എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നാം അപ്പൊ. പ്രവൃത്തികൾ 2:28 ധ്യാനിക്കുന്നു, അത് ഇപ്രകാരം പറയുന്നു, "നിന്റെ സന്നിധിയിൽ എന്നെ സന്തോഷ പൂർണ്ണനാക്കും." അതെ, നാം കർത്താവിന്റെ സന്നിധിയിൽ ആയിരിക്കുമ്പോഴെല്ലാം സന്തോഷത്തിന്റെ പൂർണ്ണതയുണ്ട്. ഒരു നേട്ടം ആഘോഷിക്കുമ്പോൾ, ഒരു പുതിയ കുഞ്ഞ് ജനിക്കുമ്പോൾ, ബിരുദം നേടുമ്പോൾ, സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ അല്ലെങ്കിൽ വിവാഹം കഴിക്കുമ്പോൾ-പലപ്പോഴും, നമ്മുടെ സന്തോഷ നിമിഷങ്ങളുമായി നാം സന്തോഷത്തെ ബന്ധപ്പെടുത്തുന്നു. നമുക്ക് ആനന്ദം തോന്നുന്നു, സന്തോഷം അനുഭവപ്പെടുന്നു, അത് ചുറ്റുമുള്ള എല്ലാവരിലേക്കും വ്യാപിപ്പിക്കുന്നു. എന്നാൽ അപ്പൊ. പ്രവൃത്തികൾ 16:25-36-ൽ, തടവിൽ സന്തോഷം അനുഭവിച്ച രണ്ടുപേരെ നാം കാണുന്നു. പൌലൊസും ശീലാസും അർദ്ധരാത്രിയിൽ കർത്താവിനായി സ്തുതിഗീതങ്ങൾ ആലപിക്കുകയായിരുന്നു, പെട്ടെന്നുണ്ടായ ഒരു ഭൂകമ്പം ആ സ്ഥലത്തെ ഇളക്കിമറിച്ചു, ജയിൽ വാതിലുകൾ തുറക്കുകയും ചങ്ങലകൾ അഴിക്കുകയും ചെയ്തു. പരിഭ്രാന്തനായ കരാഗൃഹപ്രമാണി സ്വന്തം ജീവൻ എടുക്കാൻ പോകുകയായിരുന്നു, പക്ഷേ പൌലൊസ് ഇപ്രകാരം വിളിച്ചു പറഞ്ഞു, "നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ". വിറച്ചു കൊണ്ട് കാരാഗൃഹപ്രമാണി അവരുടെ മുമ്പിൽ വീണു ചോദിച്ചു, “യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു?” ആ രാത്രിയിൽ, അവനും അവന്റെ കുടുംബം മുഴുവനും വിശ്വസിച്ചു, സ്നാനമേറ്റു, കർത്താവിന്റെ രക്ഷ കണ്ടെത്തിയതിനാൽ സന്തോഷത്താൽ നിറഞ്ഞു.

എവിടെയാണ് ഈ സന്തോഷം ആരംഭിച്ചത്? ജയിലിൽ! അത് കരാഗൃഹപ്രമാണിയുടെ വീട്ടിലേക്ക് വ്യാപിച്ചു, തീർച്ചയായും അവൻ യേശുവിന്റെ സന്തോഷത്തെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞു. പലപ്പോഴും, കർത്താവിൻറെ സന്തോഷം പള്ളിയിലോ ചില സ്ഥലങ്ങളിലോ മാത്രമേ കണ്ടെത്താൻ കഴിയൂ എന്ന് നാം കരുതുന്നു, എന്നാൽ മത്തായി 18:20 ൽ യേശു പറഞ്ഞു, "രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു.” പൗലൊസും ശീലാസും കുറ്റവാളികളാൽ ചുറ്റപ്പെട്ട ഏറ്റവും അശുദ്ധമായ സ്ഥലത്ത് ഒത്തുകൂടി, എന്നിട്ടും അവർ കർത്താവിനെ സ്തുതിച്ചപ്പോൾ, അവന്റെ സാന്നിധ്യം തടവറയെ നിറച്ചു. ആ സന്തോഷം രക്ഷയിലേക്ക് നിറഞ്ഞൊഴുകി, ചുറ്റുമുള്ള എല്ലാവരെയും സ്പർശിച്ചു. കർത്താവിന്റെ സന്തോഷം സ്ഥലമോ സാഹചര്യമോ കൊണ്ട് പരിമിതപ്പെടുത്തിയിട്ടില്ല. അതിന് എവിടെയും ഒരു ഹൃദയത്തെ നിറയ്ക്കാൻ കഴിയും.

