എന്റെ പ്രിയ സുഹൃത്തുക്കളേ, ഇന്നത്തെ വാഗ്ദത്തം സങ്കീർത്തനം 25:3-ൽ നിന്നുള്ളതാണ്: "നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല." നിങ്ങളുടെ കാത്തിരിപ്പ് കർത്താവ് കാണുന്നുണ്ട്. വലിയൊരു കാര്യത്തിനായി അവനിൽ മാത്രം ആശ്രയിക്കുന്ന നിങ്ങൾ വളരെക്കാലമായി അവനെ കാത്തിരിക്കുകയായിരിക്കാം. ലൌകിക പരിഹാരങ്ങൾക്കായി തിരയുമ്പോൾ, നമുക്ക് മറ്റുള്ളവരിൽ നിന്ന് ഒരു ചെറിയ സ്ഥാനക്കയറ്റമോ പരിമിതമായ സഹായമോ മാത്രമേ ലഭിക്കൂ. എന്നാൽ കർത്താവിനെ കാത്തിരിക്കുന്നവർക്ക് അസാധാരണമായ എന്തെങ്കിലും ലഭിക്കും. അവന്റെ ഉത്തരം ലഭിക്കുമ്പോൾ, അത് നിങ്ങൾ പ്രതീക്ഷിച്ചതിലും വളരെ വലുതും അതിശയകരവുമായിരിക്കും. ആകയാൽ അവനെ മുറുകെപ്പിടിക്കുക; കർത്താവിലുള്ള നിങ്ങളുടെ കാത്തിരിപ്പ് നിങ്ങളെ ഒരുനാളും ലജ്ജിപ്പിക്കയില്ല.

ഭർത്താവിനൊപ്പം ദുബായിൽ താമസിച്ചിരുന്ന ഒരു സഹോദരിയുടെ സാക്ഷ്യം ഞാൻ പങ്കുവയ്ക്കട്ടെ. അവളുടെ ഭർത്താവിനെ ചില സഹപ്രവർത്തകർ വഞ്ചിച്ചു. അവർ ഒരു രേഖയിൽ ഒരു ഉപഭോക്താവിൻ്റെ വ്യാജ ഒപ്പ് ഉണ്ടാക്കുകയും ഒരു ഇടപാട് ക്ലിയർ ചെയ്യാൻ അദ്ദേഹത്തിൻ്റെ അനുമതി നേടുകയും ചെയ്തു. ഒപ്പ് ഉപഭോക്താവിന്റെ ബാങ്ക് രേഖകളുമായി പൊരുത്തപ്പെടുന്നതിനാൽ, അദ്ദേഹം രേഖ അംഗീകരിക്കുകയും നിർദ്ദേശിച്ചതുപോലെ ഉപഭോക്താവിന്റെ അക്കൌണ്ടിൽ നിന്ന് വലിയ തുക പിൻവലിക്കുകയും ചെയ്തു. ഇതുമൂലം അദ്ദേഹം ഗുരുതരമായ നിയമപ്രശ്നത്തിൽ അകപ്പെട്ടു. അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും തെറ്റിന് അദ്ദേഹം ഉത്തരവാദിയല്ലെന്ന് തെളിയിക്കാൻ അവർക്ക് നിയമപോരാട്ടം നടത്തേണ്ടിവരികയും ചെയ്തു. ആ സമയത്ത്, അവൾക്ക് ഒരു വയസ്സുള്ള ഒരു കുട്ടി ഉണ്ടായിരുന്നു, അവൾ പൂർണ്ണമായും തകർന്നു. എന്തുകൊണ്ടാണ് തന്റെ കുടുംബത്തിന് ഇത് സംഭവിക്കുന്നതെന്ന് അവൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ല, അവരുടെ ഭാവി ഇരുണ്ടതും അനിശ്ചിതത്വമുള്ളതുമായി തോന്നി.

ഈ ദുഷ്കരമായ കാലയളവിൽ, അവർ എന്റെ പിതാവായ ഡോ. പോൾ ദിനകരന്റെയും സഹോദരി. ഇവാഞ്ചലിന്റെയും സന്ദേശങ്ങൾ യൂട്യൂബിലൂടെ കാണാൻ തുടങ്ങി. അവൾ ഈ സാഹചര്യത്തെക്കുറിച്ച് പ്രാർത്ഥിക്കാൻ തുടങ്ങി, കൂടാതെ അവളുടെ മുഴുവൻ കുടുംബത്തെയും ശുശ്രൂഷയുടെ പങ്കാളികളായി ചേർക്കുകയും ചെയ്തു. അവൾ എന്റെ പിതാവായ ഡോ. പോളിന് ഒരു കത്ത് കത്തെഴുതുകയും, ദൈവം എല്ലാം മാറ്റുമെന്ന് ഉറപ്പ് നൽകിക്കൊണ്ടുള്ള മറുപടി അദ്ദേഹത്തിൽ നിന്ന് ലഭിക്കുകയും ചെയ്തു.

