എന്റെ വിലയേറിയ സുഹൃത്തേ, "തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും" സങ്കീർത്തനം 145:19 -ൽ അങ്ങനെ പറയുന്നു. അതനുസരിച്ച്, ദൈവം നിങ്ങളുടെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിറവേറ്റാൻ ആഗ്രഹിക്കുന്നു. സങ്കീർത്തനം 20:4 ഉം പറയുന്നു, "നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താല്പര്യമൊക്കെയും നിവർത്തിക്കട്ടെ."

സഭാപ്രസംഗി 3:11 അനുസരിച്ച് ദൈവം നിങ്ങൾക്ക് ആഗ്രഹങ്ങൾ നൽകുന്നു. അത് പറയുന്നു, "അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു." അതിനാൽ, യേശു നിങ്ങളുടെ ഹൃദയത്തിൽ വസിക്കുമ്പോൾ അവൻ തന്റെ പദ്ധതി പ്രകാരം നിങ്ങളിൽ ആഗ്രഹങ്ങൾ സ്ഥാപിക്കുന്നു. നിങ്ങളുടെ ആഗ്രഹം ദൈവത്തിന്റെ പദ്ധതിയായി മാറുന്നു. ദൈവത്തിന്റെ പദ്ധതി പിന്നീട് നിങ്ങളുടെ ആഗ്രഹമായി മാറുന്നു. അതെ, നിങ്ങളും കർത്താവും ഒന്നായിത്തീരുന്നു. കർത്താവിനോട് ചേർന്നിരിക്കുന്നവൻ കർത്താവിനോട് ഏകാത്മാവാണ്. യേശു നിങ്ങളുടെ ഹൃദയത്തിൽ വസിക്കുമ്പോഴും, ദൈവഭയത്തോടെയും അവന്റെ ഇഷ്ടം ചെയ്യാൻ ശ്രമിച്ചും നിങ്ങൾ എല്ലാം ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അപ്പോൾ നിങ്ങളുടെ ഹൃദയം ദൈവത്തിൻറെ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു, അവൻറെ പദ്ധതി നിങ്ങളുടെ ഹൃദയത്തിൽ വെളിപ്പെടുന്നു, ദൈവത്തിൻറെ പദ്ധതി നിങ്ങളുടെ ആഗ്രഹമായി മാറുന്നു. നിങ്ങൾക്ക് അത് അനുഭവപ്പെടുകപോലും ചെയ്യില്ല. നിങ്ങൾക്ക് അത് മനസ്സിലാകില്ല, പക്ഷേ നിങ്ങൾ സ്വയം ഇങ്ങനെ പറയും, "എങ്ങനെയെങ്കിലും എനിക്ക് ഈ ജോലി വേണം. എങ്ങനെയെങ്കിലും, എനിക്ക് ഈ തൊഴിലിൽ പ്രവേശിക്കണം. എനിക്ക് ഈ വ്യക്തിയെ വിവാഹം കഴിക്കണം." അപ്പോൾ, യേശു നിങ്ങളിൽ ഉള്ളതിനാൽ ദൈവത്തിന്റെ പദ്ധതി നിങ്ങളുടെ ആഗ്രഹമായി മാറുന്നു. നിങ്ങളുടെ ചിന്തകൾ ശുദ്ധമാണ്. നിങ്ങളുടെ ഹൃദയം ശുദ്ധമാണ്. വേദപുസ്തകം പറയുന്നു, "ദൈവം തന്റെ ഭക്തന്മാരുടെ ആഗ്രഹം സാധിപ്പിക്കും." ദൈവം നിങ്ങൾക്ക് ആ കൃപ നൽകട്ടെ.