അതെ, എന്റെ പ്രിയ സുഹൃത്തേ, ഇന്നും ദൈവം നമുക്ക് ഒരു പുതിയ ജീവിതം നൽകി നമ്മെ അവന്റെ സന്തോഷത്താൽ നിറയ്ക്കാൻ ആഗ്രഹിക്കുന്നു. അവൻ നമ്മിൽ ഉള്ളതിനാൽ, അവന്റെ സാന്നിധ്യം നമ്മോടൊപ്പമുണ്ട്. എല്ലാ ദിവസവും രാവിലെ, നിങ്ങൾ അവനെ നിങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോൾ, ഒന്നിനും ആർക്കും നിരുത്സാഹപ്പെടുത്താൻ കഴിയാത്ത സന്തോഷംകൊണ്ട് അവൻ നിങ്ങളെ നിറയ്ക്കും. ആ സന്തോഷം നിങ്ങളുടെ സുഹൃത്തുക്കളെയും, സഹപ്രവർത്തകരെയും, കുടുംബാംഗങ്ങളെയും സ്പർശിച്ചുകൊണ്ട് നിറഞ്ഞൊഴുകും. അവരും ചോദിക്കും, "എനിക്ക് ഈ സന്തോഷം എങ്ങനെ ലഭിക്കും?" നിങ്ങളുടെ സാക്ഷിയിലൂടെ അവർ അവന്റെ രക്ഷാകര കൃപ അറിയും. ഇന്ന്, നമുക്ക് ഈ പ്രതിജ്ഞയെടുക്കാം: "കർത്താവേ, ഈ പ്രഭാതത്തിൽ ഞാൻ അങ്ങയോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, അങ്ങയുടെ സന്തോഷത്താൽ എന്നെ നിറയ്ക്കണമേ. മറ്റുള്ളവർക്ക് ഈ സന്തോഷം അനുഭവപ്പെടുന്നതിനും അങ്ങയുടെ രക്ഷാകര കൃപയിലേക്ക് നയിക്കപ്പെടുന്നതിനും അത് എന്നിൽ നിന്ന് കവിഞ്ഞൊഴുകട്ടെ."

PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങയുടെ സാന്നിധ്യത്തിന്റെ സന്തോഷത്തിന് അങ്ങേയ്ക്ക് നന്ദി. പൌലൊസും ശീലാസും ജയിലിൽവെച്ചു അങ്ങയെ സ്തുതിച്ചതുപോലെ അങ്ങയുടെ ആത്മാവ് എന്നോടുകൂടെയുണ്ടെന്ന് അറിഞ്ഞുകൊണ്ട് എല്ലാ സാഹചര്യങ്ങളിലും സന്തോഷിക്കാൻ എന്നെ പഠിപ്പിക്കേണമേ. എനിക്ക് വേണ്ടി മാത്രമല്ല, എന്റെ ചുറ്റുമുള്ളവർക്കും അങ്ങയുടെ നന്മ ആസ്വദിക്കാനും കാണാനും വേണ്ടി അങ്ങയുടെ നിറഞ്ഞ സന്തോഷത്താൽ എന്നെ നിറയ്‌ക്കേണമേ. രക്ഷയുടെ സന്തോഷത്തോടെ എന്റെ ജീവിതം പ്രകാശിക്കട്ടെ, മറ്റുള്ളവരെ അങ്ങിലേക്ക് നയിക്കട്ടെ. ഇന്ന് ഞാൻ എന്റെ ഹൃദയത്തെ സമർപ്പിക്കുന്നു; അങ്ങയുടെ സാന്നിദ്ധ്യം, അങ്ങയുടെ സന്തോഷം, അങ്ങയുടെ കൃപ എന്നിവയാൽ എന്നെ പുതിയതായി നിറയ്‌ക്കേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.