Date : May 21, 2025
മരണം എന്നത് സംസാരിക്കാൻ എളുപ്പമുള്ള വിഷയമല്ല. നമ്മെ ദുഃഖത്തിലാക്കി വിട്ടുപിരിഞ്ഞ വ്യക്തിയുടെ പ്രായം എത്രയായാലും, നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ പോകുന്നു. നമുക്ക് പ്രിയപ്പെട്ട പ്രായം കുറഞ്ഞ വ്യക്തികൾ മരണപ്പെടുമ്പോൾ 'എന്തുകൊണ്ട് ഇത്ര പെട്ടെന്ന് മരണം വന്നു?' എന്ന് നാം ചോദിക്കാറുണ്ട്. 'ദൈവം എവിടെ? ഈ വ്യക്തിയ്ക്ക് കുറച്ചുകൂടി ആയുസ്സ് കൊടുക്കാൻ ദൈവത്തിന് കഴിയില്ലേ?' എന്ന് നമ്മൾ ചിന്തിക്കുന്നു. ആരെങ്കിലും മരിച്ചുപോയ വാർത്ത കേൾക്കുമ്പോഴെല്ലാം, 1986-ലേക്ക് ഞാൻ തിരിഞ്ഞുനോക്കും. അന്ന് ഒരു റോഡപകടത്തിൽ എന്റെ അനുജത്തി എയ്ഞ്ചലിനെ എനിക്ക് നഷ്ടപ്പെട്ടു. അന്ന് അവൾക്ക് 17 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ.
ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും താങ്ങാനാവാത്തതായിരുന്നു ആ വേർപാട്. ഞങ്ങൾ രണ്ടുമാസത്തോളം ആശ്വാസമില്ലാതെ കരഞ്ഞു. വീടിനുള്ളിലെ അവളുടെ സാധനങ്ങൾ കാണുമ്പോൾ ഞങ്ങൾ തകർന്നു പോയിരുന്നു. അവളില്ലാത്ത ഒരു ഒഴിഞ്ഞ വീട്ടിലേക്ക് ഞങ്ങൾ നടന്നപ്പോൾ - ഞങ്ങളെ സ്വാഗതം ചെയ്യുന്ന അവളുടെ പുഞ്ചിരിക്കുന്ന മുഖം കാണാതെ - ഞങ്ങളുടെ ഹൃദയങ്ങൾ ദുഃഖത്താൽ പിടഞ്ഞു.
എന്നാൽ ആ സാഹചര്യത്തിലും, പ്രാർത്ഥിക്കാനുള്ള കൃപ ദൈവം ഞങ്ങൾക്ക് നൽകി. ആശ്വാസത്തിനും ബലത്തിനും വേണ്ടി മാത്രമേ ഞങ്ങൾക്ക് യേശുവിങ്കലേക്ക് നോക്കാൻ കഴിഞ്ഞുള്ളൂ. ഒരു ദിവസം, ഞങ്ങളുടെ കുടുംബ പ്രാർത്ഥനാവേളയിൽ, യേശു ഞങ്ങളുടെ മദ്ധ്യേ ഇറങ്ങി. ദൈവത്തിന് മാത്രം നൽകാൻ കഴിയുന്ന പരിശുദ്ധാത്മാവിന്റെ സന്തോഷത്താൽ ദൈവം ഞങ്ങളെ നിറയ്ക്കുന്നത് ഞങ്ങൾ അനുഭവിച്ചു. എന്റെ സഹോദരിയുടെ മരണശേഷം ആദ്യമായി, ഞങ്ങളുടെ മനസ്സിന്റെ ഭാരം കുറഞ്ഞു. വേദപുസ്തകത്തിൽ, യേശു ഇപ്രകരം പറയുന്നു: ''ഞാൻ നിങ്ങളുടെ അടുക്കൽ വീണ്ടും വരും; നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും'' (യോഹന്നാൻ 16:20). യേശു വാഗ്ദത്തം ചെയ്ത കാര്യങ്ങൾ അവിടുന്ന് എല്ലായ്‌പ്പോഴും നിറവേറ്റും. ഞങ്ങൾ പ്രാർത്ഥനയിൽ തുടർന്നപ്പോൾ, കർത്താവായ യേശു എന്റെ പിതാവ് ഡി.ജി.എസ്. ദിനകരനിലൂടെ സംസാരിച്ചു: ''എയ്ഞ്ചൽ എന്നോടൊപ്പമുണ്ട്. അവൾ ഇപ്പോൾ ദുഃഖമോ വേദനയോ ഇല്ലാത്ത സ്വർഗ്ഗത്തിന്റെ മഹത്വത്തിലായിരിക്കുന്നു. അവളെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്താൽ നിങ്ങൾ ഭാരപ്പെട്ടിരിക്കുന്നുവെന്ന് എനിക്കറിയാം. ഞാനും നിങ്ങളോടൊപ്പം കരയുന്നു. ഇങ്ങനെ സംഭവിക്കാനുള്ള കാരണം പറഞ്ഞാൽ അത് മനസ്സിലാക്കാൻ ഇപ്പോൾ നിങ്ങൾക്ക് കഴിയില്ല. എന്നാൽ, ഈ ദുഃഖാവസ്ഥയിലും നീ എന്നെ അനുഗമിക്കുമെന്ന് ഞാൻ സാത്താനെ വെല്ലുവിളിച്ചിരിക്കുന്നു എന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ എന്നെ നിരാശപ്പെടുത്തുമോ?''