കാരുണ്യാ സർവകലാശാലയിൽ നിന്ന് ബിരുദം നേടി ദൈവപദ്ധതിയിലേക്ക് പ്രവേശിച്ച രണ്ട് വിദ്യാർത്ഥികളുടെ ഈ സാക്ഷ്യം ഞാൻ പങ്കുവെക്കട്ടെ. അവരുടെ മാതാപിതാക്കൾ രണ്ടുപേരും യേശു വിളിക്കുന്നു ശുശ്രൂഷയിലൂടെ രക്ഷിക്കപ്പെട്ടു, പ്രാർത്ഥനാ ഗോപുരങ്ങളിൽ സ്വമേധയാ പ്രവർത്തിച്ചുകൊണ്ട് പ്രാർത്ഥനാ മധ്യസ്ഥരായി സേവനമനുഷ്ഠിച്ചു. തങ്ങളുടെ കുട്ടികളെ തനിയെ കരുണ്യയിൽ പാർപ്പിക്കാൻ അവർ ആഗ്രഹിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഈ വിദ്യാർത്ഥികൾക്ക് പരസ്പരം അറിയില്ലായിരുന്നു, എന്നിട്ടും ഇരുവരും ഉത്സാഹത്തോടെ പഠിക്കുകയും 100% മെറിറ്റ് സ്കോളർഷിപ്പുകൾ നേടുകയും ചെയ്തു. ഒരാൾ അരുണേഷ് ആയിരുന്നു, മറ്റൊരാൾ ആൽഫയും. അരുണേഷ് തന്റെ ജീവിതത്തിലെ ഭയത്തെയും അനിശ്ചിതത്വത്തെയും മറികടന്ന് കാരുണ്യയിലെ പരിശീലനത്തിലൂടെ ഒരു നേതാവായി. കാരുണ്യയിൽ വിദ്യാർത്ഥിയായിരിക്കെ തന്നെ അവൻ ഒരു ആരാധനാ നേതാവായി, ബെഥസ്ദാ പ്രാർത്ഥനാ കേന്ദ്രത്തിൽ ശുശ്രൂഷകൾ നടത്തി, പ്രാർത്ഥനാ സെല്ലുകൾക്ക് നേതൃത്വം നൽകി, യേശു വിളിക്കുന്നു പ്രാർത്ഥനാ ഉത്സവങ്ങളിൽ ആരാധനനക്ക് നേതൃത്വം വഹിച്ചു. കാരുണ്യ അവനെ ആത്മീയമായി ശാക്തീകരിച്ചു, ക്യാമ്പസിൽ ആയിരിക്കുമ്പോൾ തന്നെ അവൻ കോഗ്നിസന്റിൽ ജോലിയിൽ പ്രവേശിച്ചു. ഇന്ത്യയിൽ ജോലി ചെയ്തിരുന്ന അവൻ പിന്നീട് യുകെയിലേക്ക് താമസം മാറി. ഇന്ന് അവൻ യുകെയിൽ അനിൽ ഐടി സർവീസസ് ലിമിറ്റഡ് എന്ന പേരിൽ സ്വന്തമായി ഒരു കമ്പനി ആരംഭിച്ചു. കാരുണ്യയിൽ പഠിച്ച ആൽഫയെ അവൻ വിവാഹം കഴിച്ചു. ഗായകസംഘത്തിലെ അംഗമാകാനും പ്രാർത്ഥനാ സെല്ലിന്റെ നേതാവാകാനും പ്രാർത്ഥനാ ഉത്സവങ്ങളിൽ സേവനമനുഷ്ഠിക്കാനും ആൽഫയ്ക്ക് പരിശീലനം നൽകുകയും സജ്ജമാക്കുകയും ചെയ്തു. കാരുണ്യയിൽ ആയിരിക്കുമ്പോൾ തന്നെ അവർ ടെക് മഹീന്ദ്രയിൽ നിയമിക്കപ്പെടുകയും പിന്നീട് സിടിഎസിലേക്ക് മാറുകയും ഒടുവിൽ യുകെയിലേക്ക് താമസം മാറ്റുകയും ചെയ്തു. അരുണേഷിനെ വിവാഹം കഴിച്ച അവൾ നാഷണൽ ഹെൽത്ത് സർവീസിലും പിന്നീട് ബ്രിട്ടീഷ് ടെലികോമിലും ജോലി ചെയ്തു.

ഇന്ന് അവർക്ക് അനിൽ, ഏഞ്ചൽ എന്നീ രണ്ട് സൗന്ദര്യമുള്ള കുട്ടികളുണ്ട്, ഒരു കുടുംബമെന്ന നിലയിൽ, അവർ തങ്ങളുടെ കൂട്ടായ്മയിലൂടെയും തൊഴിലിലൂടെയും കർത്താവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നു. അവർ യുണൈറ്റഡ് കിംഗ്ഡത്തിൽ കർത്താവിന് ശക്തമായ സാക്ഷികളാണ്. ദൈവം നിങ്ങളുടെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിറവേറ്റുന്നു. നിങ്ങൾ അവനെ ഭയപ്പെടുകയും നിങ്ങളുടെ ഹൃദയവും ജീവിതവും അവനു സമർപ്പിക്കുകയും ചെയ്യുമ്പോൾ, അവൻ ആസൂത്രണം ചെയ്ത എല്ലാ കാര്യങ്ങളും നിങ്ങളുടെ ആഗ്രഹമായിത്തീരുന്നു, അത് സംഭവിക്കുന്നു, കാരണം ദൈവം നിങ്ങളെ അങ്ങനെ അനുഗ്രഹിക്കുന്നു. ദൈവം നിങ്ങൾക്ക് ഈ അനുഗ്രഹം നൽകട്ടെ.

PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ പൂർണ്ണമായ പദ്ധതി പ്രകാരം എന്റെ ഹൃദയത്തിൽ ആഗ്രഹങ്ങൾ സ്ഥാപിച്ചതിന് നന്ദി. വിശുദ്ധിയുള്ള ഭക്തിയോടെ നടക്കാനും ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അങ്ങയുടെ ഇഷ്ടം മാത്രം തേടാനും എന്നെ സഹായിക്കണമേ. എന്റെ ഉള്ളിലെ ഓരോ ആഗ്രഹവും അങ്ങയെ പ്രസാദിപ്പിക്കുന്ന കാര്യങ്ങളുമായി യോജിപ്പിക്കട്ടെ. കർത്താവായ യേശുവേ, എന്നിൽ വസിക്കുകയും എന്റെ ആത്മാവിനെ അങ്ങയുടെ ആത്മാവുമായി ഒന്നിപ്പിക്കുകയും ചെയ്യണമേ. എല്ലാ ദിവസവും എന്റെ ചിന്തകളെയും തിരഞ്ഞെടുപ്പുകളെയും എന്റെ ചുവടുകളെയും നയിക്കേണമേ. എൻറെ ആഗ്രഹങ്ങൾ എന്നിലുള്ള അങ്ങയുടെ സാന്നിധ്യത്തിൻറെ ഒഴുക്കായി മാറട്ടെ. അങ്ങ് എനിക്കായി എഴുതിയ എല്ലാ പദ്ധതികളും അങ്ങയുടെ ഉചിതമായ സമയത്ത് നടപ്പിലാകട്ടെ. കർത്താവേ, ഞാൻ പൂർണ്ണമായും എന്നെ സമർപ്പിക്കുന്നു. എൻറെ ജീവിതത്തിലൂടെ അങ്ങയുടെ ആഗ്രഹങ്ങൾ നിറവേറ്റേണമേ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.