പ്രിയ സുഹൃത്തേ, സങ്കീർത്തനം 89:15-ൽ വേദപുസ്തകം പറയുന്നു, “ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും." യഹൂദ ജനതയ്ക്ക് ഈ ജയഘോഷം അറിയാം. യഹൂദാ പുതുവർഷത്തെ കാഹളങ്ങളുടെ ദിവസം എന്നു അറിയപ്പെടുന്നു, അതായത് ആ ദിവസം ആർപ്പുവിളിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യുക എന്നതുതന്നെ. പുതുവത്സര ദിനത്തിൽ മാത്രമല്ല, അവർ ഏത് ഉത്സവം ആഘോഷിക്കുമ്പോഴും ആദ്യം കാഹളം ഊതുന്നു. അതുകൊണ്ടാണ് വേദപുസ്തകം മറ്റൊരു പരിഭാഷയിൽ, "ഉത്സവ ആർപ്പുവിളികൾ അറിയുന്ന ജനം ഭാഗ്യവാന്മാർ" എന്ന് പറയുന്നത്. യഹൂദന്മാർ ദൈവത്തെ സ്തുതിക്കുകയും ഉച്ചത്തിൽ സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്യുന്നു. പുതുവത്സര ദിനത്തിൽ പോലും അവർ ഉച്ചത്തിൽ കാഹളം ഊതുന്നു. അവർ പത്ത് ദിവസം പുതുവർഷം ആഘോഷിക്കുകയും പത്താം ദിവസം തങ്ങളുടെ പാപങ്ങൾ ഏറ്റുപറയുകയും കർത്താവിന്റെ മുമ്പാകെ അനുതപിക്കുകയും ചെയ്യുന്നു. അതിനുശേഷം മാത്രമേ വർഷം മുഴുവനും കർത്താവിനൊടൊപ്പം നടക്കാൻ കഴിയൂ എന്ന് അവർ വിശ്വസിക്കുന്നു. അതുപോലെ, നമ്മുടെ പാപങ്ങൾ കർത്താവിന്റെ മുമ്പാകെ ഏറ്റുപറയുമ്പോൾ, നമുക്ക് അവന്റെ ആത്മാവിനൊടൊപ്പം നടക്കാം.

ഗലാത്യർ 5:24-ൽ, ക്രിസ്തുയേശുവിനുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു എന്ന് പറയുന്നു. അടുത്ത വാക്യത്തിൽ, "ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക" എന്ന് പറയുന്നു. എങ്കിൽ മാത്രമേ നമുക്ക് അവന്റെ മുഖപ്രകാശത്തിൽ നടക്കാൻ കഴിയൂ. 26-ാം വാക്യത്തിൽ, നാം അഹങ്കാരികളാകരുതെന്നും, പരസ്പരം വെല്ലുവിളിക്കുകയോ പ്രകോപിപ്പിക്കുകയോ, പരസ്പരം അസൂയപ്പെടുകയോ ചെയ്യരുതെന്നും വേദപുസ്തകം പറയുന്നു. ദൈവത്തിന്റെ ഈ വചനം പിന്തുടരുമ്പോൾ നമുക്ക് യഥാർത്ഥത്തിൽ അവന്റെ സാന്നിധ്യത്തിന്റെ വെളിച്ചത്തിൽ നടക്കാൻ കഴിയും. ലോകം നൽകുന്ന സന്തോഷം ക്ഷണികമാണ്, എന്നാൽ കർത്താവ് നൽകുന്ന സന്തോഷം എന്നേക്കും നിലനിൽക്കുന്നു. ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം.

കർത്താവ് യിസ്രായേല്യരോടൊപ്പമുണ്ടായിരുന്നു, സംഖ്യാപുസ്തകം 23:21 ൽ രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ടെന്ന് വേദപുസ്തകം പറയുന്നു. ഇന്ന്, രാജകോലാഹലം നമ്മോടുകൂടെ ഉണ്ടായിരിക്കണമെന്ന് നാമും നിലവിളിക്കാൻ പോകുന്നു. നാം ദൈവത്തിന്റെ മക്കളായിരിക്കുമ്പോൾ, സങ്കീർത്തനം 118:15 പ്രഖ്യാപിക്കുന്നതുപോലെ, നമ്മുടെ കൂടാരങ്ങളിൽ സന്തോഷത്തിന്റെയും വിജയത്തിന്റെയും ആർപ്പുവിളികൾ ഉണ്ടാകും. "ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം. യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും." ദൈവത്തിന്റെ ജയഘോഷം അറിയാൻ കർത്താവ് നിങ്ങളെ പ്രാപ്തരാക്കട്ടെ.

PRAYER:
കർത്താവേ, അങ്ങയുടെ വചനത്തിലൂടെ എന്നോട് സംസാരിച്ചതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ സ്നേഹനിർഭരമായ സാന്നിധ്യത്തിലേക്ക് എന്നെ വിളിക്കുന്ന ജയഘോഷത്തെക്കുറിച്ച് ബോധവാനാകാൻ എന്നെ സഹായിക്കണമേ. യഹൂദജനത കാഹളത്തോടും ഉത്സവഘോഷത്തോടും കൂടി സന്തോഷിക്കുന്നതുപോലെ അങ്ങിൽ സന്തോഷിക്കാൻ ദയവായി എന്റെ ഹൃദയത്തെ പഠിപ്പിക്കേണമേ. കർത്താവേ, അങ്ങയോടുകൂടെയുള്ള എന്റെ നടത്തത്തെ തടസ്സപ്പെടുത്തുന്ന എല്ലാ പാപങ്ങളിൽ നിന്നും എന്നെ ശുദ്ധീകരിക്കണമേ; എന്റെ രാജാവേ, അങ്ങയെ സ്തുതിക്കുന്ന ആർപ്പുവിളികൾ കൊണ്ട് എന്റെ ജീവിതം നിറയ്ക്കണമേ. എന്റെ ഭവനം ജയഗീതങ്ങളാൽ നിറയട്ടെ, എന്റെ ചുവടുകൾ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടട്ടെ. ഞാൻ ഒരിക്കലും ഈ ലോകത്തിന്റെ ക്ഷണികമായ സന്തോഷത്തിന് പിന്നാലെ ഓടരുത്, പകരം, അങ്ങയുടെ മുഖത്ത് നിന്ന് ഒഴുകുന്ന ശാശ്വതമായ സന്തോഷത്തിൽ വസിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.