ക്രിസ്തുവിലുള്ള പ്രിയ സുഹൃത്തേ, സങ്കീർത്തനം 40:1 ൽ നിന്നുള്ള ദൈവത്തിന്റെ ജീവനുള്ള വചനം നിങ്ങളുമായി പങ്കുവയ്ക്കുന്നത് സന്തോഷകരമാണ്. "ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു." എത്ര ശക്തമായ ഒരു വാക്യം! ക്ഷമയോടെ കാത്തിരിക്കുന്നത് ഒരിക്കലും എളുപ്പമല്ല, പ്രത്യേകിച്ച് നമ്മുടെ ഹൃദയങ്ങൾ അസ്വസ്ഥമാകുമ്പോൾ, പ്രശ്നങ്ങൾ നമ്മെ തളർത്തുമ്പോൾ, ഉടനടി ഉത്തരങ്ങൾക്കായി നാം കൊതിക്കുന്നു. നമ്മുടെ വേദനകൾക്കും, കുടുംബപ്രശ്നങ്ങൾക്കും, സാമ്പത്തികാവശ്യങ്ങൾക്കും നാം വേഗത്തിൽ പരിഹാരങ്ങൾ തേടുന്നു. എങ്കിലും, ദൈവം തന്റെ ജ്ഞാനത്തിൽ, നമ്മെ  ഉപദ്രവിക്കാനല്ല, വിശ്വാസം ശക്തിപ്പെടുത്തുവാനായി പലപ്പോഴും കാത്തിരിപ്പിന് അനുവദിക്കുന്നു. വിശ്വാസം ആഴത്തിൽ വേരൂന്നുവാനുള്ള മണ്ണാണ് ക്ഷമ. ദൈവത്തിനായി കാത്തിരിക്കാൻ നാം തിരഞ്ഞെടുക്കുമ്പോൾ, അതിനർത്ഥം നാം നമ്മുടെ സമയക്രമം അവന്റെ പരിപൂർണഹിതത്തിന്  സമർപ്പിക്കുന്നു എന്നതാണ്. അവന്റെ സമയം വരുമ്പോൾ തീർച്ചയായും അവൻ നമ്മുടെ നിലവിളി കേൾക്കുകയും നമുക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യും.

ഏലീയാവിനെ പിന്തുടർന്ന എലീശയുടെ ഉദാഹരണം വേദപുസ്തകം നമുക്ക് നൽകുന്നു. നീ ഇവിടെ താമസിച്ചു കൊൾക എന്ന് ഏലിയാവ് അവനോട് പറഞ്ഞിട്ടും, ദൈവത്തിൻറെ അഭിഷേകത്തിൻറെ അനുഗ്രഹത്തിനായി ക്ഷമയോടെ കാത്തിരുന്ന എലീശാ നിശ്ചയദാർഢ്യത്തോടെ അവനെ പിന്തുടർന്നു. അവന്റെ സ്ഥിരോത്സാഹം കാരണം, അവന് ആത്മാവിന്റെ ഇരട്ടി പങ്ക് ലഭിച്ചു. അതുപോലെ തന്നെ, തളരാതെ അവനെ മുറുകെ പിടിക്കുന്നവരെ ദൈവം ആദരിക്കുന്നു. പ്രിയ സുഹൃത്തേ, നിങ്ങളുടെ പ്രാർത്ഥനകൾ വൈകുന്നതുപോലെ തോന്നാം; എന്നാൽ ഓർക്കുക, വൈകുന്നത് നിരസിക്കൽ അല്ല. ദൈവം ഏറ്റവും മികച്ച ഉത്തരത്തിനായി ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ക്ഷമ ബലഹീനതയല്ല; അത് വിശ്വാസത്താൽ പൊതിഞ്ഞിരിക്കുന്ന ശക്തിയാണ്. നിങ്ങൾ ചിന്തുന്ന കണ്ണുനീർ ഒക്കെയും യഹോവ കാണുന്നു; അവൻ സകല നിലവിളിയും കേൾക്കുന്നു. തീർച്ചയായും അവൻ നിങ്ങളെ കുഴിയിൽ നിന്ന് ഉയർത്തുകയും പാറമേൽ നിർത്തുകയും പുതിയോരു പാട്ടു നിങ്ങളുടെ വായിൽ തരുകയും ചെയ്യും.

