പ്രിയ സുഹൃത്തേ, ഇന്നത്തെ വിലയേറിയ വാഗ്‌ദത്തം യെശയ്യാവ് 49:25 ൽ നിന്നാണ്, അവിടെ കർത്താവ് പറയുന്നു, "നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും." നമ്മുടെ സർവ്വശക്തനായ ദൈവത്തിൽനിന്നുള്ള എത്ര ആശ്വാസകരമായ വചനം! പോരാടുവാൻ വളരെ ബുദ്ധിമുട്ടാണെന്ന് തോന്നുന്ന യുദ്ധങ്ങൾ നിങ്ങൾ അഭിമുഖീകരിക്കുന്നുണ്ടാകാം - നിങ്ങളെ എതിർക്കുന്ന ആളുകൾ, നിങ്ങൾക്കെതിരെ ഉയരുന്ന സാഹചര്യങ്ങൾ അല്ലെങ്കിൽ തളർത്തുന്നതുപോലെ തോന്നുന്ന ഭയങ്ങൾ. എന്നാൽ കർത്താവ് പറയുന്നു, "നിങ്ങൾ ഒറ്റയ്ക്കല്ല. ഞാൻ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നു." തന്റെ മക്കൾ ആക്രമിക്കപ്പെടുമ്പോൾ ദൈവം നിശ്ചലനാകുന്നില്ല. അവൻ നിങ്ങൾക്കുവേണ്ടി ഒരു ശക്തനായ യോദ്ധാവായി എഴുന്നേൽക്കുന്നു. നിങ്ങൾക്കെതിരെ നിലകൊള്ളുന്നവർക്കെതിരെ അവൻ നിലകൊള്ളും. ലോകം അത് കാണാതിരിക്കാം, പക്ഷേ അദൃശ്യമായ ലോകത്തിൽ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കാൻ ദൈവം ഓരോ നിമിഷവും പ്രവർത്തിക്കുന്നു. യിസ്രായേലിന് വേണ്ടി പോരാടുകയും ചെങ്കടൽ വിഭജിക്കുകയും ഫറവോന്റെ സൈന്യത്തെ നിശബ്ദമാക്കുകയും ചെയ്ത അതേ ദൈവമാണ് അവൻ. അതേ ശക്തി ഇന്ന് നിങ്ങൾക്കുവേണ്ടിയും പോരാടുന്നു.

നിങ്ങൾ ചുറ്റപ്പെട്ടതുപോലെയോ നിസ്സഹായരായതു പോലെയോ തോന്നുമ്പോൾ, യുദ്ധം നിങ്ങളുടേതല്ല, അത് കർത്താവിനുള്ളതാണ് എന്ന് ഓർക്കുക. യിരെമ്യാവ് 1:19 ഇപ്രകാരം പറയുന്നു, "അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു." അതെ, ദുഷ്ടന്മാർ ഉയർന്നുവന്നേക്കാം, അവർ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തിയേക്കാം, പക്ഷേ അവർ പരാജയപ്പെടും. എന്തുകൊണ്ട്? കാരണം നിങ്ങൾ ദൈവത്തിന്റെ പൈതലാണ്. ദൈവത്തിന്റെ കൈകൊണ്ട് വരച്ച അതിർത്തി കടക്കാതെ ശത്രുവിന് നിങ്ങളെ സ്പർശിക്കാൻ കഴിയില്ല. യെശയ്യാവ് 54:15 പറയുന്നു, "ഒരുത്തൻ നിന്നോടു കലശൽ കൂടുന്നു എങ്കിൽ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശൽ കൂടിയാൽ അവൻ നിന്റെ നിമിത്തം വീഴും." അബീമേലെക്ക് രാജാവ് യിസ്ഹാക്കിനെ വണങ്ങികൊണ്ട് , "യഹോവ നിന്നോടുകൂടെയുണ്ട് എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു" എന്ന് പറഞ്ഞതുപോലെ, ദൈവം നിങ്ങളോടുകൂടെയുണ്ടെന്ന് നിങ്ങളുടെ ശത്രുക്കൾ ഏറ്റുപറയും. യിസ്ഹാക്കിനെ സംരക്ഷിച്ച്, അവന്റെ അനുഗ്രഹങ്ങൾ നൂറിരട്ടിയായി വർദ്ധിപ്പിച്ച അതേ ദൈവം നിങ്ങളെ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും. അവൻ നിങ്ങളുടെ മക്കളെ പോലും അനർത്ഥങ്ങളിൽ നിന്ന് സംരക്ഷിക്കും. കർത്താവിന്റെ കരം അഗ്നിമതിൽ പോലെ നിങ്ങളുടെ കുടുംബത്തെ വലയം ചെയ്യും.

