എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നാം നഹൂം 1:7 ധ്യാനിക്കുന്നു, “യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു.” ഈ "ശരണം" എന്താണ് അർത്ഥമാക്കുന്നത്? ഇത് സുരക്ഷിതത്വത്തിന്റെയും അതിജീവനത്തിന്റെയും ഒരു സ്ഥലമാണ്. വെള്ളപ്പൊക്ക മുന്നറിയിപ്പോ പ്രകൃതി ദുരന്തമോ ഉണ്ടാകുമ്പോൾ, സർക്കാർ നമ്മോട് സുരക്ഷിതമായ ഒരു സ്ഥലത്ത് അഭയം തേടാൻ ആവശ്യപ്പെട്ടേക്കാം. യുദ്ധം സാധാരണമായ പ്രദേശങ്ങളിൽ, ആളുകൾക്ക് പലപ്പോഴും ബോംബ് ഷെൽട്ടർ എന്നറിയപ്പെടുന്ന ഒന്ന് ഉണ്ട്, ഭാരമേറിയതും ശക്തവുമായ വാതിലുള്ള ഒരു ഇരുമ്പ് ക്യാബിൻ, സാധാരണയായി ഭൂമിക്കടിയിലോ ഒരു കെട്ടിടത്തിന്റെ സുരക്ഷിതമായ ഭാഗത്തിലോ അത് മറഞ്ഞിരിക്കുന്നു. അപകടം വരുമ്പോൾ, ആളുകൾ ഓടി ആ ഷെൽട്ടറിൽ ഒളിക്കുന്നു. അതുപോലെ, വേദപുസ്തകം പറയുന്നു, കർത്താവ് നമ്മുടെ ശരണമാണെന്ന്.

ഉല്പത്തി 6-ൽ, വരാനിരിക്കുന്ന വെള്ളപ്പൊക്കത്തെക്കുറിച്ച് ദൈവം നോഹയ്ക്ക് മുന്നറിയിപ്പ് നൽകിയതെങ്ങനെയെന്ന് നമുക്ക് കാണാം. സുരക്ഷിതമായിരിക്കാൻ ഒരു പെട്ടകം പണിയാൻ ദൈവം അവനോട് നിർദ്ദേശിച്ചു. തെറ്റായ വഴികളിൽ നിന്ന് പിന്തിരിഞ്ഞ് തന്നോടൊപ്പം ചേരാൻ നോഹ ആളുകൾക്ക് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചു. പക്ഷേ ആരും ശ്രദ്ധിച്ചില്ല. ഒരു വെള്ളപ്പൊക്കത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതിനാൽ അവർ അവനെ ഭ്രാന്തൻ എന്ന് വിളിച്ചു. ഇതുവരെ മഴയും പെയ്തിട്ടില്ലായിരുന്നു! പക്ഷേ നോഹ ദൈവത്തെ അനുസരിച്ചു. ദൈവത്തോടൊപ്പം നടന്ന വിശ്വസ്തനായ ഒരു മനുഷ്യനായിരുന്നു അവൻ, അതുകൊണ്ടാണ് ദൈവം നോഹയെയും കുടുംബത്തെയും സുരക്ഷിതമായി സൂക്ഷിക്കാൻ തീരുമാനിച്ചത്.

അതുപോലെ, എന്റെ സുഹൃത്തേ, നിങ്ങളുടെ ജീവിതത്തിൽ ഒരു ദുരന്തം വരുമ്പോൾ, പ്രശ്‌നമോ ആക്രമണമോ വരുമ്പോൾ, യേശുവിന്റെ അടുക്കലേക്ക് ഓടുക. അവൻ നിങ്ങളുടെ സുരക്ഷിത സ്ഥലമാണ്. മനുഷ്യരായ നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട്, "ഓ, ഈ വ്യക്തിക്ക് എന്നെ സഹായിക്കാൻ കഴിയും, അവർക്ക് സ്വാധീനമുണ്ട്, അവർക്ക് പണമുണ്ട്, അവർ എന്നെ പുറത്തുകൊണ്ടുവരും." എന്നാൽ എന്റെ സുഹൃത്തേ, ദൈവം ആഗ്രഹിക്കുന്നത് നമ്മൾ ആദ്യം അവന്റെ അടുക്കലേക്ക് ഓടണമെന്നാണ്. അവൻ നമ്മുടെ സങ്കേതമാണ്. അവൻ നമ്മുടെ കോട്ടയാണ്. അവൻ നമ്മെ സംരക്ഷിക്കുകയും നമ്മെ സഹായിക്കാൻ ശരിയായ ആളുകളെ അയയ്ക്കുകയും ചെയ്യും. സങ്കീർത്തനം 46:1 പറയുന്നതുപോലെ, "ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു." അതെ, എന്റെ സുഹൃത്തേ, അവൻ വളരെ അടുത്തിരിക്കുന്നു. അവൻ ഇന്നും ജീവിച്ചിരിക്കുന്നു, അവൻ ഇപ്പോഴും നമ്മുടെ കോട്ടയാണ്. അവന്റെ അടുക്കലേക്ക് ഓടിച്ചെന്ന് സുരക്ഷിതരായിരിക്കുക. വേദപുസ്തകം ഇങ്ങനെയും പറയുന്നു, “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.” അതിനാൽ, അവന്റെ അടുക്കലേക്ക് ഓടുക. നിങ്ങൾ സുരക്ഷിതരായിരിക്കും.

PRAYER:
പ്രിയ കർത്താവേ, എല്ലാ കൊടുങ്കാറ്റിലും അങ്ങ് എന്റെ അഭയസ്ഥാനമാണ്. ഭയം എന്നെ വലയം ചെയ്യുമ്പോൾ, അങ്ങ് എന്റെ സമാധാനമാണ്. കഷ്ടതയിൽ, അങ്ങ് എന്റെ ആശ്വാസവും കോട്ടയുമാണ്. മറ്റെല്ലാം പരാജയപ്പെടുമ്പോഴും അങ്ങ് എന്റെ അഭയസ്ഥാനമാണ്. കർത്താവേ, അവസാനത്തേതല്ല, ആദ്യം അങ്ങയുടെ അടുത്തേക്ക് ഓടാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ ശബ്ദം അനുസരിക്കാൻ നോഹയുടെ വിശ്വാസം എനിക്കു തരേണമേ. എല്ലാ പരീക്ഷണങ്ങളിലും എന്നെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യേണമേ. അങ്ങയുടെ സ്നേഹത്തിന്റെ സുരക്ഷിതത്വത്തിൽ ഞാൻ വസിക്കട്ടെ. അങ്ങ് എന്റെ ബലമുള്ള ഗോപുരവും എന്റെ മറവിടവുമാണ്. ഞാൻ അങ്ങിൽ പൂർണ്ണമായും, ഇന്നും എന്നേക്കും ആശ്രയിക്കുന്നു. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.