം.ഐകൾ, കടം എന്നിവ അടയ്ക്കേണ്ടിവരുമ്പോഴും കുടുംബത്തെ പോറ്റാൻ മതിയാകുന്നത്ര ബാക്കി ഉണ്ടാകാതെ പോയേക്കാം. നിങ്ങൾ എത്ര ശ്രമിച്ചാലും എപ്പോഴും കുറവിൽ തന്നെ കഴിയുന്നുവെന്ന് തോന്നിയേക്കാം. എന്നാൽ അത്തരത്തിലുള്ള സമയങ്ങളിൽ, കർത്താവു തന്റെ ദൈവികമായ സഹായം അയയ്ക്കുമെന്നു വാഗ്ദാനം ചെയ്യുന്നു. അവന്റെ സഹായം മനുഷ്യരിൽ നിന്നല്ല വരുന്നത്, ദൈവത്തിന്റെ സ്വർഗ്ഗീയ സിംഹാസനമായ സീയോനിൽ നിന്നായിരിക്കും.
നാം ദൈവത്തിൽ ആശ്രയിക്കുകയും സത്യസന്ധതയോടെ ജീവിക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മെ ഒരിക്കലും അഭാവത്തിൽ വിടുകയില്ല. ഫിലിപ്പിയർ 4:19-ൽ വേദപുസ്തകം ഇപ്രകാരം പറയുന്നു, "എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും." (ഫിലിപ്പി 4:19). തന്റെ മക്കളുടെ എല്ലാ ആവശ്യങ്ങളും ശരിയായ സമയത്തും ശരിയായ രീതിയിലും നിറവേറ്റാൻ ദൈവത്തിന് കഴിയുമെന്നാണ് ഇതിനർത്ഥം. നിങ്ങൾക്ക് അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ പരിഹരിക്കാൻ ദൈവത്തിന് ഒരു നിമിഷത്തിനുള്ളിൽ കഴിയും. സമൃദ്ധമായി നൽകാൻ അവൻ അപ്പവും മത്സ്യവും വർദ്ധിപ്പിച്ചതുപോലെ, നിങ്ങൾക്കുള്ള ചെറിയ അളവ് വർദ്ധിപ്പിക്കാൻ അവന് കഴിയും. ഭയപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യരുത്. ദൈവം വിശ്വസ്തനാണ്, തീർച്ചയായും അവൻ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റും.
അതിനാൽ, എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നമുക്ക് പ്രാർത്ഥനയിൽ കർത്താവിന്റെ സന്നിധിയിൽ വരാം. നിങ്ങൾ കടം, ബില്ലുകൾ അല്ലെങ്കിൽ ദൈനംദിന ആവശ്യങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുകയാണെങ്കിൽ, ദൈവം നിങ്ങൾക്കായി ഒരു അത്ഭുതം ചെയ്യുമെന്ന് വിശ്വസിക്കുക. അവൻ തന്റെ സഹായവും പിന്തുണയും മുകളിൽ നിന്ന് അയയ്ക്കും. അവൻ നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുകയും നിങ്ങളുടെ മക്കളെ അനുഗ്രഹിക്കുകയും നിങ്ങളുടെ കൈകളുടെ അദ്ധ്വാനഫലം വർദ്ധിപ്പിക്കുകയും ചെയ്യും. അവനെ പൂർണ്ണമായും വിശ്വസിക്കുക, അപ്പോൾ നിങ്ങളുടെ ജീവിതത്തിൽ അവന്റെ അനുഗ്രഹത്തിന്റെ കരം നിങ്ങൾ കാണും. ദൈവം നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ശരിയായ സമയത്ത് നിറവേറ്റുകയും നിങ്ങളുടെ പോരാട്ടങ്ങളിൽ നിന്ന് നിങ്ങളെ ഉയർത്തുകയും ചെയ്തുവെന്ന് വളരെ വേഗം നിങ്ങൾ സാക്ഷ്യപ്പെടുത്തും.
PRAYER:
സ്നേഹവാനായ പിതാവേ, എന്റെ എല്ലാ ആവശ്യങ്ങളുമായി ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. കർത്താവേ, കടങ്ങളും ചെലവുകളും കൊണ്ട് ഞാൻ ബുദ്ധിമുട്ടുകയാണ്. ഇന്ന് തന്നെ വിശുദ്ധമന്ദിരത്തിൽ നിന്ന് അങ്ങയുടെ സഹായം അയയ്ക്കണമേ. സീയോനിൽ നിന്ന് എന്നെ താങ്ങുകയും എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്യണമേ. എന്റെ കയ്യിലുള്ള ചെറിയതു വർദ്ധിപ്പിക്കേണമേ. എന്റെ ഫീസുകൾ, ബില്ലുകൾ, വാടക എന്നിവ കൃത്യസമയത്ത് അടയ്ക്കാൻ എന്നെ സഹായിക്കേണമേ. കടത്തിന്റെ എല്ലാ ഭാരവും നീക്കുകയും എനിക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യേണമേ. എന്റെ കുടുംബത്തെയും, എന്റെ മക്കളെയും, എന്റെ കൈകളുടെ പ്രവൃത്തിയെയും അനുഗ്രഹിക്കണമേ. അങ്ങയുടെ മഹത്വത്തിലുള്ള ധനത്തിനൊത്തവണ്ണം എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.