എന്റെ വിലയേറിയ സുഹൃത്തേ, ഇന്നത്തെ വാഗ്‌ദത്തം  ആവർത്തനപുസ്തകം 33:12-ൽ നിന്നുള്ളതാണ്: “അവൻ യഹോവെക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും; താൻ അവനെ എല്ലായ്പോഴും മറെച്ചുകൊള്ളുന്നു.” അതെ, നിങ്ങൾ ദൈവത്തിന്റെ പ്രിയപ്പെട്ടവരാണ്. യേശുവിന്റെ രക്തത്താൽ നിങ്ങൾ കഴുകപ്പെട്ടിരിക്കുന്നു, നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി അവൻ അർപ്പിച്ച അവന്റെ യാഗത്താൽ വിലയ്ക്ക് വാങ്ങപ്പെട്ടിരിക്കുന്നു. നിങ്ങളെ അവന്റെ പൈതലാക്കി മാറ്റാൻ തന്നെ. നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടവരും, രൂപാന്തരപ്പെട്ടവരും, അവന്റേതാക്കപ്പെട്ടവരുമാണ്. സ്വർഗത്തിൽ നിന്ന് യേശുവിന് സന്ദർശനം ലഭിച്ചപ്പോഴെല്ലാം, "ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" എന്ന് ദൈവത്തിന്റെ ശബ്ദം ഇടിമുഴക്കത്തോടെ:ഉണ്ടായി. വീണ്ടും, രൂപാന്തരീകരണ മലയിൽ: "ഇവൻ എന്റെ പ്രിയ പുത്രൻ, ഇവന്നു ചെവികൊടുപ്പിൻ" എന്നു ഒരു ശബ്ദവും ഉണ്ടായി.

ഇപ്പോൾ, ദൈവം നിങ്ങളെക്കുറിച്ചും അതുതന്നെ പറയുന്നു. നിങ്ങൾ അവന്റെ പ്രിയപ്പെട്ടവരാണ്! ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടരാണ്. യേശു തന്റെ രക്തത്താൽ വിലയ്ക്കു വാങ്ങിയവരാണ്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരാണ്. അവന്റെ ആലയമായി രൂപാന്തരപ്പെട്ടവരാണ്. അവന്റെ പ്രിയപ്പെട്ടവരായി, നിങ്ങൾ അവനിൽ സുരക്ഷിതരായിരിക്കും (യെശയ്യാവ് 32:18). നിങ്ങൾക്ക് അവന്റെ സമാധാനം ലഭിക്കും. നിങ്ങൾ ദിവ്യ സംരക്ഷണത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ദൈവം നിങ്ങളുടെ ബലമുള്ള ഗോപുരം. വേദപുസ്തകം പറയുന്നു, “കർത്താവായ യേശു പാറയും മൂലക്കല്ലുമാണ്” (1 കൊരിന്ത്യർ 10:4). അതിനാൽ, നിങ്ങൾ ഒരിക്കലും കുലുങ്ങുകയില്ല, കാരണം നിങ്ങൾ പാറയിൽ ഉറച്ചുനിൽക്കുകയും അവന്റെ ബലമുള്ള ഗോപുരത്താൽ ചുറ്റപ്പെടുകയും ചെയ്യുന്നു. നിങ്ങൾ എപ്പോഴും ദൈവത്തിന്റെ സംരക്ഷണത്തിലാണ്. നിങ്ങൾ അവനിൽ സുരക്ഷിതരായിരിക്കും, കാരണം അവൻ എല്ലായ്പോഴും നിങ്ങളെ മറെച്ചുകൊള്ളുന്നു.