ദൈവം ഇപ്രകാരം പറഞ്ഞപ്പോൾ, ''കർത്താവേ, ഞങ്ങൾ എവിടേക്ക് പോകും? ചോദ്യം ചെയ്യാതെ അങ്ങയെ പൂർണ്ണമായി വിശ്വസിക്കാൻ ഞങ്ങൾക്ക് കൃപ നൽകണമേ. അങ്ങ് ഞങ്ങളെ സ്‌നേഹിക്കുന്നുവെന്നും അങ്ങയെ സ്‌നേഹിക്കുന്നവർക്ക് എല്ലാം നന്മയ്ക്കായി പ്രവർത്തിക്കുന്നുണ്ടെന്നും ഞങ്ങൾക്കറിയാം. ഒരു നാൾ ഞങ്ങൾ സ്വർഗ്ഗത്തിൽ വന്ന് അങ്ങയെയും എയ്ഞ്ചലിനെയും കാണുമെന്ന് ഞങ്ങൾ അറിയുന്നു'' എന്ന് ഞങ്ങൾ പറഞ്ഞു.
ആ ദിവസം മുതൽ, ഞങ്ങൾ ഞങ്ങളുടെ ശുശ്രൂഷയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. കാരുണ്യ സർവകലാശാല, യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരങ്ങൾ, ഇന്ത്യയിലുടനീളമുള്ള ദരിദ്രരുടെ ഉന്നമനത്തിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സീഷ സംഘടന എന്നിവ ഞങ്ങൾ ആരംഭിച്ചു.
തന്നോട് നിലവിളിക്കുന്ന എല്ലാ ഹൃദയങ്ങളെയും കർത്താവിന്റെ പ്രകൃത്യതീത സന്തോഷം നിറയ്ക്കുന്നു എന്നത് സത്യമായ കാര്യമാണ്. ''മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നൽകുന്ന ദൈവവും'' (2 കൊരിന്ത്യർ 1:3) എന്ന് ദൈവത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു. ''സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു'' (യോഹന്നാൻ 14:27) എന്ന് പറഞ്ഞിരിക്കുന്നതുപോലെ കർത്താവായ യേശു നിങ്ങളെ ആശ്വസിപ്പിക്കും.
ചെറുപ്രായത്തിൽ ആരെങ്കിലും മരണപ്പെടുമ്പോൾ, ദുഃഖമനുഭവിക്കുന്നവർക്കായുള്ള ഉത്തരം ദൈവവചനങ്ങളിൽ കാണാം: ''നീതിമാൻ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞു പോകുന്നു; നീതിമാൻ അനർത്ഥത്തിന്നു മുമ്പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല'' (യെശയ്യാവ് 57:1). അതെ, നാമെല്ലാവരും ഒരു ദിവസം മാറ്റപ്പെടും. ഈ ഭൂമിയിലെ ജീവിതം ഒരു ഘട്ടത്തിൽ അവസാനിക്കുന്നു. എന്നിരുന്നാലും, നമ്മൾ ജീവിക്കുന്നിടത്തോളം കാലം എല്ലാത്തിനും ഒരു സമയമുണ്ടെന്ന് നാം അറിയുന്നു. ദൈവം എല്ലാം അതതിന്റെ സമയത്ത് ഭംഗിയായി ചെയ്യുന്നു (സഭാപ്രസംഗി 3:1-11)
ദൈവവചനത്തിൽ വിശ്വസിക്കുക. നിങ്ങൾ കടന്നുപോകുന്ന അവസ്ഥകൾ കർത്താവായ യേശുവിന് അറിയാം. നിങ്ങളുടെ ഓരോ ചുവടുവയ്പിലും അവിടുന്ന് നിങ്ങളെ നയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.
- ഡോ. പോൾ ദിനകരൻ