പ്രിയ സുഹൃത്തേ, ഇന്ന് നാം സെഫന്യാവ് 3:17 ധ്യാനിക്കാൻ പോകുന്നു. ഇത് എന്റെ ഭർത്താവിന്റെ പ്രിയപ്പെട്ട വാക്യമാണ്. ഇവിടെ, വേദപുസ്തകം പറയുന്നു, “നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും.” ഈ വാക്യം വികാരഭരിതമാണ്. നമ്മുടെ കർത്താവ് നമ്മിൽ നിന്ന് അകലെയല്ല. അവൻ നമ്മുടെ മദ്ധ്യേയുണ്ട്, നമ്മുടെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും ആഴത്തിൽ ഇടപെട്ടിരിക്കുന്നു. ദിവസത്തിലെ ഏത് സമയത്തും നമുക്ക് അവനെ വിളിച്ചപേക്ഷിക്കാം. അവൻ നമ്മെ വളരെയധികം സ്നേഹിക്കുന്നതിനാൽ അവൻ തന്റെ ജീവൻ നമുക്കുവേണ്ടി നൽകി. നമ്മുടെ കർത്താവായ യേശു തന്റെ സ്നേഹത്താൽ നമുക്ക് ആശ്വാസം ലഭിക്കാനായി എല്ലാ പ്രവൃത്തികളും ക്രൂശിൽ അവസാനിപ്പിച്ചു. അവൻ സമീപസ്ഥൻ മാത്രമല്ല, രക്ഷിക്കാൻ ശക്തനുമാണ്. നമ്മെ കുറ്റപ്പെടുത്താനല്ല അവൻ ഇവിടെയുള്ളത്. അവൻ നമ്മിൽ സന്തോഷിക്കുന്നു.
ദൈവം നമ്മിൽ സന്തോഷിക്കുന്നത് എങ്ങനെയാണ്? യെശയ്യാവ് 62:5-ൽ വേദപുസ്തകം പറയുന്നു, "മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും." അവന്റെ സ്നേഹത്തിന്റെ ആഴം അത്രയ്ക്കാണ്. ലോകം നമ്മെ വിധിക്കുകയോ കുറ്റം വിധിക്കുകയോ ചെയ്തേക്കാം, എന്നാൽ ദൈവത്തിന്റെ സ്നേഹം നിരുപാധികമാണ്. അവന്റെ സ്നേഹത്തിന് ഒരു തടസ്സവുമില്ല. അവൻ എപ്പോഴും നിങ്ങളുടെ അരികിലുണ്ടാകും, നിങ്ങളെ സ്നേഹിക്കുകയും നിങ്ങളിൽ സന്തോഷിക്കുകയും ചെയ്യും. യേശുവിന്റെ കുരിശു മരണശേഷം, ശിഷ്യന്മാർക്ക് അവനെ വല്ലാതെ നഷ്ടമായി. അവരുടെ ഹൃദയങ്ങൾ അസ്വസ്ഥമായിരുന്നു. ലൂക്കൊസ് 24-ൽ, അവർ എമ്മവുസ്സിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ, യേശു അവർക്ക് പ്രത്യക്ഷപ്പെട്ടു. അവൻ തിരുവെഴുത്തുകളിൽ നിന്ന് തന്നെക്കുറിച്ച് സംസാരിച്ചു. അവസാനം, ലൂക്കൊസ് 24:32-ൽ ശിഷ്യന്മാർ പറഞ്ഞു, “അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ?”
