പ്രിയ സുഹൃത്തേ, ദൈവത്തിന്റെ ഹൃദയം അവന്റെ മക്കൾ അഭിവൃദ്ധി പ്രാപിക്കണമെന്നതാണ്. 3 യോഹന്നാൻ 2-ൽ നാം ഇപ്രകാരം വായിക്കുന്നു, “നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം." ദൈവം നമ്മുടെ ആത്മീയ വളർച്ചക്കു മാത്രമല്ല, നമ്മുടെ ശാരീരികാരോഗ്യത്തിനും ദൈനംദിന ജീവിതത്തിലെ ഫലപ്രാപ്തിക്കും വേണ്ടി ശ്രദ്ധ പുലർത്തുന്നു എന്ന് ഇത് കാണിക്കുന്നു. ആവർത്തനപുസ്തകം 30:9-ൽ, നമ്മുടെ കൈകളുടെ സകലപ്രവൃത്തിയിലും കുടുംബങ്ങളിലും മക്കളുടെ അനുഗ്രഹങ്ങളിലും കർത്താവ് നമ്മെ അഭിവൃദ്ധിപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്യുന്നു. അവൻ തന്റെ ജനത്തിൽ സന്തോഷിക്കുകയും ഘോഷത്തോടെ നമ്മിൽ ആനന്ദിക്കുകയും ചെയ്യുന്നു (സെഫന്യാവ് 3:17). ദൈവം നിങ്ങളെ നോക്കുമ്പോൾ, അവൻ നിങ്ങളെ തന്റെ പ്രിയ പൈതൽ എന്ന് വിളിക്കുകയും "ഞാൻ നിങ്ങളെ അനുഗ്രഹിക്കുകയും നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും" എന്ന് പറയുകയും ചെയ്യുന്നു. അതാണ് സ്വർഗത്തിലുള്ള നമ്മുടെ പിതാവിന്റെ ഹൃദയം.

അപ്പൊ. പ്രവൃത്തികൾ 13:22-ൽ ദാവീദിനെ നോക്കുക. കർത്താവ് അവനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, "ഞാൻ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും." അവന്റെ ഹൃദയം അന്വേഷിക്കുന്നവരെയും അവന്റെ വഴികളിൽ നടക്കുന്നവരെയും ദൈവം അഭിവൃദ്ധിപ്പെടുത്തുന്നു. അതുപോലെ, നാം ദൈവഹിതത്തിന് നമ്മെത്തന്നെ സമർപ്പിക്കുമ്പോൾ, അവൻ നമ്മിൽ സന്തോഷിക്കുന്നു. പരീക്ഷണങ്ങളിലും വഞ്ചനകളിലും അല്ലെങ്കിൽ മറ്റുള്ളവർ നമുക്കെതിരെ ഉയരുമ്പോഴും, "എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ" എന്ന് നാം പറഞ്ഞാൽ, കർത്താവ് നമ്മുടെ അനുസരണത്തെ മാനിക്കും. യേശു തന്നെ ഇത് കുരിശിന് മുമ്പ് ഗെത്ത്ശെമനയിൽ വെളിപ്പെടുത്തി (ലൂക്കൊ 22:42). ഇത് കഷ്ടം വരുത്തുന്നതായിരുന്നാലും, അവൻ പിതാവിന്റെ ഇഷ്ടത്തിനു പൂർണ്ണമായി കീഴടങ്ങി. അതുപോലെ, ദൈവത്തിന്റെ ബലമുള്ള കരത്തിന് കീഴിൽ നാം നമ്മെത്തന്നെ താഴ്ത്തുകയാണെങ്കിൽ, അവൻ തക്കസമയത്ത് നമ്മെ ഉയർത്തും. അഭിവൃദ്ധി ഒഴുകുന്നത് പരിശ്രമത്തിൽ നിന്നല്ല, മറിച്ച് അവന്റെ ഇഷ്ടത്തിനു സമർപ്പിക്കുന്നതിൽ നിന്നാണ്.

അതിനാൽ, പ്രിയ ദൈവപൈതലേ, നിങ്ങളുടെ ഭാവിയെക്കുറിച്ച് ഭയപ്പെടുകയോ ഉത്കണ്ഠപ്പെടുകയോ ചെയ്യരുത്. നിങ്ങളുടെ ആത്മാവിനെയും ആരോഗ്യത്തെയും നിങ്ങളുടെ കൈകളുടെ സകല പ്രവൃത്തികളെയും അഭിവൃദ്ധിപ്പെടുത്തുമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫിലിപ്പിയർ 2:6-10 നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, യേശു തന്നെത്തന്നെ താഴ്ത്തി, സകല നാമത്തിനും മേലായ നാമത്താൽ ഉയർത്തപ്പെട്ടു. നിങ്ങൾ അനുസരണയോടെ നടക്കുമ്പോൾ, ദൈവം നിങ്ങളെ  മാനിച്ചുയർത്തുകയും അളക്കാനാവാത്തവിധം അനുഗ്രഹിക്കുകയും ചെയ്യും. ക്രിസ്തുവിന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങുകയും അവനിൽ നിങ്ങൾക്കു സന്തോഷവും അനുഗ്രഹവും സമൃദ്ധിയും കണ്ടെത്താനാകുകയും ചെയ്യും. ദൈവത്തിന്റെ വാഗ്‌ദത്തമനുസരിച്ച് നിങ്ങളുടെ ആത്മാവും, ആരോഗ്യവും, ജീവിതവും അഭിവൃദ്ധി പ്രാപിക്കട്ടെ.

PRAYER:
സ്നേഹവാനായ പിതാവേ, എന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്ന അങ്ങയുടെ ഹൃദയത്തിന് ഞാൻ നന്ദി പറയുന്നു. എന്റെ ആത്മാവ് വിശുദ്ധിയിലും സമാധാനത്തിലും അഭിവൃദ്ധി പ്രാപിക്കട്ടെ. ഓരോ ദിവസവും എനിക്ക് നല്ല ആരോഗ്യവും ശക്തിയും നൽകി അനുഗ്രഹിക്കണമേ. എന്റെ കൈകളുടെ പ്രവൃത്തിയെയും കുടുംബത്തെയും അഭിവൃദ്ധിപ്പെടുത്തണമേ. എന്റെ മക്കളും സന്തതികളും അങ്ങയുടെ അനുഗ്രഹത്തിൽ നടക്കട്ടെ. എപ്പോഴും അങ്ങയുടെ പൂർണ്ണഹിതത്തിന് സമർപ്പിക്കാൻ എന്നെ സഹായിക്കണമേ. ഗെത്ത്ശെമനയിലെ യേശുവിനെപ്പോലെ താഴ്മയോടെ തുടരാൻ എന്നെ പഠിപ്പിക്കേണമേ. അങ്ങയുടെ സമയത്ത് എന്നെ ഉയർത്തുകയും എന്റെ ജീവിതം ബഹുമാനത്താൽ നിറയ്ക്കുകയും ചെയ്യേണമേ. അങ്ങയുടെ സന്തോഷവും പാട്ടും എന്റെ ജീവിതത്തിൽ നിറഞ്ഞൊഴുകട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.