എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന്, കർത്താവ് നമുക്ക് ധ്യാനിക്കാൻ മനോഹരമായ ഒരു വാഗ്‌ദത്തം നൽകിയിട്ടുണ്ട്. സങ്കീർത്തനം 148:14 പറയുന്നു, "തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു." ഹന്ന ഒരു കുഞ്ഞിനായി കർത്താവിനോട് പ്രാർത്ഥിച്ചു, അവൾ പറഞ്ഞു, "കർത്താവ് എന്റെ അപേക്ഷ എനിക്ക് നൽകി". 1 ശമൂവേൽ 2:1-ൽ അവൾ കർത്താവിൽ സന്തോഷിച്ചുകൊണ്ട് പറയുന്നു, “എന്റെ കൊമ്പു യഹോവയാൽ ഉയർന്നിരിക്കുന്നു.” എന്റെ സുഹൃത്തേ, നിങ്ങൾക്ക് കർത്താവിൽ നിന്ന് എന്തെങ്കിലും അനുഗ്രഹം ആവശ്യമുണ്ടോ? നിങ്ങളെത്തന്നെ താഴ്ത്തി കർത്താവിങ്കലേക്ക് നോക്കുക. നിങ്ങൾ കർത്താവിനോട് പ്രാർത്ഥിക്കണം, അവൻ തീർച്ചയായും നിങ്ങളുടെ നിലവിളി കേൾക്കുകയും തന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് നൽകുകയും ചെയ്യും. സങ്കീർത്തനം 89:17 പറയുന്നു, "നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പു ഉയർന്നിരിക്കുന്നു." ഇത് ദൈവത്തിന്റെ വാഗ്‌ദത്തമാണ്. അതിനാൽ, നാം കർത്താവിങ്കലേക്ക് നോക്കണം.

നാം അവനെ മുറുകെപ്പിടിക്കുകയും "കർത്താവേ, അങ്ങ് എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ ഞാൻ എവിടെ പോകും, പിതാവേ" എന്ന് പറയുകയും വേണം. വാസ്തവത്തിൽ, ദൈവത്തിന്റെ എല്ലാ വിശുദ്ധന്മാരും ഇതുപോലെ തന്നെയായിരുന്നു കർത്താവിനോട് പ്രാർത്ഥിച്ചത്. അവർക്ക് ആവശ്യമുള്ളതെല്ലാം, അവർ ആഗ്രഹിച്ചതിലും കർത്താവിനോട് നിലവിളിച്ചതിലും വളരെ കൂടുതലായി നൽകിക്കൊണ്ട് ദൈവം അവരെ സഹായിച്ചു. സങ്കീർത്തനം 132:17 - ൽ കർത്താവ് അരുളിച്ചെയ്യുന്നു, "ഞാൻ എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു." അതെ, കർത്താവ് തന്റെ അഭിഷിക്തർക്കായി ഒരു ദീപം ഒരുക്കുന്നു. എന്റെ സുഹൃത്തേ, പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുമ്പോൾ നമുക്ക് നിരവധി അനുഗ്രഹങ്ങൾ ലഭിക്കുന്നു. സങ്കീർത്തനം 148:14 പറയുന്നു, "യിസ്രായേൽമക്കളായ തന്റെ ജനത്തിന്നു ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു." തീർച്ചയായും കർത്താവ് തനിക്കുള്ളവരെ ഉയർത്തുകയും അവരെ തന്റെ സ്വന്തം ജനം എന്ന് വിളിക്കുകയും ചെയ്യുന്നു.

എന്റെ ജീവിതത്തിലും ഞാൻ മക്കളില്ലാത്തവളായിരുന്നു. ഈ സാക്ഷ്യം ഞാൻ പലതവണ പങ്കുവച്ചിട്ടുണ്ട്. എനിക്ക് എന്റെ രണ്ട് മക്കളെ നഷ്ടപ്പെട്ടപ്പോൾ, ആളുകൾ എന്നെ പരിഹസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, "നീ വളരെയധികം പ്രാർത്ഥിക്കുന്നു, എന്തുകൊണ്ടാണ് നിനക്ക് നിന്റെ മക്കളെ നഷ്ടപ്പെട്ടത്?" അതാണ് ലോകം. എന്നാൽ ഞങ്ങൾ കർത്താവിനെ മുറുകെപ്പിടിക്കുകയായിരുന്നു. സൗന്ദര്യമുള്ള രണ്ട് കുട്ടികളാൽ കർത്താവ് ഞങ്ങളെ അനുഗ്രഹിച്ചു. ദൈവം ഇപ്പോൾ എന്റെ മകനെ എങ്ങനെ ഉപയോഗിക്കുന്നു എന്ന് നോക്കൂ! അതുപോലെ, ഇന്ന് നിങ്ങളും അനുഗ്രഹിക്കപ്പെടും, എന്റെ സുഹൃത്തേ. ദൈവത്തെ മുറുകെ പിടിക്കുക, അപ്പോൾ അവൻ നിങ്ങളെ വലിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.

PRAYER:
പ്രിയ കർത്താവേ, എന്റെ ശക്തിയും അനുഗ്രഹത്തിന്റെ കൊമ്പും ആയിരിക്കുന്നതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങ് എന്റെ ജീവിതത്തിന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനുമാണ്. അങ്ങയെ മാത്രം മുറുകെ പിടിക്കാൻ എന്നെ സഹായിക്കണമേ. കർത്താവേ, എന്റെ നിലവിളി കേൾക്കണമേ, ഹന്നയെ ഓർത്തതുപോലെ എന്റെ യാചനകൾ ഓർക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ അഭിഷേകം ചെയ്യുകയും അങ്ങയുടെ കൃപ  എന്നെ ഉയർത്തുകയും ചെയ്യട്ടെ. എന്റെ കാത്തിരിപ്പിന്റെ സമയത്തെ ആനന്ദമായും എന്റെ ദുഃഖത്തെ സ്തുതിഗീതങ്ങളായും മാറ്റേണമേ. അങ്ങയുടെ പ്രകാശം എന്റെമേൽ പ്രകാശിപ്പിക്കുകയും എന്റെ ജീവിതത്തിനായി ഒരു ദീപം ഒരുക്കുകയും ചെയ്യേണമേ. എന്റെ ജീവിതസാക്ഷ്യം അങ്ങയുടെ വിശുദ്ധനാമത്തിന് മഹത്വം നൽകട്ടെ. എന്റെ ജീവിതവും പ്രതീക്ഷകളും ഭാവിയും ഞാൻ അങ്ങയുടെ സ്നേഹനിർഭരമായ കൈകളിലേക്ക് സമർപ്പിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.