എൻ്റെ സുഹൃത്തേ, ഇന്നത്തെ വാഗ്ദത്തം സങ്കീർത്തനം 103:5-ൽ നിന്നുള്ളതാണ്. അത് ഇപ്രകാരം പറയുന്നു, “യഹോവ നിന്റെ വായക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.” അതനുസരിച്ച്, കർത്താവ് നിങ്ങളുടെ ജീവിതത്തെ നന്മകൊണ്ട് തൃപ്തിപ്പെടുത്താൻ പോകുന്നു. ഇത് നിങ്ങൾക്കുള്ള ദൈവത്തിന്റെ വാഗ്‌ദത്തമാണ്. കഴുകന്റെ യൌവനംപ്പോലെ നിങ്ങളുടെ ജീവിതം പുതുക്കാൻ അവൻ ആഗ്രഹിക്കുന്നു. ഇന്ന് നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെട്ടേക്കാം. നിങ്ങൾ പറഞ്ഞേക്കാം, "എനിക്ക് എല്ലാം നഷ്ടപ്പെട്ടു. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എനിക്ക് പരാജയമാണ്. മുന്നോട്ട് പോകാൻ എനിക്ക് ശക്തിയില്ല. ഭാവിയെക്കുറിച്ച് എനിക്ക് വെളിപ്പെടുത്തലുകളൊന്നുമില്ല." എന്നാൽ ധൈര്യമായിരിക്കുക! ദൈവം നിങ്ങളുടെ ആഗ്രഹങ്ങൾ നന്മകളാൽ തൃപ്തിപ്പെടുത്തുകയും കഴുകനെപ്പോലെ നിങ്ങളെ ഉയർത്തുകയും ചെയ്യും.

ഒരുപക്ഷേ നിങ്ങൾക്ക് നിങ്ങളുടെ അധ്വാനത്തിന് ശരിയായ വരുമാനം ലഭിക്കുന്നില്ലായിരിക്കാം. നിങ്ങൾക്ക് നിരാശ തോന്നിയേക്കാം. എന്നാൽ നിങ്ങളുടെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നന്മകൊണ്ട് നിറവേറ്റുമെന്ന് കർത്താവ് വാഗ്ദാനം ചെയ്യുന്നു. ദൈവം എപ്പോഴും നിങ്ങൾക്ക് നല്ല കാര്യങ്ങൾ നൽകാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ലോകത്തിൻ്റെ വഴികളിൽ നടക്കുമ്പോൾ, നിങ്ങൾക്ക് ലൗകികമായ കാര്യങ്ങൾ ലഭിച്ചേക്കാം. എന്നിരുന്നാലും, യേശുവിന് മാത്രമേ നിങ്ങൾക്ക് നിലനിൽക്കുന്ന നല്ല കാര്യങ്ങൾ നൽകാൻ കഴിയൂ, കാരണം കുരിശിലെ തന്റെ ത്യാഗത്തിലൂടെ പിശാചും ലോകവും കൊണ്ടുവന്ന മോശമായ കാര്യങ്ങളെ അവൻ മറികടന്നു. അതിനാൽ, യേശുവിന് വിശുദ്ധവും സ്വീകാര്യവുമായ ഒരു ജീവനുള്ള യാഗമായി സ്വയം സമർപ്പിക്കുക. അവനോട് പറയുക, "കർത്താവേ, ഞാൻ അങ്ങയെ വിശ്വസിക്കുന്നു. അങ്ങേക്ക് മാത്രമേ എനിക്ക് നല്ല കാര്യങ്ങൾ നൽകാൻ കഴിയൂ. അതിനാൽ, ഞാൻ എന്റെ ജീവിതം അങ്ങേക്ക് സമർപ്പിക്കുന്നു. എല്ലായ്പ്പോഴും അങ്ങിൽ മാത്രം ആശ്രയിക്കുന്ന ഒരു ജീവനുള്ള യാഗമായി ഞാൻ വിശുദ്ധ പാതയിൽ നടക്കും." നിങ്ങൾ ഈ പാതയിലൂടെ സഞ്ചരിക്കുമ്പോൾ, യേശു തൻ്റെ ത്യാഗത്തിലൂടെ നിങ്ങൾക്കായി വാങ്ങിയ നല്ല കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് ഒഴുകും. കർത്താവിൻ്റെ അനുഗ്രഹങ്ങൾ ഒന്നൊന്നായി നിങ്ങളെ തേടിയെത്തും.

