എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നാം ദാനിയേൽ 12:3 ധ്യാനിക്കുന്നു, അത് ഇപ്രകാരം പറയുന്നു, “നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെ എന്നും എന്നേക്കും പ്രകാശിക്കും." പലപ്പോഴും, ഒരാളെ നീതിയിലേക്ക് നയിക്കുക എന്നാൽ അവരോട് പ്രസംഗിക്കുകയോ ദൈവവചനത്തെക്കുറിച്ച് സംസാരിക്കുകയോ ചെയ്യുക എന്നാണ് നാം കരുതുന്നത്. ഒരാളുടെ അടുത്തേക്ക് നേരിട്ട് പോയി നീതിയെക്കുറിച്ച് പറയുക എന്നതാണ് അവർക്ക് അത് അറിയാൻ ഉള്ള ഏക മാർഗം എന്ന് നാം വിശ്വസിക്കുന്നു. പക്ഷേ എന്റെ സുഹൃത്തേ, ഒരാൾക്ക് നീതി മനസ്സിലാക്കാനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗം ഒരാൾ നീതിമാനായ ജീവിതം നയിക്കുന്നത് കാണുന്നതിലൂടെയാണ്. "പ്രവൃത്തികൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു" എന്ന ചൊല്ല് നാം കേട്ടിട്ടുണ്ട്. പലപ്പോഴും, ആളുകൾ നീതി മനസ്സിലാക്കുന്നത് പറയുന്നതിലൂടെയല്ല, മറിച്ച് ജീവിക്കുന്നതിലൂടെയാണ്. ഒരാളെ ദൈവത്തിൻറെ പൈതലായി കാണുന്നതിലൂടെയും, നിങ്ങൾ ആത്മാർത്ഥതയോടെ നിങ്ങളുടെ ജീവിതം നയിക്കുന്നതിലൂടെയും, ഒരാളെ പരിപാലിക്കുന്നതിലൂടെയും, നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ദൈവത്തിൻറെ കൽപ്പനകൾ പാലിക്കുന്നതിലൂടെയും തന്നെ. എന്റെ സുഹൃത്തേ, നിങ്ങൾ യഥാർത്ഥത്തിൽ നീതിയുള്ള ജീവിതം നയിക്കുന്നുവെന്ന് കാണിക്കുന്നത് ഇങ്ങനെയാണ്. നിങ്ങൾ സത്യത്തിനുവേണ്ടി ഉറച്ചുനിൽക്കുമ്പോൾ, പ്രയാസകരമായ സമയങ്ങളിൽ പോലും, ആളുകൾ നിങ്ങളിലൂടെ നീതി കാണും. അതിലൂടെ, നിങ്ങൾക്ക് അവരെ ദൈവവചനത്തിലേക്ക് നയിക്കാൻ കഴിയും.

ഇതേ കാര്യം തന്നെ ചെയ്ത ഒരു മിഷനറി ഉണ്ടായിരുന്നു. ഇന്ത്യയിൽ 55 വർഷത്തിലേറെ കാലം ചെലവഴിച്ച ഐറിഷ് മിഷനറിയായ ആമി കാർമൈക്കൽ എന്നായിരുന്നു അവരുടെ പേര്. അടിമത്തത്തിലായിരുന്ന പെൺകുട്ടികളെ, അവരുടെ അന്തസ്സ് കവർന്നെടുക്കുന്ന കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതരായ പെൺകുട്ടികളെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ദൌത്യം. ആമി കാർമൈക്കിളിന്റെ ജീവിതദൗത്യം ഈ പെൺകുട്ടികളെ രക്ഷിക്കുക എന്നതായിരുന്നു. അവരുടെ ജോലി അപകടകരമായിരുന്നെങ്കിലും, പിടിക്കപ്പെട്ടാൽ പ്രാദേശിക അധികാരികളിൽ നിന്ന് ഗുരുതരമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമായിരുന്നെങ്കിലും, അവർ പതറിയില്ല. അവർ ഉറച്ചുനിന്നു, ഈ പെൺകുട്ടികളെ പരിപാലിച്ചു, അവർക്ക് സുരക്ഷിതമായ ഒരു ഇടം നൽകി, യേശുവിനെക്കുറിച്ച് അവരോട് പറഞ്ഞു, അവരെ പഠിപ്പിച്ചും സ്നേഹിച്ചും ദൈവത്തിന്റെ ദൃഷ്ടിയിൽ അവർ വിലപ്പെട്ടവരാണെന്ന സത്യം നൽകിയും അവരെ വളർത്തി. ഈ പെൺകുട്ടികളിൽ പലരും തങ്ങൾ ദൈവത്താൽ സ്നേഹിക്കപ്പെടുന്നവരാണെന്ന് അറിഞ്ഞുകൊണ്ട് ആത്മവിശ്വാസത്തോടും പ്രത്യാശയോടും കൂടി വളർന്നു. ഇന്നും ദോഹനാവർ ഫെലോഷിപ്പ് എന്ന പേരിൽ ഈ സുരക്ഷിത ഹോം പ്രവർത്തിക്കുന്നു. അവർ ഇപ്പോഴും നൂറുകണക്കിന് കുട്ടികളെ രക്ഷിക്കുന്നു, അവർക്ക് സുരക്ഷിതമായ ഒരു സ്ഥലം നൽകുകയും യേശുവിന്റെ സ്നേഹത്താൽ അവരെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