അതുകൊണ്ട്, പ്രിയ ദൈവപൈതലേ, ഭയപ്പെടേണ്ട. നിശ്ചലമായി നിൽക്കുകയും കർത്താവിന്റെ രക്ഷ കാണുകയും ചെയ്യുക. സങ്കീർത്തനം 124:2-3 - ൽ സങ്കീർത്തനക്കാരൻ പറയുന്നു, "മനുഷ്യർ നമ്മോടു എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു." തീർച്ചയായും കർത്താവ് നിങ്ങളുടെ പക്ഷത്താണ്! ആളുകൾ പരിഹസിക്കുമ്പോൾ ദൈവം നിങ്ങളെ ഇനിയും ഉയർത്തും. ശത്രുക്കൾ നിങ്ങളുടെ പതനം ആസൂത്രണം ചെയ്യുമ്പോൾ, ദൈവം അത് നിങ്ങളുടെ സ്ഥാനക്കയറ്റമാക്കി മാറ്റും. സങ്കീർത്തനം 118:11 -ൽ വേദപുസ്തകം പറയുന്നു, "അവർ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും." അതാണ് ഇന്നത്തെ നിങ്ങളുടെ വിജയപ്രഖ്യാപനം! നിങ്ങളെ സ്നേഹിക്കുന്ന ക്രിസ്തു മുഖാന്തരം നിങ്ങൾ പൂർണ്ണജയം പ്രാപിക്കുന്നു (റോമർ 8:37). അവനെ സ്തുതിക്കുക, സ്നേഹിക്കുക, ആരാധിക്കുക. യേശു പറഞ്ഞത് ഓർക്കുക, "എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു" (യോഹന്നാൻ 5:17). ദൈവം ഇപ്പോഴും പ്രവർത്തിക്കുന്നു - അദൃശ്യമായി യുദ്ധങ്ങൾ നടത്തുന്നു, നിങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നു, നിങ്ങളെ ശക്തരാക്കി നിലനിർത്തുന്നു.

PRAYER:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, എനിക്കുവേണ്ടി എല്ലാ യുദ്ധങ്ങളിലും പോരാടിയതിന് അങ്ങേക്ക് നന്ദി. അങ്ങ് എന്റെ സംരക്ഷകനും, എന്റെ പരിചയും, എന്റെ ശക്തമായ കോട്ടയുമാണ്. കർത്താവേ, എനിക്കെതിരായി വരുന്നവരോടു അങ്ങ് തന്നെ പോരാടണമേ. എല്ലാ തിന്മയിൽ നിന്നും ദോഷത്തിൽ നിന്നും എന്റെ മക്കളെ സംരക്ഷിക്കേണമേ. പോരാട്ടങ്ങളുടെ നടുവിലും എന്റെ ഹൃദയത്തിൽ വിശ്വാസവും സമാധാനവും നിറയ്‌ക്കേണമേ. എനിക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കാതിരിക്കട്ടെ. ഓരോ ആക്രമണത്തെയും അങ്ങയുടെ ശക്തിയുടെ സാക്ഷ്യമാക്കി മാറ്റേണമേ. എന്റെ സമാധാനം നിലനിർത്താനും അങ്ങയുടെ ശക്തമായ കരത്തിൽ ആശ്രയിക്കാനും എന്നെ സഹായിക്കണമേ. എന്റെ ജീവിതം അങ്ങയുടെ വിശുദ്ധ നാമത്തിന് മഹത്വം നൽകട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.