യാക്കോബിൻ്റെ ജീവിതം നോക്കൂ. അവൻ പറഞ്ഞു, "ഞാൻ ഒറ്റയ്ക്ക് ഒരു വടിയുമായി പുറപ്പെട്ടു. എന്നാൽ ദൈവം എന്നെ കണ്ടുമുട്ടി, ഞാൻ അവനെയും കണ്ടുമുട്ടി. ഞാൻ അവനോടൊപ്പം നടന്നു, അവൻ എന്നെ നയിച്ചു. ഇപ്പോഴോ ഞാൻ ഇരട്ടി അളവിൽ അനുഗ്രഹങ്ങളുടെ സമൃദ്ധി, അതിശയകരമായ സമ്പത്ത്, ബഹുമാനം എന്നിങ്ങനെ രണ്ടു കൂട്ടമായി മടങ്ങിയെത്തി. ദൈവം എന്നോട് സംസാരിച്ചു. അവൻ എൻ്റെ ദൈവമാണ്." കൂടാതെ, യിസ്ഹാക്കിന്റെ ജീവിതവും പരിഗണിക്കുക. അവന്റെ രാജ്യത്തെ രാജാവ് അവനോട് അസൂയപ്പെടുകയും അവനെതിരെ പ്രവർത്തിക്കുകയും ചെയ്തു. യിസ്ഹാക്ക് ഓരോ കിണർ കുഴിക്കുമ്പോഴും രാജാവിന്റെ സേവകർ വന്ന് അത് അടയ്ക്കും. എന്നിട്ടും യിസ്ഹാക്ക് ഉറച്ചുനിന്നു. അവൻ മറ്റൊരു കിണർ കുഴിക്കും, ദൈവം അതിനെ വെള്ളം കൊണ്ട് അനുഗ്രഹിക്കും, പക്ഷേ അവന്റെ ശത്രുക്കൾ അവനെ വീണ്ടും ഓടിച്ചുകളയും. ഒടുവിൽ, അവൻ മറ്റൊരു സ്ഥലത്ത് ഒരു കിണർ കുഴിച്ചു, ദൈവം അവിടെയും വെള്ളം കൊണ്ടുവന്നു. ഇത്തവണ ശത്രുക്കൾ അവനെ വെറുതെ വിട്ടു. തുടർന്ന് ദൈവം യിസ്ഹാക്കിനെ ബേർ-ശേബയ്ക്കു നയിച്ചു, അവിടെ അവൻ അവനെ അനുഗ്രഹിക്കുകയും നൂറുമടങ്ങായി വർദ്ധിപ്പിക്കുകയും ചെയ്തു. ദുഷ്ടന്മാർ അവനെ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും, ദൈവത്തിൽ ആശ്രയിക്കുന്ന യിസ്ഹാക്ക് തന്റെ ജോലി തുടർന്നു. ദൈവം അവന് നൂറിരട്ടി അനുഗ്രഹം നൽകി.

എന്റെ സുഹൃത്തേ, അവൻ നിങ്ങൾക്കും അങ്ങനെ തന്നെ ചെയ്യും. നിങ്ങളുടെ കുടുംബത്തിൽ, നിങ്ങളുടെ ആരോഗ്യത്തിൽ, നിങ്ങളുടെ ജ്ഞാനത്തിൽ, നിങ്ങളുടെ പ്രശസ്തിയിൽ, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ, ഏറ്റവും പ്രധാനമായി, അവനുമായുള്ള നിങ്ങളുടെ നടത്തത്തിൽ ദൈവം നിങ്ങൾക്ക് നൂറിരട്ടി അനുഗ്രഹം നൽകും. നിങ്ങൾക്കായി ക്രൂശിൽ വില നൽകിയ യേശുവിനെ പിന്തുടരുക, എല്ലാ അനുഗ്രഹങ്ങൾക്കുമായി അവനിലേക്ക്  നോക്കുക.

PRAYER:
പ്രിയ സ്വർഗ്ഗീയപിതാവേ, എൻ്റെ ആഗ്രഹങ്ങളെ നന്മകളാൽ തൃപ്തിപ്പെടുത്തുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിന് അങ്ങേക്ക് നന്ദി. അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിൽ ആശ്രയിക്കുന്ന ഞാൻ ക്ഷീണിതനും തകർന്നവനുമായി അങ്ങയുടെ അടുത്തേക്ക് വരുന്നു. കഴുകനെപ്പോലെ എന്റെ ശക്തി പുതുക്കുകയും അങ്ങയുടെ അനുഗ്രഹങ്ങളാൽ എന്റെ ജീവിതം നിറയ്ക്കുകയും ചെയ്യേണമേ. അങ്ങ് എന്നെ വിശുദ്ധനും അങ്ങേക്കു സ്വീകാര്യനുമാക്കുമെന്ന് വിശ്വസിച്ചുകൊണ്ട്, ജീവനുള്ള ബലിയായി എൻ്റെ ജീവിതം അങ്ങേക്ക് സമർപ്പിക്കുന്നു. വേദപുസ്തകത്തിലെ യിസ്‌ഹാക്കിനെയും യാക്കോബിനെയും പോലെ ഞാനും അങ്ങയുടെ സമൃദ്ധമായ അനുഗ്രഹങ്ങൾക്കും വിശ്വസ്തതയ്ക്കും സാക്ഷ്യം വഹിക്കട്ടെ. കർത്താവേ, ഞാൻ അങ്ങിൽ ആശ്രയിക്കുന്നു, കാരണം അങ്ങ് എൻ്റെ ദാതാവും പരിപാലകനുമാണ്. ആകയാൽ അങ്ങയുടെ ഇരട്ടി അനുഗ്രഹങ്ങൾ അങ്ങ് എനിക്ക് നൽകും. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.