ചിലർ ചോദിക്കുന്നു, “പിശാചിന് എന്നെ ആക്രമിക്കാൻ കഴിയുമോ? അതെ, പിശാചിന് ശക്തിയുണ്ട്, പക്ഷേ ദൈവം അത് അനുവദിച്ചാൽ മാത്രം. എന്നിട്ടും ദൈവം നിങ്ങളെ വിശ്വാസത്തിന്റെ പരിച കൊണ്ട് സജ്ജരാക്കുകയും ചെറുത്തുനിൽക്കാൻ നിങ്ങൾക്ക് കൃപ നൽകുകയും ചെയ്യുന്നു. വേദപുസ്തകം ഇപ്രകാരം ഉറപ്പുനൽകുന്നു, “പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.” ലോകത്തിന്റെയോ പിശാചിന്റെയോ ആശങ്കകൾക്ക് കീഴടങ്ങരുത്, മറിച്ച് ദൈവത്തിന് നിങ്ങളെ സമർപ്പിക്കുക. പിശാചിനെ ചെറുക്കുക, അപ്പോൾ അവൻ ഓടിപ്പോകും. എല്ലാത്തിലും, നിങ്ങളെ സ്നേഹിക്കുന്ന യേശുവിലൂടെ നിങ്ങൾ പൂർണ്ണജയം പ്രാപിച്ചവരാണ്. യേശു പറഞ്ഞു, “എന്റെ നാമത്തിൽ നിങ്ങൾ പിശാചുക്കളെ പുറത്താക്കും.” അതിനാൽ ഭയപ്പെടേണ്ട. ജയിക്കാൻ നിങ്ങൾക്ക് യേശുവിൽ ശക്തിയുണ്ട്. വിശ്വാസത്തോടെ പറയുക, “കർത്താവേ, ഞാൻ അങ്ങയുടെ പ്രിയപ്പെട്ടവനാണ്.” എന്നോടുള്ള അങ്ങയുടെ സ്നേഹത്തിന് നന്ദി. എന്നെ അങ്ങിൽ സുരക്ഷിതമായി സൂക്ഷിക്കേണമേ. പാപമോ പിശാചിന്റെ പ്രലോഭനങ്ങളോ എന്നെ കീഴടക്കാൻ ഒരിക്കലും അനുവദിക്കരുതേ. പിശാചോ ദുഷ്ടന്മാരോ ആക്രമിക്കുമ്പോൾ, വിശ്വാസത്തിന്റെ പരിചകൊണ്ട് അങ്ങ് എന്നെ സംരക്ഷിക്കും. പിശാചിനെ ചെറുക്കാൻ അങ്ങ് എന്നെ പ്രാപ്തനാക്കും. കർത്താവേ, ഞാൻ അങ്ങേയ്ക്ക് കീഴടങ്ങും. യേശുവിലൂടെ ഞാൻ പൂർണ്ണജയം പ്രാപിച്ചവനായിരിക്കും. നന്ദി, കർത്താവേ.” ഇപ്പോൾ തന്നെ അവനോട് നന്ദി പറയുക.

PRAYER:
പ്രിയ പിതാവേ, എന്നെ അങ്ങയുടെ പ്രിയപ്പെട്ടവൻ എന്ന് വിളിച്ചതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. യേശുവിന്റെ രക്തത്താൽ എന്നെ കഴുകി അങ്ങയുടെ സ്വന്തമാക്കിയിരിക്കുന്നു. അനുദിനം അങ്ങയുടെ ആത്മാവിനാൽ എന്നെ നിറയ്ക്കണമേ, അങ്ങയുടെ സമാധാനത്തിൽ എന്നെ സുരക്ഷിതനാക്കണമേ. അങ്ങയുടെ സംരക്ഷണത്തിൽ, അങ്ങയുടെ കരങ്ങളിൽ സുരക്ഷിതമായി ഞാൻ വിശ്രമിക്കട്ടെ. എന്റെ പാറയും എന്റെ ബലമുള്ള ഗോപുരവുമായിരിക്കണമേ. ശത്രു ആക്രമിക്കുമ്പോൾ, അങ്ങയുടെ വിശ്വാസത്തിന്റെ പരിച ഉയർത്തേണമേ. അങ്ങിൽ മാത്രം എന്നെ സമർപ്പിക്കാൻ സഹായിക്കണമേ. പിശാചിനെ ചെറുക്കാനും ഉറച്ചുനിൽക്കാനും എനിക്ക് ശക്തി നൽകണമേ. ക്രിസ്തുയേശുവിലൂടെ എന്നെ പൂർണ്ണജയം പ്രാപിച്ചവനാക്കേണമേ. കർത്താവേ, ഞാൻ അങ്ങിൽ ആശ്രയിക്കുന്നു, കാരണം അങ്ങയുടെ സ്നേഹത്തിൽ ഞാൻ സുരക്ഷിതനാണ്. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.