പ്രിയ സുഹൃത്തേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്നത്തെ വാഗ്‌ദത്ത വാക്യം സങ്കീർത്തനം 86:10-ൽ നിന്നുള്ളതാണ്, “നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു." എത്ര മഹത്തായ സത്യം! നമ്മുടെ ദൈവം ഒരു സാധാരണ ദൈവമല്ല. മനുഷ്യന്റെ ബുദ്ധിയ്ക്കപ്പുറമുള്ള അത്ഭുതകരമായ പ്രവൃത്തികൾ ചെയ്യുന്ന സർവ്വശക്തനാണ് അവൻ. ആവർത്തനപുസ്തകം 10:17 ലും വെളിപ്പാട് 15:3 ലും ഇതേ സത്യം കാണാം - "സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ." നമ്മുടെ ദൈവം മഹത്വത്തിലും ശക്തിയിലും സമാനതകളില്ലാത്തവനാകുന്നു. ഇയ്യോബ് 5:9 ലും 9:10 ലും ഇയ്യോബ് പറയുന്നു, "അവൻ, ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു." പ്രിയ ദൈവപൈതലേ, പുരാതനകാലത്ത് വലിയ കാര്യങ്ങൾ ചെയ്ത കർത്താവിന് ഇന്ന് നിങ്ങളുടെ ജീവിതത്തിലും ഇതുതന്നെ  ചെയ്യാൻ കഴിയും. അവന്റെ ശക്തി കുറഞ്ഞിട്ടില്ല. അവന്റെ സ്നേഹം മാറിയിട്ടില്ല.  തന്റെ തക്ക സമയത്ത് അവൻ നിങ്ങൾക്കായി അത്ഭുതകരമായ കാര്യങ്ങൾ ചെയ്യും.

സങ്കീർത്തനം 107:8, 21, 31-ൽ വേദപുസ്തകം നമ്മെ വീണ്ടും “അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ" എന്ന് ഓർമ്മിപ്പിക്കുന്നു. അനുഗ്രഹങ്ങൾ കവിഞ്ഞൊഴുകുമ്പോൾ മാത്രമല്ല, നമ്മുടെ പരീക്ഷണങ്ങളിലും കണ്ണുനീരിലും നാം ദൈവത്തോട് നന്ദി പറയണം. നിങ്ങൾ ഭാരമുള്ളവരോ നിരസിക്കപ്പെട്ടവരോ തകർന്നവരോ ആകുമ്പോൾ അവനോട് നന്ദി പറയുക, കാരണം അവൻ നിങ്ങളുടെ സാഹചര്യത്തിൽ അദൃശ്യമായ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. എത്ര തവണ അവൻ നിങ്ങളെ സംരക്ഷിക്കുകയും സുഖപ്പെടുത്തുകയും നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്തുവെന്ന് ഓർക്കുക. നന്ദിയാൽ നിങ്ങളുടെ ഹൃദയം നിറയട്ടെ. സങ്കീർത്തനം 136:4 ഇപ്രകാരം പ്രഖ്യാപിക്കുന്നു, "ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു." യിസ്രായേല്യർ ഫറവോന്റെ  സൈന്യത്തിനും ചെങ്കടലിനും ഇടയിൽ കുടുങ്ങിയപ്പോൾ പോലും കർത്താവ് ഒരു മഹത്തായ അത്ഭുതം പ്രവർത്തിച്ചു. പുറപ്പാട് 14:17-31 രേഖപ്പെടുത്തുന്നതുപോലെ, അവൻ സമുദ്രത്തെ വിഭജിച്ചു തന്റെ ബലമുള്ള കൈകൊണ്ട് തന്റെ ജനത്തെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിച്ചു. അതേ ദൈവം ഇന്നും ജീവിക്കുകയും എന്നേക്കും വാഴുകയും ചെയ്യുന്നു. എല്ലാ അപകടങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും അസാധ്യതയിൽ നിന്നും നിങ്ങളെ മോചിപ്പിക്കാൻ അവന് കഴിയും.

പ്രിയരേ, ഇന്ന് ഈ മഹത്തായ ദൈവത്തിൽ വിശ്വസിക്കുക. ചെങ്കടൽ തുറന്ന കർത്താവിന് നിങ്ങൾക്കായി അടഞ്ഞ വാതിലുകൾ തുറക്കാൻ കഴിയും. നിങ്ങളുടെ ദുഃഖത്തെ സന്തോഷമായും കണ്ണുനീരിനെ സാക്ഷ്യങ്ങളായും ബലഹീനതയെ ശക്തിയായും മാറ്റാൻ അവന് കഴിയും. അവന് 0ഒന്നും അസാധ്യമല്ല. അവൻ തന്റെ മക്കൾക്കായി ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങൾ ചെയ്യുന്നു. നിങ്ങൾക്ക് ആവശ്യമുള്ളത് വിശ്വാസവും നന്ദിയും മാത്രമാണ്. നിങ്ങൾ അവന്റെ മുൻകാല കാരുണ്യങ്ങൾ ഓർക്കുകയും പൂർണ്ണഹൃദയത്തോടെ അവനോട് നന്ദി പറയുകയും ചെയ്യുമ്പോൾ, പുതിയ അത്ഭുതങ്ങൾ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടും. അവന്റെ വാഗ്‌ദത്തങ്ങളിൽ ഉറച്ചുനിന്നുകൊണ്ട്, "എന്റെ ദൈവം വലിയവനാണ്, അവൻ എന്റെ ജീവിതത്തിൽ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യും" എന്ന് ധൈര്യത്തോടെ പ്രഖ്യാപിക്കുക.

PRAYER:
സ്‌നേഹവാനായ സ്വർഗ്ഗീയ പിതാവേ, അങ്ങ് മഹാനും അത്ഭുതവാനും ആയ ദൈവമായിരിക്കുന്നതിന് അങ്ങേക്ക് നന്ദി. എന്റെ ജീവിതത്തിൽ അങ്ങ് ചെയ്ത എല്ലാ അത്ഭുതകരമായ കാര്യങ്ങൾക്കും നന്ദി. കർത്താവേ, ഞാൻ വേദനയും കണ്ണുനീരും അനുഭവിക്കുമ്പോഴും അങ്ങയെ സ്തുതിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ഹൃദയം എല്ലായ്പ്പോഴും നന്ദിയും വിശ്വാസവും കൊണ്ട് നിറയട്ടെ. കർത്താവേ, എനിക്കും എന്റെ കുടുംബത്തിനും വേണ്ടി മഹത്തായതും ശക്തവുമായ കാര്യങ്ങൾ ചെയ്യേണമേ. അടഞ്ഞുകിടക്കുന്ന എല്ലാ വാതിലുകളും തുറക്കുകയും ഒരു വഴിയും ഇല്ലെന്ന് തോന്നുന്നിടത്ത് ഒരു വഴി ഉണ്ടാക്കുകയും ചെയ്യേണമേ. എല്ലാ ശത്രുക്കളിൽ നിന്നും മറഞ്ഞിരിക്കുന്ന കെണിയിൽ നിന്നും എന്നെ വിടുവിക്കേണമേ. അങ്ങയുടെ അത്ഭുതങ്ങൾ എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രകടമാകട്ടെ. ഓരോ ദിവസവും അങ്ങയുടെ സമാധാനവും സന്തോഷവും ശക്തിയും കൊണ്ട് എന്നെ നിറയ്ക്കണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.