അതിശയകരമെന്നു പറയട്ടെ, അവരുടെ സാഹചര്യങ്ങൾ മാറാൻ തുടങ്ങി, അവർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചു. അവർ ഹൈദരാബാദിൽ തിരിച്ചെത്തുകയും അൽവാൾ പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. അവിടെ അവർക്ക് നഷ്ടപ്പെട്ടതെല്ലാം ദൈവം പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുനൽകുന്ന മൂന്ന് പ്രാവചനിക വചനങ്ങൾ ലഭിച്ചു. തന്റെ വാഗ്‌ദത്തങ്ങളിൽ വിശ്വസ്തനായ ദൈവം, ആ സഹോദരിക്ക് അവളുടെ ജോലിസ്ഥലത്ത് നിന്ന് 30 ലക്ഷം രൂപയുടെ അസാധാരണമായ ഒരു ബോണസ് നൽകി അവളെ അനുഗ്രഹിച്ചു. കൂടാതെ അവളുടെ ശമ്പളം 50% വർദ്ധിച്ച് 2 ലക്ഷത്തിൽ നിന്ന് 3 ലക്ഷമായി മാറി. നിയമപരമായ ചെലവുകൾ, അഭിഭാഷകരുടെ ഫീസ്, കടബാധ്യതകൾ എന്നിവയുൾപ്പെടെ അവരുടെ എല്ലാ സാമ്പത്തിക നഷ്ടങ്ങളും പൂർണ്ണമായും പുനഃസ്ഥാപിക്കപ്പെട്ടു. ഇന്ന്, അവരുടെ നിയമപ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി, അവർ സ്വതന്ത്രരാണ്. കർത്താവ് അവരെ സമൃദ്ധമായി അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു. നാം സേവിക്കുന്ന ദൈവം എത്ര ശക്തനാണ്!

എന്റെ പ്രിയ സുഹൃത്തുക്കളേ, ആ കർത്താവ് നിങ്ങളെയും ലജ്ജിപ്പിക്കുകയില്ല. നിങ്ങൾ അവനിൽ പ്രത്യാശ വയ്ക്കുമ്പോൾ അവൻ നിങ്ങൾക്കായി ഒരു വഴി ഉണ്ടാക്കും. അവൻ നിങ്ങളുടെ കണ്ണുനീർ കാണുകയും നിങ്ങളുടെ പോരാട്ടങ്ങൾ അറിയുകയും കൃത്യസമയത്ത് നിങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യും.

PRAYER:
പ്രിയ കർത്താവേ, എന്റെ കണ്ണുനീർ കാണുകയും എന്റെ പോരാട്ടങ്ങൾ അറിയുകയും ചെയ്യുന്നതിന് അങ്ങേക്ക് നന്ദി. ഞാൻ എന്റെ പ്രത്യാശയും വിശ്വാസവും അങ്ങിൽ മാത്രം അർപ്പിക്കുന്നു. ദീർഘകാലമായി കാത്തിരിക്കുന്ന എല്ലാ പ്രാർത്ഥനകളും ഓർക്കുകയും ബുദ്ധിമുട്ടുള്ള എല്ലാ സാഹചര്യങ്ങളിലും നീതി ലഭിക്കുമാറാക്കുകയും ചെയ്യണമേ. നിയമപരമായ പ്രശ്നങ്ങളിൽ നിന്നും സാമ്പത്തിക ഭാരങ്ങളിൽ നിന്നും എല്ലാ അനിശ്ചിതത്വങ്ങളിൽ നിന്നും എന്നെ വിടുവിക്കണമേ. എനിക്ക് നഷ്ടപ്പെട്ടവ പുനഃസ്ഥാപിക്കുകയും ആർക്കും അടയ്ക്കാൻ കഴിയാത്ത വാതിലുകൾ തുറക്കുകയും ചെയ്യണമേ. ഞാൻ അങ്ങയെ കാത്തിരിക്കുമ്പോൾ എന്റെ ഹൃദയത്തെ ശക്തിപ്പെടുത്തണമേ. അങ്ങയുടെ അമാനുഷികമായ കരുതൽ കണ്ട് എന്റെ കുടുംബം വിസ്മയിക്കട്ടെ. സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതിയ കാലഘട്ടത്തിലേക്ക് ഞങ്ങളെ നയിക്കണമേ. എന്റെ സാക്ഷ്യം അങ്ങയുടെ നാമത്തിന് മഹത്വം നൽകട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.