യോഹന്നാൻ 15:15-ൽ നിന്ന് കർത്താവ് ഇന്ന് നിങ്ങളോട് സംസാരിക്കുന്നു, “ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു.” എത്ര മഹത്തായ പദവി! ദൈവം നിങ്ങളെ തന്റെ ദാസൻ എന്ന് മാത്രമല്ല, തന്റെ സ്നേഹിതൻ എന്നും വിളിക്കുന്നു. മറ്റൊരാളുടെ ഹൃദയവും രഹസ്യങ്ങളും പദ്ധതികളും അറിയുന്ന ഒരാളാണ് ഒരു സ്നേഹിതൻ. തന്റെ രഹസ്യങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്തിത്തരുമെന്നും (ആമോസ് 3:7) തന്റെ ഹിതപ്രകാരം നടക്കാൻ നിങ്ങളെ ശക്തിപ്പെടുത്തുമെന്നും കർത്താവ് വാഗ്ദാനം ചെയ്യുന്നു. സദൃശവാക്യങ്ങൾ 17:17 പറയുന്നതുപോലെ, “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു." കർത്താവ് നിങ്ങളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യും (ആവർത്തനം 7:13). അബ്രഹാം ദൈവത്തിന്റെ സ്നേഹിതൻ എന്ന് വിളിക്കപ്പെട്ടു, അവൻ ദൈവത്തോടൊപ്പം പ്രാവചനികമായി നടന്നതിനാൽ, അവൻ വഹിച്ച വാഗ്‌ദത്തങ്ങൾ ഇന്നും ഇസ്രായേൽ ദേശത്തെ നിലനിർത്തുന്നു. അതുപോലെ, നിങ്ങൾ ദൈവത്തിന്റെ ഒരു സുഹൃത്തായി നടക്കുമ്പോൾ, അവന്റെ വാഗ്‌ദത്തങ്ങൾ നിങ്ങളിലൂടെയും നിങ്ങളുടെ തലമുറകളിലൂടെയും നിറവേറും.

ദൈവം നിങ്ങളെ തന്റെ സ്നേഹിതൻ എന്ന് വിളിക്കുക മാത്രമല്ല, പ്രാവചനികമായി നിങ്ങളെ അഭിഷേകം ചെയ്യാനും ആഗ്രഹിക്കുന്നു. അപ്പൊ. പ്രവൃത്തികൾ 2:17 പറയുന്നു, “ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും." ദാനിയേലിനു രഹസ്യങ്ങൾ വെളിപ്പെടുത്തുകയും (ദാനിയേൽ 2:28) മിസ്രയീമിലെ ക്ഷാമത്തെക്കുറിച്ച് യോസേഫിന് ജ്ഞാനം നൽകുകയും ചെയ്തതുപോലെ പരിശുദ്ധാത്മാവ് ഭാവിയെക്കുറിച്ച് നിങ്ങൾക്ക് വെളിപ്പെടുത്തും (ഉൽപത്തി 41:25). അതുപോലെ തന്നെ, വരാനിരിക്കുന്ന കാര്യങ്ങളെ നിങ്ങൾക്കു കാണിച്ചുതരാൻ കർത്താവിന്നു കഴിയും; അതുവഴി നിങ്ങൾക്ക് പ്രാർത്ഥിക്കാനും, തയ്യാറെടുക്കാനും, മറ്റുള്ളവരെ നയിക്കാനും കഴിയും. ഭയപ്പെടുത്താനല്ല, തന്റെ സ്നേഹിതന്മാർ ഭൂമിയിൽ അവന്റെ രാജ്യം സ്ഥാപിക്കേണ്ടതിനായി അവരെ ശക്തിപ്പെടുത്തുവാനാണ് അവൻ തന്റെ ഹൃദയം വെളിപ്പെടുത്തുന്നത്. ദൈവത്തിന്റെ സ്നേഹിതനായി നിങ്ങൾ ഈ വിളി ഏറ്റെടുക്കുമ്പോൾ, നിങ്ങൾ അവന്റെ രഹസ്യങ്ങൾ കേൾക്കുക മാത്രമല്ല, കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും രാജ്യങ്ങൾക്കും വേണ്ടി മധ്യസ്ഥത വഹിക്കാനുള്ള അവന്റെ അധികാരം വഹിക്കുകയും ചെയ്യും.

നമ്മുടെ കാലത്തും ദൈവം തന്റെ പദ്ധതികൾ തന്റെ  സ്നേഹിതന്മാർക്ക് വെളിപ്പെടുത്തുന്നത് തുടരുന്നു. രാഷ്ട്രങ്ങൾ, പ്രകൃതി സംഭവങ്ങൾ, സഭയുടെ ദൌത്യം എന്നിവയെക്കുറിച്ചുള്ള ദർശനങ്ങളും സ്വപ്നങ്ങളും പ്രവചനങ്ങളും പരിശുദ്ധാത്മാവ് കാണിക്കുന്നു. ഈ വെളിപ്പാടുകൾ നമ്മെ മഹത്വപ്പെടുത്തുവാനല്ല, മറിച്ച് പ്രാർത്ഥനയിൽ നിൽക്കാനും ഉണർവ്വിലേക്ക് നയിക്കാനും നമ്മെ ഒരുക്കാനാണ്. ദൈവം അബ്രാഹാമിനെയും, ദാനീയേലിനെയും, യോസേഫിനെയും തന്റെ പദ്ധതികൾ ഏല്പിച്ചതുപോലെ, ഇപ്പോൾ അവൻ നിങ്ങളെയും ഏല്പിക്കുവാൻ ആഗ്രഹിക്കുന്നു. ഭൂമിയിൽ തന്റെ രാജ്യം സ്ഥാപിതമാകുന്നത് കാണാൻ പ്രാർത്ഥിക്കുകയും മധ്യസ്ഥത വഹിക്കുകയും തന്നോട് പങ്കാളികളാകുകയും ചെയ്യുന്ന തന്റെ സ്നേഹിതരാകാൻ അവൻ നിങ്ങളെ വിളിക്കുന്നു. നിങ്ങൾ അവനോടൊപ്പം അവന്റെ സ്നേഹിതരായി നടക്കുമ്പോൾ, നിങ്ങൾ അവന്റെ സ്നേഹം അറിയുകയും അവന്റെ ശബ്ദം കേൾക്കുകയും പലരെയും അനുഗ്രഹിക്കാനുള്ള അവന്റെ ശക്തി വഹിക്കുകയും ചെയ്യും.

PRAYER:
സ്നേഹവാനായ പിതാവേ, എന്നെ അങ്ങയുടെ സ്നേഹിതൻ എന്ന് വിളിച്ചതിന് അങ്ങേക്ക് നന്ദി. അങ്ങയുടെ ആത്മാവിനാൽ അങ്ങയുടെ രഹസ്യങ്ങളും പദ്ധതികളും എനിക്ക് വെളിപ്പെടുത്തേണമേ. ജനങ്ങൾക്കും രാഷ്ട്രങ്ങൾക്കും വേണ്ടി മധ്യസ്ഥത വഹിക്കാൻ എന്നെ പ്രാവചനിക കൃപയാൽ അഭിഷേകം ചെയ്യേണമേ. സ്നേഹത്തോടും അനുസരണയോടും കൂടെ നടക്കാൻ എന്നെ സഹായിക്കണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.