Date : June 06, 2025
''മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞുകൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഭൂമിയിൽ ഉന്നതൻ ആകും!''
ഒരു ജനതയുടെ ദെവത്തിൽ സംരക്ഷണം തേടുന്ന പശ്ചാത്തലത്തിലാണ് സങ്കീർത്തനം 46:10-ലെ ഈ വചനം രചിച്ചിരിക്കുന്നത്. എന്നാൽ ഇത് വ്യക്തികൾക്കും അനുയോജ്യമാണ്. ഒരു ജനത ശത്രുക്കളാൽ ഭീഷണി നേരിടുന്ന സമയത്ത്, ''മിണ്ടാതിരിപ്പിൻ'' എന്ന് ദൈവം അവരോട് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിച്ചേക്കാം. വാസ്തവത്തിൽ, ശത്രുക്കളുടെ പദ്ധതികളോട് 'പ്രതികരിക്കുന്നത് മതിയാക്കി' തന്നിൽ 'വിശ്രമിക്കുക' എന്ന് അവിടുന്ന് തന്റെ ജനത്തോട് പറയുകയാണ് ചെയ്യുന്നത്.
ദൈവം ഇടപെടുന്ന രീതി എല്ലായ്‌പ്പോഴും വളരെ സവിശേഷമയിട്ടാണ്. നമുക്ക് ഒരിക്കലും ദൈവത്തിന്റെ പദ്ധതി മനസ്സിലാക്കാൻ കഴിയില്ല. എന്നിരുന്നാലും, അവിടുന്ന് പറയുന്നത് ചെയ്യുക എന്നതാണ് നമുക്ക് നല്ലത്. 'മിണ്ടാതിരിക്കുക' എന്നാൽ തന്റെ പദ്ധതിയെ - അത് എന്തായാലും - അനുസരിക്കുകയോ കീഴടങ്ങുകയോ ചെയ്യുക എന്നതാണ്. കാരണം, നാം 'ഒന്നും ചെയ്യാതെ' ദൈവത്തെ പ്രവർത്തിക്കാൻ വിടുമ്പോൾ നാം യുദ്ധം ജയിക്കുന്നു.
ശ്രദ്ധാപൂർവ്വം മനസ്സിലാക്കുമ്പോൾ ധാരാളം വികാരങ്ങൾ ഉണർത്തുന്ന ഒരു നിധിശേഖരമാണ് വേദപുസ്തകം എന്ന് നമുക്ക് കാണാൻ സാധിക്കും. കാരണം ഓരോ പേജും ദൈവത്തെക്കുറിച്ച് സംസാരിക്കുകയോ, ദൈവത്തിൽ നിന്നുള്ള ഒരു വചനം രേഖപ്പെടുത്തുകയോ ചെയ്യപ്പെട്ടതാണ്. വിശുദ്ധ വേദപുസ്തകം വായനക്കാരനെ അത്ഭുതപ്പെടുത്തുന്നു, പ്രത്യേകിച്ച് ചില ഭാഗങ്ങൾ ലോകവീക്ഷണത്തിന് തികച്ചും വിരുദ്ധമാകുമ്പോൾ.
യിരെമ്യാവ് 9:23-24-ൽ അത്തരമൊരു ഭാഗമുണ്ട്, അവിടെ ദൈവം ജീവിതത്തെക്കുറിച്ചുള്ള സത്യം പങ്കിടുന്നതായി നാം കാണുന്നു. ''യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുതു; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുതു; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുതു. പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നേ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളതു.''
ധനികർ തങ്ങളുടെ സ്വത്തുക്കളിൽ സന്തോഷിക്കുന്നത്, ജ്ഞാനികൾ അവരുടെ ബൗദ്ധിക നേട്ടത്തെ വിലമതിക്കുന്നത്, ശക്തൻ ശാരീരിക ശക്തിയോ അധികാരമോ പ്രകടിപ്പിക്കുന്നത് വ്യക്തവും സ്വീകാര്യവുമല്ലേ?
എന്നാൽ ദൈവം ഇവിടെ വ്യത്യസ്തനാണ്. ദൈവമില്ലാതെ നാം എത്ര നിസ്സാരമാണെന്ന് നാം ഒരിക്കലും മനസ്സിലാക്കാതെ പോകരുതെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നാം എന്ത് നേടിയാലും നിറവേറ്റിയാലും, എല്ലാ വിധത്തിലും ദൈവം പരമാധികാരിയാണെന്ന് അംഗീകരിക്കുന്നതിലേക്ക് അവിടുന്ന് നമ്മുടെ ശ്രദ്ധയെ തിരിക്കുന്നു. ദൈവത്തിന്റെ മഹത്വം നിങ്ങൾക്ക് ആസ്വദിക്കണമെങ്കിൽ മിണ്ടാതിരിക്കാൻ പഠിക്കുക.
ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും ജ്ഞാനിയായ ശലോമോൻ രാജാവ് സഭാപ്രസംഗി 9:11-ൽ ദൈവത്തിന്റെ അതേ വാക്കുകൾ പ്രതിധ്വനിപ്പിക്കുന്നു. ദാവീദ് രാജാവിന്റെ പ്രിയ മകനായും സിംഹാസനത്തിന്റെ പിൻഗാമിയായും ധാരാളം ജീവിതം കണ്ടിട്ടുള്ള ശലോമോൻ വൃദ്ധനായപ്പോൾ ഈ വാക്കുകൾ എഴുതിയതായി കരുതപ്പെടുന്നു. അദ്ദേഹം പറയുന്നു: ''ഞാൻ സൂര്യനു കീഴെ കണ്ടതു: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികൾക്കു ആഹാരവും വിവേകികൾക്കു സമ്പത്തും സാമർത്ഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു.''
തനിക്ക് അഭിമാനിക്കാൻ ഒന്നുമില്ലെന്നും, തന്റെ കൈവശമുള്ളതെല്ലാം - സമ്പത്ത്, കഴിവ്, ജ്ഞാനം, ബഹുമാനം, പ്രശസ്തി എന്നിവയുടെ സമൃദ്ധി - പ്രപഞ്ചത്തെയും അതിലുള്ളവയെയെല്ലാം സൃഷ്ടിച്ച ദൈവം തന്നതാണെന്നും ശലോമോൻ വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നു. ചരിത്രത്തിൽ മറക്കാൻ കഴിയാത്ത ഭരണം നടത്തിയ രാജാവ്, തന്റെ വിജയകരമായ ജീവിതത്തിനുള്ള സകല മഹത്വവും ദൈവത്തിന് അർപ്പിക്കുന്നു. ഇതാണ് ആത്യന്തിക വിജയം.
ദൈവത്തിൽ മിണ്ടാതിരിക്കുക. അത് ഒരു ജേതാവിന്റെ സ്വഭാവമാണ് - ശത്രുവിനെ വീഴ്ത്താൻ അത് അത്യന്താപേക്ഷിതമാണ്. 'ശത്രു' നിങ്ങൾക്ക് ചുറ്റുമുള്ള ദുഷ്ടരാകണമെന്നില്ല. അത് നിങ്ങളുടെ രോഗം, ആസക്തികൾ; ദൈവത്തെ പ്രസാദിപ്പിക്കാത്ത ഏതെങ്കിലും പാരമ്പര്യ സ്വഭാവങ്ങൾ, നിങ്ങളെ ദുഷ്ടവഴികളിലേക്ക് നയിക്കുന്ന ആഗ്രഹങ്ങൾ, ദൈവഹിതത്തിന് വിരോധമായി പ്രവർത്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ചിന്തകൾ തുടങ്ങി ഇന്നും ജീവിക്കുന്ന രക്ഷകനായ ക്രിസ്തുവിൽ നിന്നും നിങ്ങളെ അകറ്റുന്ന സകലത്തെയും നിങ്ങൾ 'മിണ്ടാതിരിക്കുന്നതിലൂടെ' തകർക്കപ്പെടും. നിങ്ങൾ നിങ്ങളെത്തന്നെ ദൈവസാന്നിധിയിൽ മിണ്ടാതിരിക്കാൻ അനുവദിക്കുമെങ്കിൽ, നിങ്ങളുടെ ശാന്തമായ വിശ്വാസം, സമ്പൂർണ്ണ അനുസരണം, നിലനിൽക്കുന്ന പ്രത്യാശ എന്നിവ ഈ മാസവും എല്ലായ്‌പ്പോഴും നിങ്ങളെ വഴിനടത്തും.
സ്വർഗ്ഗത്തിൽ നിന്ന് താഴേക്ക് നിങ്ങൾ എവിടെയാണോ അവിടെ വരെ സഹായം എത്തിക്കുന്നവനും തന്റെ ശ്വാസത്താൽ ചെങ്കടലിനെ വിഭജിച്ചവനും, തന്റെ ശബ്ദത്താൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ ശാന്തമാക്കിയവനും, തന്റെ കരങ്ങളാൽ സൂര്യനെ അതിന്റെ ഭ്രമണപഥത്തിൽ തടഞ്ഞുനിർത്തിയവനുമായ ദൈവത്തിൽ നിങ്ങളുടെ വിശ്വാസം അർപ്പിക്കുക. മിണ്ടാതിരിക്കാൻ നിങ്ങൾ പഠിക്കുമ്പോൾ വിജയം നിങ്ങളുടേതാകും. ദൈവത്തിനു സ്തുതികൾ പാടിക്കൊണ്ട്, ഹൃദയത്തിൽ നിന്ന് പ്രാർത്ഥിക്കുകയും അവങ്കലേക്ക് നോക്കുകയും ചെയ്തുകൊണ്ട് നിങ്ങളുടെ അത്ഭുതങ്ങൾ സ്വീകരിക്കുക.
അനുഗ്രഹിക്കപ്പെട്ട ജൂൺ മാസം ആശംസിക്കുന്നു
- ഡോ. പോൾ ദിനകരൻ