പ്രിയ സുഹൃത്തേ, ഇന്നത്തെ വാഗ്‌ദത്തം യെശയ്യാവ് 8:18 ൽ നിന്നുള്ളതാണ്: “ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.” നാം യിസ്രായേലിൽ അടയാളങ്ങൾക്കും അത്ഭുതങ്ങൾക്കും വേണ്ടിയുള്ളവരാണ്." എത്ര മഹത്തായ സത്യം! സാധാരണ ജീവിതം നയിക്കാനല്ല, തന്റെ മഹത്വത്തിൻറെ അടയാളങ്ങളായും അത്ഭുതങ്ങളായും പ്രകാശിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. യോശുവ 24:15-ൽ യോശുവ ഇപ്രകാരം പ്രഖ്യാപിച്ചു, " ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും." ഓരോ കുടുംബവും ചെയ്യേണ്ട പ്രതിബദ്ധതയാണിത്. ഒരു കുടുംബമായി കർത്താവിനെ സേവിക്കുക എന്നതാണ് നമുക്ക് വിട്ടുകൊടുക്കാനാകുന്ന ഏറ്റവും വലിയ അവകാശം. എന്റെ സുഹൃത്തേ, നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഈ തീരുമാനം എടുത്തിട്ടുണ്ടോ? നിങ്ങളുടെ മക്കളോടൊപ്പം ഒരുമിച്ച് നിന്ന് “ഞങ്ങൾ കര്‍ത്താവിനെ സേവിക്കും” എന്ന് പറയുമോ? ഒരു കുടുംബം ദൈവത്തിന് സ്വയം സമർപ്പിക്കുമ്പോൾ, അതു മറയ്ക്കാനാകാത്ത ഒരു സാക്ഷ്യമായി മാറുന്നു.
കർത്താവ് എന്നെ വിളിച്ചതെങ്ങനെയെന്ന് ഞാൻ ഓർക്കുന്നു. എന്റെ കുടുംബത്തിലെ ഏറ്റവും ഇളയ ആളായിരുന്നു ഞാൻ. എന്റെ വീട്ടിലെ എല്ലാവരും പ്രാര്‍ത്ഥനയില്‍ ശ്രദ്ധാലുക്കളായിരുന്നു, പക്ഷേ ഞാന്‍ ഒരിക്കലും പ്രാര്‍ത്ഥിച്ചിരുന്നില്ല. കളിയിലും അശ്രദ്ധയിലും ആയിരുന്നു, കര്‍ത്താവിനെക്കുറിച്ചുള്ള ചിന്തകളൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. എന്നിട്ടും കർത്താവ് തന്റെ മഹത്തായ കാരുണ്യത്താൽ എന്നെ തിരഞ്ഞെടുത്തു. അവൻ എന്നെ തൻറെ മകളാക്കി, എന്നെ തൻറെ തൊഴുത്തിലേക്ക് കൊണ്ടുവന്നു, തന്റെ സമയത്ത്, ദൈവത്തിൻറെ ശക്തനായ സേവകനായ എൻറെ ഭർത്താവുമായി എന്നെ ഒന്നിപ്പിച്ചു. ഞങ്ങൾ ഒരുമിച്ച് കർത്താവിനെ സേവിച്ചു, എന്റെ ജീവിതം പൂർണ്ണമായും രൂപാന്തരപ്പെട്ടു. ഇന്ന് എനിക്ക് ധൈര്യത്തോടെ ഇങ്ങനെ പറയാൻ കഴിയും, "ഇതാ ഞാനും കർത്താവ് എനിക്ക് നൽകിയ മക്കളും-ഞങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളുമാണ്". ഇത് എന്റെ ശക്തിയല്ല, ദൈവകൃപയുടെ പ്രവൃത്തിയാണ്. അവൻ എന്റെ ഉള്ളിൽ ചെയ്തതുപോലെ, നിങ്ങളിലും ചെയ്യും. നിങ്ങളുടെ വീടിനെയും, നിങ്ങളുടെ മക്കളെയും, നിങ്ങളുടെ ഭാവിയെയും തൻറെ ശക്തിയുടെയും മഹത്വത്തിൻറെയും സാക്ഷ്യമാക്കി മാറ്റാൻ അവന് കഴിയും.
ദൈവത്തിൻറെ പ്രിയ പൈതലേ, എല്ലാ കുടുംബങ്ങളും പരീക്ഷണങ്ങളെയും ദുഃഖങ്ങളെയും കഷ്ടങ്ങളെയും അഭിമുഖീകരിക്കുന്നു. എന്നാൽ സങ്കീർത്തനം 91:1-2-ൽ ദൈവവചനം പറയുന്നു: "അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു." അതെ, അനുദിനം അവന്റെ സാന്നിധ്യത്തിൽ വസിക്കുക എന്നതാണ് അനുഗ്രഹത്തിന്റെ രഹസ്യം. പ്രാർത്ഥനയിലും ആരാധനയിലും കർത്താവിനോട് അടുത്തിരിക്കുക, അവൻ നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുകയും ഉയർത്തുകയും ചെയ്യും. നിങ്ങൾ ഒരുമിച്ചുകൂടി, പാടുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുമ്പോൾ, അവന്റെ ആത്മാവ് നിങ്ങളുടെ ഭവനത്തെ സമാധാനംകൊണ്ടു നിറയ്ക്കും. പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളുടെ ഹൃദയം തുറക്കുക. നിങ്ങളുടെ കുടുംബത്തെ യേശുവിന് സമർപ്പിക്കുക. അവൻ നിങ്ങളെ തൻറെ കൃപയാൽ മൂടുകയും നിങ്ങളെ ഈ തലമുറയിൽ അടയാളങ്ങളായും അത്ഭുതങ്ങളായും പ്രകാശിപ്പിക്കുകയും ചെയ്യട്ടെ.
PRAYER:
സ്നേഹവാനായ പിതാവേ, ഇന്ന് അങ്ങയുടെ വചനത്തിന്റെ ദാനത്തിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ പൈതലാകാനും ഒരു അടയാളമായും അത്ഭുതമായും ജീവിക്കാനും എന്നെ വിളിച്ചതിന് നന്ദി. കർത്താവേ, അങ്ങയെ സേവിക്കാൻ തിരഞ്ഞെടുത്ത എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. അങ്ങയുടെ സർവ്വശക്തമായ സാന്നിധ്യത്തിന്റെ നിഴലിൽ എന്റെ ഭവനത്തെ സംരക്ഷിക്കണമേ. എന്റെ കുടുംബത്തിൽ സമാധാനവും ഐക്യവും സന്തോഷവും നൽകേണമേ. അങ്ങ് എന്നെ മാറ്റിയതുപോലെ അങ്ങയുടെ ആത്മാവിൻറെ ശക്തിയാൽ എന്റെ കുടുംബത്തെയും മാറ്റേണമേ. എന്റെ കുടുംബം ഒരുമിച്ച് അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുവാൻ സഹായിക്കണമേ. ഈ തലമുറയിൽ അങ്ങയുടെ മഹത്വത്തിനായി എൻറെ കുടുംബം പ്രകാശിക്കട്ടെ. യേശുവിന്റെ ഏറ്റവും വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.