പ്രിയ സുഹൃത്തേ, ഇന്ന് നാം യെഹെസ്കേൽ 37:27 ധ്യാനിക്കാൻ പോകുന്നു, അവിടെ കർത്താവ് പറയുന്നു, “എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.” മറ്റൊരു വിവർത്തനം പറയുന്നു, "ഞാൻ അവരുടെ ഇടയിൽ എന്റെ വാസസ്ഥലം ഉണ്ടാക്കും. ഞാൻ അവരുടെ ദൈവമായിരിക്കും, അവർ എന്റെ ജനമായിരിക്കും." എത്ര അത്ഭുതകരം! ദൈവം നമ്മുടെ ഇടയിൽ വസിക്കാൻ ഇഷ്ടപ്പെടുന്നു. പഴയനിയമ കാലത്ത്, യിസ്രായേല്യരുടെ ഇടയിൽ ദൈവസാന്നിധ്യം വസിച്ചിരുന്ന സ്ഥലമായിരുന്നു സമാഗമന കൂടാരം. അവിടെയാണ് അവർക്ക് അവനുമായി ഒരു ബന്ധം ഉണ്ടായത്. കർത്താവ് അവരുടെ ഇടയിൽ, അവരുടെ നടുവിൽ നടന്നുകൊണ്ടിരുന്നു. ദൈവം തന്റെ സമാഗമന കൂടാരത്തിൽ വസിച്ചു.

അതുപോലെ, ഇന്ന്, കർത്താവ് നമ്മെ തന്റെ വാസസ്ഥലമാക്കി മാറ്റുന്നു. I കൊരിന്ത്യർ 6:19 പറയുന്നതുപോലെ, "ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം . നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല." എന്നാൽ ലോകം പറയുന്നു, "നിങ്ങളിൽത്തന്നെ വിശ്വസിക്കുക." എന്നാൽ നമുക്ക് നമ്മളിൽത്തന്നെ വിശ്വസിക്കാൻ കഴിയില്ലെന്ന് നമുക്കറിയാം. നാം ദൈവത്തിന്റെ മക്കളാണ്. നാം അവനുള്ളവരാണ്. ദൈവം നമ്മിൽ വസിക്കുന്നതിനാൽ നമുക്ക് നമ്മെത്തന്നെ നിസ്സാരമായി കാണാൻ കഴിയില്ല. നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ്. ഈ ലോകത്തിലെ പാപകരമായ കാര്യങ്ങളെ നമുക്ക് സ്പർശിക്കാൻ കഴിയില്ല. നമ്മൾ വേർപിരിഞ്ഞിരിക്കണം. നാം നമ്മെത്തന്നെ വിശുദ്ധരായി നിലനിർത്തുമ്പോൾ, ദൈവം നമ്മിൽ പ്രസാദിക്കുകയും നമ്മിൽ വസിക്കുകയും ചെയ്യുന്നു. ഹബക്കൂക്ക് 1:13 പറയുന്നു, " ദോഷം കണ്ടുകൂടാതവണ്ണം നിർമ്മലദൃഷ്ടിയുള്ളവനാണ് ദൈവം." അങ്ങനെയെങ്കിൽ, വിശുദ്ധിയിൽ ജീവിക്കാൻ നാം എത്രത്തോളം പരിശ്രമിക്കണം?

