എൻ്റെ സുഹൃത്തേ, ദൈവത്തിൻ്റെ ഇന്നത്തെ വാഗ്ദത്തം സങ്കീർത്തനം 126:5-ൽ നിന്നുള്ളതാണ്. വേദപുസ്തകം ഇപ്രകാരം പറയുന്നു, “കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും.” തന്നോട് നിലവിളിക്കുന്നവരോട് ദൈവം അടുത്തിരിക്കുന്നു. അവർ ചൊരിയുന്ന ഓരോ കണ്ണുനീരിനെയും അവൻ എണ്ണുകയും കണക്കു വയ്ക്കുകയും ചെയ്യുന്നു. ഇപ്പോൾ തന്നെ, അവൻ നിങ്ങളുടെ കണ്ണീരോട് അടുത്തിരിക്കുന്നു. കർത്താവ് നിങ്ങളെ ഉപേക്ഷിച്ചുവെന്നും അവൻ നിങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നും നിങ്ങളുടെ ഹൃദയമോ ലോകമോ പറഞ്ഞേക്കാം. ആ ചിന്തകൾ തള്ളിക്കളയൂ എന്റെ സുഹൃത്തേ. അവൻ ഓരോ കണ്ണുനീരിനും കണക്കുവെക്കുകയും നിങ്ങൾക്കുവേണ്ടി നീതി പുലർത്തുകയും ചെയ്യും. അത്തരം കണ്ണുനീരിൽ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യുമെന്ന് ഈ വാക്യം പറയുന്നു.

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നെഞ്ചിൽ മുഴകൾ - മൂന്ന് മുഴകൾ വന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾക്ക് പഠിക്കാൻ കഴിഞ്ഞില്ല. അവൾക്ക് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർ പറഞ്ഞു, അവൾ അപ്രകാരം ചെയ്തു. പക്ഷേ അത് വേദനാജനകമായ ഒരു നടപടിക്രമമായിരുന്നു. ഉറങ്ങാനോ പഠിക്കാനോ കഴിയാതെ അവൾ എപ്പോഴും കരഞ്ഞുകൊണ്ടിരുന്നു. ഏതാനും മാസങ്ങൾക്കുശേഷം, തൻ്റെ നെഞ്ചിൽ മറ്റൊരു മുഴ കണ്ടു അവൾ ഞെട്ടിപ്പോയി. "എന്തുകൊണ്ടാണ് ഇത് വീണ്ടും സംഭവിക്കുന്നത്? ആദ്യത്തെ ഓപ്പറേഷൻ തന്നെ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല," എന്ന് അവൾ ചിന്തിച്ചു. ഡോക്ടർ പറഞ്ഞു അവൾക്ക് മറ്റൊരു ഓപ്പറേഷൻ നടത്തണം, വീണ്ടും അവൾ വേദന സഹിച്ചു. സങ്കടകരമെന്നു പറയട്ടെ, മറ്റൊരു മാസത്തിനുള്ളിൽ മുഴകൾ അവളുടെ നെഞ്ചിലുടനീളം വ്യാപിച്ചു. "എനിക്ക് ഈ വേദനയോടെ ഇനി ജീവിക്കാൻ കഴിയില്ല, എൻ്റെ കുടുംബത്തിൻ്റെ പണം വറ്റിപ്പോയി" എന്ന് പറഞ്ഞ് അവൾ  ഉപേക്ഷിക്കാൻ തയ്യാറായി. അവൾക്ക് ഇപ്പോൾ 17 മുഴകൾ ഉണ്ടെന്നും എന്തുകൊണ്ടാണ് അവ തുടർച്ചയായി വരുന്നതെന്ന് അവർക്കറിയില്ലെന്നും ഡോക്ടർ പറഞ്ഞു. അവൾക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു.

എന്നാൽ ഞങ്ങളുടെ കുടുംബം റാഞ്ചി പ്രാർത്ഥനാ ഗോപുരത്തിലേക്ക് വരുന്നുണ്ടെന്ന് അവൾ ഒരാളിൽ നിന്ന് കേട്ടു, അവൾ എന്നെ കാണുകയും പ്രാർത്ഥന സ്വീകരിക്കുകയും ചെയ്തു. ഞാൻ പ്രാർത്ഥിച്ചപ്പോൾ ദൈവത്തിൻ്റെ ശക്തി അവളിൽ നിറഞ്ഞു എന്ന് അവൾ പറഞ്ഞു. അവൾ തിരിച്ചെത്തി ഡോക്ടർമാരുമായി പരിശോധിച്ചപ്പോൾ 17 മുഴകളുടെ ഒരു അംശവും ഇല്ലായിരുന്നു.  എല്ലാ വേദനയും മാറി, മറ്റൊരു ഓപ്പറേഷൻ്റെ ആവശ്യമില്ല. അവൾ പറഞ്ഞു, "ഇന്നു വരെ ഞാൻ സ്വതന്ത്രയാണ്. മുഴകൾ തിരികെ വന്നിട്ടില്ല. കർത്താവ് എന്നെ സ്പർശിച്ചിരിക്കുന്നു." അതെ കർത്താവായ യേശു ഇപ്പോൾ തന്നെ നിങ്ങളെ സ്പർശിക്കുകയും നിങ്ങളുടെ കണ്ണുനീർ ആർപ്പുവിളികളാക്കി മാറ്റുകയും ചെയ്യും.

PRAYER:

സ്വർഗ്ഗസ്ഥനായ പിതാവേ, കണ്ണുനീരും ഭാരങ്ങളും നിറഞ്ഞ ഹൃദയവുമായി ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും എന്ന അങ്ങയുടെ വാഗ്‌ദത്തത്തിൽ ഞാൻ വിശ്വസിക്കുന്നു. കർത്താവേ, ഞാൻ എൻ്റെ വേദനയും എൻ്റെ പോരാട്ടങ്ങളും എൻ്റെ ഭയവും അങ്ങയുടെ പാദങ്ങളിൽ വയ്ക്കുന്നു. ഞാൻ ചൊരിയുന്ന ഓരോ കണ്ണുനീരും അങ്ങ് കാണുന്നുവെന്നും എൻ്റെ കഷ്ടപ്പാടുകളിൽ അങ്ങ് എന്നോടൊപ്പമുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ സമാധാനവും ആശ്വാസവും കൊണ്ട് എന്നെ നിറയ്ക്കണമേ. എൻ്റെ മുറിവുകൾ ഉണക്കി എൻ്റെ സന്തോഷം വീണ്ടെടുക്കേണമേ. കർത്താവേ, എൻ്റെ കണ്ണുനീർ സന്തോഷത്തിൻ്റെ ആർപ്പുവിളികളാക്കി മാറ്റേണമേ, അങ്ങയുടെ സ്നേഹവും കൃപയും എൻ്റെ ജീവിതത്തിൽ പ്രകാശിക്കട്ടെ. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.