എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന്, നാം യോവേൽ 2:28 ധ്യാനിക്കാൻ പോകുന്നു. അത് ഇപ്രകാരം പറയുന്നു, "ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും." സുഹൃത്തേ, നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ആത്മാവുണ്ടെങ്കിൽ, നിങ്ങൾ ഒരു വ്യത്യസ്ത വ്യക്തിയായിരിക്കും. നിങ്ങളുടെ ജീവിതം ദൈവികമായിരിക്കും. അപ്പൊ. പ്രവൃത്തികൾ 10:38 - ൽ കർത്താവായ യേശുവിന് ദൈവത്തിന്റെ ശക്തി ലഭിച്ചു. അതുകൊണ്ടാണ് അവൻ ചെയ്തതെല്ലാം ശക്തമായിരുന്നത്. അതുപോലെ, ദൈവം നിങ്ങളുടെ ജീവിതത്തെയും മാറ്റും.

പത്രൊസിന്റെ ജീവിതം കാണുക. അവനെ കർത്താവ് തന്റെ ശിഷ്യനായി തിരഞ്ഞെടുത്തു, പത്രൊസ്, യേശുവിനോടൊപ്പം ഉണ്ടായിരുന്ന സമയത്തെല്ലാം, അവൻ നൽകിയ എല്ലാ സന്ദേശങ്ങളും കേട്ടു. എന്നിരുന്നാലും, ഇതൊക്കെയാണെങ്കിലും, യേശുവിനെ അറസ്റ്റ് ചെയ്യാനിരിക്കുമ്പോൾ, മനുഷ്യരെ ഭയന്നതിനാൽ അവൻ പുറത്തായിരുന്നു. ലൂക്കൊസ് 22:56-61 വായിക്കുകയാണെങ്കിൽ, അതിൽ അവൻ യേശുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു. എന്നാൽ യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റപ്പോൾ, ദൈവത്തിന്റെ ശക്തിയെക്കുറിച്ചും അത് സ്വീകരിക്കാൻ കർത്താവിന്റെ കാൽക്കൽ കാത്തിരിക്കേണ്ട വഴികളെക്കുറിച്ചും ശിഷ്യന്മാരോട് പറഞ്ഞു. അപ്പൊ. പ്രവൃത്തികൾ 1:14 ൽ, യേശുവിനോടുകൂടെ ഉണ്ടായിരുന്ന എല്ലാവരും ഒരുമിച്ചു താമസിക്കുകയും ഈ ദൈവികാനുഭവം സംഭവിക്കാനായി പ്രാർത്ഥിക്കുകയും ചെയ്തതായി നാം കാണുന്നു. ആ സമയത്ത്, യേശുവിനെ മൂന്ന് തവണ തള്ളിപ്പറഞ്ഞ അതേ പത്രൊസിനും ദൈവത്തിന്റെ ശക്തി ലഭിച്ചു.

അവൻ ദൈവത്തിന്റെ ശക്തിയാൽ, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറയുകയും യേശുവിനെപ്പോലെ ശുശ്രൂഷ ചെയ്യാൻ തുടങ്ങുകയും ചെയ്തു. അതുപോലെ, ഞങ്ങളുടെ കുടുംബത്തിലും പരിശുദ്ധാത്മാവിന്റെ നിറവിനെക്കുറിച്ച് ഞങ്ങൾക്കൊന്നും അറിയില്ലായിരുന്നു. ഞങ്ങൾ വെറും സഭയിൽ പോകുന്നവരായിരുന്നു, അത്രമാത്രം. എന്നാൽ വചനം എങ്ങനെ സ്വീകരിക്കാമെന്നും ദൈവത്തിന്റെ ശക്തി എങ്ങനെ സ്വീകരിക്കാമെന്നും ദൈവം ഞങ്ങളെ പഠിപ്പിച്ചു, അവൻ ഞങ്ങളെ ഓരോരുത്തരെയും തന്റെ ശക്തി കൊണ്ട് നിറച്ചു. ഇന്നുവരെ, തന്റെ മഹത്വത്തിനായി അവൻ ഞങ്ങളെ ശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. സുഹൃത്തേ, ഒരു കുടുംബമായി കർത്താവിനായി പ്രവർത്തിക്കുന്നത് വളരെ മനോഹരമാണ്. ഇന്ന്, കർത്താവ് നിങ്ങളെ അതേ രീതിയിൽ അനുഗ്രഹിക്കാൻ പോകുന്നു. നിങ്ങൾ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും!

PRAYER:
പ്രിയ കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്റെമേൽ പകരുമെന്ന അങ്ങയുടെ ശക്തമായ വാഗ്‌ദത്തത്തിന് അങ്ങേയ്ക്ക് നന്ദി. അങ്ങ് അഭിഷിക്തനാണ്. ആകയാൽ, അങ്ങയുടെ ശക്തിയാലും സാന്നിധ്യത്താലും എന്നെ നിറയ്ക്കണമേ. എന്റെ ഹൃദയത്തിൽ നിന്ന് എല്ലാ ഭയവും ഉത്കണ്ഠാഭരിതമായ ചിന്തകളും നീക്കം ചെയ്യുകയും വിശ്വാസത്തിൽ എന്നെ ധൈര്യപ്പെടുത്തുകയും ചെയ്യേണമേ. എല്ലാ ദിവസവും പ്രാർത്ഥനയിൽ അങ്ങയുടെ പാദങ്ങളിൽ കാത്തിരിക്കാൻ എന്നെ പഠിപ്പിക്കണമേ. പത്രൊസിന്റെ ജീവിതത്തെ അങ്ങ് രൂപാന്തരപ്പെടുത്തിയതുപോലെ എന്റെ ജീവിതത്തെയും രൂപാന്തരപ്പെടുത്തേണമേ. കർത്താവേ, അങ്ങയുടെ മഹത്വത്തിനായി എന്റെ ജീവിതത്തെയും എന്റെ കുടുംബത്തെയും ഉപയോഗിക്കണമേ. ലോകത്തിന്റെ മുന്നിൽ അങ്ങയുടെ മഹത്വം പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതം നയിക്കാൻ എന്നെ അനുവദിക്കേണമേ. യേശുവേ, അങ്ങയുടെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.  ആമേൻ.