നമ്മെ വിശുദ്ധരായി നിലനിർത്താൻ, പ്രാർത്ഥനയുടെ കൂട്ടായ്മയിൽ ഏർപ്പെട്ടിരിക്കുന്ന വിശ്വാസികളുമായി നാം ഐക്യപ്പെടണം. അതിനാൽ പ്രാർത്ഥനാ ഗോപുര ശുശ്രൂഷയുടെ ഭാഗമാകാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. നാം ലോകത്തിൽ ജീവിക്കുകയും വിശ്വസിക്കാത്ത ആളുകളാൽ ചുറ്റപ്പെടുകയും ചെയ്യുന്നതിനാൽ, അവരുടെ സ്വഭാവം നമ്മെ സൂക്ഷ്മമായി സ്വാധീനിക്കും. അതിനാൽ ദൈവത്തോടൊപ്പം നടക്കുന്നവരുമായി നാം ബന്ധം നിലനിർത്തണം. നിങ്ങളുടെ സമയം ദൈവത്തിന് നൽകുക. നിങ്ങളുടെ നിക്ഷേപം ദൈവത്തിന് നൽകുക. നിങ്ങളുടെ കുടുംബത്തെ ദൈവത്തിനു സമർപ്പിക്കുക. ദൈവത്തിന്റെ കാര്യങ്ങളിൽ ഉൾപ്പെടുത്തുക. അങ്ങനെയാണ് കർത്താവ് ദിനകരന്മാരെ വിശുദ്ധരായി സൂക്ഷിക്കുന്നത്. എന്റെ ഭർത്താവ് തനിക്കുവേണ്ടി മാത്രമല്ല, ഞങ്ങളുടെ മുഴുവൻ കുടുംബവും  ശുശ്രൂഷയിൽ ഏർപ്പെടുന്നതിൽ വളരെ ശ്രദ്ധയുള്ളവനാണ്. അത് ഞങ്ങളെ വിശുദ്ധരായി നിലനിർത്തുന്നു. അത് ഞങ്ങളെ ഒരുമിച്ച് നിർത്തുന്നു. അതെ, ഞങ്ങൾക്ക് തെറ്റിദ്ധാരണകളുണ്ട്. എന്നാൽ ഞങ്ങൾ പ്രാർത്ഥനയിൽ ഒരുമിച്ചുകൂടുമ്പോൾ, പരിശുദ്ധാത്മാവ് എല്ലാ തെറ്റിദ്ധാരണകളും നീക്കുകയും സ്നേഹത്തിൽ ഞങ്ങളെ ഒന്നിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് വിശ്വാസികളോട് ഐക്യപ്പെടുക. പ്രാർത്ഥനാ മധ്യസ്ഥരുമായി ഐക്യപ്പെടുക. പ്രാർത്ഥനയുടെ കൂട്ടായ്മയിൽ ഏർപ്പെടുക. നിങ്ങളുടെ ശരീരം ദൈവത്തിന് സമർപ്പിക്കുക. അവന് വേണ്ടി ജീവിക്കാൻ നിങ്ങളുടെ ജീവിതം സമർപ്പിക്കുക. യേശു ഉടൻ വരുന്നു. നമുക്ക് കൂടുതൽ വിശുദ്ധരും നീതിമാന്മാരുമാകാം. "നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ." കൈകളിൽ ഒരു പ്രതിഫലവുമായി അവൻ ഉടൻ വരുന്നു. പ്രിയ സുഹൃത്തേ, തയ്യാറായിരിക്കുക. നിങ്ങളുടെ ശരീരത്തെ ദൈവത്തിൻറെ വാസസ്ഥലമാക്കി മാറ്റുക. ഇന്ന് നിങ്ങൾ നിങ്ങളുടെ ജീവിതം ദൈവത്തിന് സമർപ്പിക്കുമോ?

PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, എന്റെ ഹൃദയത്തെ അങ്ങയുടെ ഭവനമാക്കിയതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. എന്റെ ശരീരം അങ്ങയുടെ വിശുദ്ധ വാസസ്ഥലമായിരിക്കട്ടെ, ശുദ്ധവും അങ്ങേക്കു പ്രസാദകരവുമാകട്ടെ. അശുദ്ധമായതിനെ സ്പർശിച്ചതിന് എന്നോട് ക്ഷമിക്കണമേ; അങ്ങയുടെ ആത്മാവിനാൽ എന്നെ ശുദ്ധീകരിക്കണമേ. ലൌകിക സ്വാധീനത്തിൽ നിന്ന് വേറിട്ട്, വിശുദ്ധിയിൽ നടക്കാൻ എന്നെ സഹായിക്കണമേ. എന്നെ അങ്ങിലേക്ക് അടുപ്പിക്കുന്ന സഹവിശ്വാസികളാൽ എന്നെ ചുറ്റിക്കൊള്ളണമേ. അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുന്ന പ്രാർത്ഥനയും ലക്ഷ്യവും കൊണ്ട് എന്റെ ജീവിതം നിറയ്ക്കണമേ. യേശുവിന്റെ വരവിനായി എന്നെ ഒരുക്കേണമേ, അങ്ങനെ ഞാൻ യോഗ്യനായി കാണപ്പെടും. എന്റെ ജീവിതവും, എന്റെ സമയവും, എന്റെ സകലവും ഞാൻ എന്നേക്കും അങ്ങേക്കു സമർപ്പിക്കുന്നു. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.