ഇതാണ് യേശുവിന് തന്റെ ശിഷ്യന്മാരോടുള്ള സ്നേഹം. യേശു നിങ്ങളെയും അതേ രീതിയിൽ സ്നേഹിക്കുന്നു. അവൻ നിങ്ങളിൽ സന്തോഷിക്കുക മാത്രമല്ല, നിങ്ങൾ അവന്റെ വചനം വായിക്കുമ്പോഴെല്ലാം തന്നെക്കുറിച്ച് നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. അത്രയധികം അവൻ നിങ്ങളെ സ്നേഹിക്കുന്നു. റോമർ 10:17 പറയുന്നതുപോലെ, "വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു." അതിനാൽ നിങ്ങൾ വേദപുസ്തകം തുറക്കുമ്പോഴെല്ലാം യേശുവിനെ നിങ്ങൾക്കായി സ്വീകരിക്കുക. അവൻ വന്ന് നിങ്ങളുടെ ഹൃദയത്തിൽ വസിക്കും. അവൻ നിങ്ങളിൽ പ്രസാദിക്കും. ഘോഷത്തോടെ അവൻ നിങ്ങളിൽ ആനന്ദിക്കും. യേശുവിന്റെ സ്നേഹം ഒരു അമ്മയുടെ സ്നേഹം പോലെയാണ് - അവൻ നമ്മെ തൊട്ടിലിൽ കിടത്തുന്നു, നമുക്കായി പാടുന്നു, ഉറക്കുകയും ചെയ്യുന്നു . ഞാൻ ഇത് പലതവണ അനുഭവിച്ചിട്ടുണ്ട്. കണ്ണീരോടെ ഞാൻ ഉറങ്ങാൻ കിടന്ന രാത്രികളിൽ, കർത്താവ് എന്റെ കാതുകളിൽ മൃദുവായി, ഒരു ചെറിയ ശബ്ദത്തിൽ, “എന്റെ കുഞ്ഞേ, ഉറങ്ങാൻ പോകുക. ഞാൻ നിനക്കുവേണ്ടി ഇവിടെയുണ്ട്" എന്ന് പറയാറുണ്ട്. പ്രിയ സുഹൃത്തേ, കർത്താവ് നിങ്ങളെ വാസ്തവമായി സ്നേഹിക്കുന്നു, നിങ്ങളിൽ സന്തോഷിക്കുന്നു. ലോകത്തിൽ നിങ്ങളെ സ്നേഹിക്കാൻ ആരുമില്ലെന്ന് ഒരിക്കലും പറയരുത്. ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ട്.
PRAYER:
സ്നേഹവാനായ കർത്താവേ, എന്നിൽ സന്തോഷത്തോടെ ആനന്ദിക്കുന്ന ശക്തനായ രക്ഷകനായി എന്റെ മധ്യത്തിൽ ആയിരിക്കുന്നതിന് അങ്ങേക്ക് നന്ദി. അങ്ങയുടെ സ്നേഹത്താൽ എന്റെ ഹൃദയത്തെ ശാന്തമാക്കിയതിന് നന്ദി. ഒരു മണവാളൻ തന്റെ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ, അങ്ങ് എന്നിൽ സന്തോഷിക്കുന്നു. രാത്രിയുടെ നിശബ്ദമായ മണിക്കൂറുകളിൽ, പ്രത്യേകിച്ച് നിശ്ശബ്ദമായ സമയങ്ങളിൽ, അങ്ങയുടെ ശാന്തമായ നേർത്ത ശബ്ദം കേൾക്കാൻ എന്നെ പഠിപ്പിക്കണമേ. ഞാൻ ക്ഷീണിതയാകുമ്പോൾ, എന്നെ അങ്ങയുടെ കൈകളാൽ ആശ്ലേഷിക്കണമേ. അങ്ങയുടെ വചനം ധ്യാനിക്കുകയും അങ്ങയോടൊപ്പം നടക്കുകയും ചെയ്യുമ്പോൾ എന്റെ ഹൃദയം സന്തോഷത്താൽ ജ്വലിക്കട്ടെ. കർത്താവായ യേശുവേ, അങ്ങയുടെ സാന്നിധ്യവും സമാധാനവും എപ്പോഴും അനുഭവിക്കാൻ കഴിയേണ്ടതിന്, കുരിശിലെ പ്രവൃത്തി പൂർത്തിയാക്കിയതിന് നന്ദി. ഇന്ന് ഞാൻ അങ്ങയെ വീണ്ടും എന്റെ ഹൃദയത്തിലേക്ക് ക്ഷണിക്കുന്നു. കർത്താവേ, എന്നിൽ സന്തോഷിക്കണമേ, അങ്ങയുടെ സന്തോഷം എന്നെ അനുഭവിക്കാൻ അനുവദിക്കണമേ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.