പ്രിയപ്പെട്ടവരേ, ഒരുപക്ഷേ നിങ്ങൾ ഇന്ന് രോഗശാന്തിക്കായോ നിങ്ങളുടെ ജോലിയിലെ ഒരു വഴിത്തിരിവിനോ നിങ്ങളുടെ മക്കളുടെ ജീവിതത്തിൽ മാറ്റം വരുത്താനോ നിങ്ങളുടെ കുടുംബത്തിലെ സമാധാനത്തിനോ കാത്തിരിക്കുകയായിരിക്കാം. ഈ വാഗ്‌ദത്തം നിങ്ങളെ ആശ്വസിപ്പിക്കട്ടെ: "അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.” ഇപ്പോൾതന്നെ കർത്താവ് കരുണയോടെ നിങ്ങളിലേക്ക് തിരിയുന്നു. ഒന്നുമില്ലായ്മയിൽ നിന്ന്  അവൻ എന്തെങ്കിലും സൃഷ്ടിക്കും. അവൻ നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുകയും നിങ്ങളുടെ സാമ്പത്തികം വർദ്ധിപ്പിക്കുകയും ബന്ധങ്ങൾ പുനഃസ്ഥാപിക്കുകയും പാപത്തിന്മേൽ നിങ്ങൾക്ക് വിജയം നൽകുകയും ചെയ്യും. നിരാശപ്പെടരുത്.  നിങ്ങളെ വിളിച്ച ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ക്ഷമയ്ക്ക് പ്രതിഫലം ലഭിക്കും. "കർത്താവ് എന്റെ സങ്കേതം, എന്റെ കോട്ട, എന്റെ ദൈവം, ഞാൻ അവനിൽ ആശ്രയിക്കുന്നു" എന്ന് ഏറ്റുപറഞ്ഞുകൊണ്ട് അവന്റെ സന്നിധിയിൽ വസിക്കുന്നത് തുടരുക. താമസിയാതെ നിങ്ങളുടെ വിലാപം നൃത്തമായി മാറുകയും നിങ്ങളുടെ കാത്തിരിപ്പ് അവന്റെ ശക്തിയുടെ സാക്ഷ്യമായി  തീരുകയും ചെയ്യും.

PRAYER:
സ്നേഹവാനായ പിതാവേ, ഇന്ന് അങ്ങയുടെ വചനത്തിന്റെ ദാനത്തിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ക്ഷമയോടെ അങ്ങേക്കായി കാത്തിരിക്കാൻ എന്നെ പഠിപ്പിച്ചതിന് നന്ദി. കർത്താവേ, എന്റെ നിലവിളി കേട്ടു അങ്ങയുടെ കാരുണ്യത്താൽ എനിക്കു ഉത്തരം അരുളേണമേ. എന്റെ കണ്ണുനീർ തുടച്ച് എന്റെ ഹൃദയത്തിൽ സമാധാനം നിറയ്‌ക്കേണമേ. എന്റെ സാമ്പത്തികാവസ്ഥയെ അനുഗ്രഹിക്കുകയും എന്റെ കൈയിലുള്ളതിനെ വർദ്ധിപ്പിക്കുകയും ചെയ്യേണമേ. എൻറെ മക്കളെ സ്പർശിക്കുകയും അവരുടെ ഹൃദയങ്ങൾ അങ്ങിലേക്ക് തിരിക്കുകയും ചെയ്യേണമേ. എന്റെ ജോലിസ്ഥലത്ത് എനിക്ക് സ്ഥാനക്കയറ്റങ്ങളും പുതിയ അവസരങ്ങളും നൽകേണമേ. പാപത്തിന്റെ അടിമത്തത്തിൽ നിന്ന് എന്നെ മോചിപ്പിക്കുകയും എനിക്ക് വിജയം നൽകുകയും ചെയ്യേണമേ. അങ്ങയുടെ ആത്മാവിനെ എൻറെ കുടുംബത്തിൻമേൽ ചൊരിയുകയും സ്നേഹത്തിൽ ഞങ്ങളെ ഒന്നിപ്പിക്കുകയും ചെയ്യേണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.