എന്റെ സുഹൃത്തേ, നിങ്ങളുടെ ജീവിതവും നിങ്ങളുടെ പ്രവൃത്തികളും പലരെയും നീതിയിലേക്ക് നയിക്കും. നക്ഷത്രങ്ങളെപ്പോലെ നിങ്ങൾ എന്നെന്നേക്കുമായി പ്രകാശിക്കും. ആമിയുടെ ദൗത്യം ഇന്നും എങ്ങനെ തുടരുന്നുവെന്ന് നമുക്ക് കാണാൻ കഴിയും. അതുപോലെ, മറ്റുള്ളവരെ നീതിയിലേക്ക് നയിക്കുമ്പോൾ ദൈവം നിങ്ങളെ എന്നെന്നേക്കുമായി പ്രകാശിപ്പിക്കും. അവരെല്ലാം നിങ്ങളോടൊപ്പം പ്രകാശിക്കും, യേശുവിന്റെ സ്നേഹം എല്ലായിടത്തും വ്യാപിപ്പിക്കും. എത്ര മനോഹരമായ കാര്യം. ഇന്ന്, നിങ്ങൾ നിങ്ങളുടെ ജീവിതവും ഈ ദൗത്യത്തിനായി സമർപ്പിക്കുമോ?

PRAYER:
പ്രിയ കർത്താവേ, ഈ ലോകത്തിൽ ഒരു വെളിച്ചമാകാൻ എന്നെ വിളിച്ചതിന് നന്ദി. അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെ എന്നേക്കും പ്രകാശിക്കുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിന് നന്ദി. കർത്താവേ, ഇപ്പോൾ തന്നെ അങ്ങയുടെ സ്നേഹം, സത്യം, നീതി എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതം നയിക്കാൻ എന്നെ സഹായിക്കണമേ. എന്റെ പ്രവൃത്തികൾ എന്റെ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കട്ടെ. പ്രയാസകരമായ നിമിഷങ്ങളിൽ പോലും സത്യത്തിൽ ഉറച്ചുനിൽക്കാൻ എന്നെ സഹായിക്കണമേ. എന്റെ ജീവിതം അങ്ങയുടെ വിശുദ്ധിയുടെ സാക്ഷ്യമായിരിക്കട്ടെ. മറ്റുള്ളവരെ പരിപാലിക്കാനും, ആത്മാർത്ഥമായി സ്നേഹിക്കാനും, സത്യസന്ധതയോടെ നടക്കാനും എന്നെ ഉപയോഗിക്കണമേ, അങ്ങനെ മറ്റുള്ളവർ എന്നിൽ അങ്ങയെ കാണട്ടെ, എന്റെ ജീവിതത്തിലൂടെ അവർ അങ്ങയുടെ വചനത്തിലേക്ക് ആകർഷിക്കപ്പെടട്ടെ. പിതാവേ, ഇന്ന് ഞാൻ ഈ ദിവ്യ ദൗത്യത്തിനായി എന്നെത്തന്നെ സമർപ്പിക്കുന്നു. എന്റെ ജീവിതം മറ്റുള്ളവരെ അങ്ങിലേക്ക് നയിക്കുന്ന ഒരു തിളങ്ങുന്ന നക്ഷത്രം പോലെയാകട്ടെ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.