എന്റെ പ്രിയ സുഹൃത്തേ, നാം ഈ മാസത്തിന്റെ അവസാനത്തിൽ എത്തിയിരിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും ഉയിർപ്പിക്കുകയും ചെയ്തുവെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്നും അവന് അത്ഭുതകരമായ ഒരു വാഗ്‌ദത്തമുണ്ട്. നെഹെമ്യാവ് 2:8-ൽ, നെഹെമ്യാവ് പറയുന്നു, "എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്കു അനുകൂലമായിരുന്നതുകൊണ്ടു രാജാവു അതു എനിക്കു തന്നു." എത്ര ശക്തമായ സത്യം! രാജാധിരാജാവിൻ്റെയും കർത്താധികർത്താവിൻ്റെയും ദയയുള്ള കൈ നമ്മുടെമേൽ വരുമ്പോൾ, ഈ ലോകത്തിലെ രാജാക്കന്മാരിൽ നിന്ന് നമുക്ക് സ്വയമേവ വലിയ അനുഗ്രഹം ലഭിക്കും. ദൈവം അവരുടെ ദൃഷ്ടിയിൽ ദയ നൽകുന്നു. ഈ ലോകത്തിലെ ഏറ്റവും ഉന്നതനായ വ്യക്തിയിൽ നിന്ന് നിങ്ങൾക്ക് അനുഗ്രഹം ലഭിക്കുന്നു. ഇതിൽ കൂടുതൽ എന്താണ് നിങ്ങൾക്ക് വേണ്ടത്? അവൻ എല്ലാവരുടെയും കർത്താവാണ്, അവൻ എല്ലാവരുടെയും രാജാവാണ്, അവൻ പറയുമ്പോൾ കാര്യങ്ങൾ സംഭവിക്കുന്നു.

അതിനാൽ, എന്റെ സുഹൃത്തേ, നാം ദൈവത്തിന് പ്രസാദകരമായ ഒരു ജീവിതം നയിക്കേണ്ടതുണ്ട്. ദൈവത്തിൽ നിന്ന് ഈ അനുഗ്രഹം നേടുന്നതിന്, ദൈവത്തിന്റെ ഈ ദയയുള്ള കൈ നമ്മുടെ മേൽ ഉണ്ടാകാനായി, അവനെ അനുസരിക്കുകയും വിശ്വസ്തതയോടും ആത്മാർത്ഥതയോടും കൂടി അവനെ സേവിക്കുകയും  അവനെ സ്നേഹിക്കുകയും അവനെ എല്ലായ്പ്പോഴും നമ്മോടൊപ്പം സൂക്ഷിക്കുകയും അവനിൽ ആനന്ദിക്കുകയും വചനം വായിക്കുകയും ചെയ്‌തുകൊണ്ട് നമുക്ക് അവനെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കാം. ഇങ്ങനെ നാം ദൈവത്തോടൊപ്പം നടക്കുമ്പോൾ, നാം അവന്റെ പൈതലായിത്തീരുന്നതിനാൽ അവന്റെ ദയയുള്ള കൈ നമ്മുടെ മേൽ വസിക്കുന്നു. അത്തരം ആളുകൾക്ക് ദൈവം വലിയ വാതിലുകൾ തുറക്കുന്നു.

എന്റെ പിതാവ് വിമാനത്തിൽ പോകുമ്പോൾ, യാത്രാമധ്യേ, കർത്താവ് അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഇങ്ങനെ സംസാരിച്ചു, "ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പോയി കാണുക" എന്ന് പറഞ്ഞു. ഇതിന് മുമ്പ് അദ്ദേഹത്തിന് പ്രധാനമന്ത്രിയെ അറിയില്ലായിരുന്നു. അപ്പോയിന്റ്മെന്റ് ലഭിക്കാൻ അദ്ദേഹത്തിന് ഒരു വഴിയുമില്ലായിരുന്നു, എങ്കിലും കർത്താവ് പറഞ്ഞതുപോലെ അദ്ദേഹം പിന്തുടർന്നു. അതിശയകരമെന്നു പറയട്ടെ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ സമ്മതം ലഭിച്ചു. വീട്ടിൽവെച്ച് തന്നെ കാണാൻ അദ്ദേഹം വാതിലുകൾ തുറക്കുകയും വളരെ ആകാംക്ഷയോടെ അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി അദ്ദേഹവുമായി വളരെ നേരം സംസാരിച്ചു, അദ്ദേഹം പോകുമ്പോൾ എഴുന്നേറ്റ് തന്റെ മുറിയുടെ വാതിൽവരെ കൂടെ വന്ന് യാത്രയാക്കി. എത്ര വലിയ കൃപ എന്റെ പിതാവിന് ലഭിച്ചു. നിങ്ങൾ കർത്താവിന്റെ രാജ്യത്തിനായി ഓടുമ്പോൾ രാജാക്കന്മാരുടെ വാതിലുകൾ നിങ്ങളെ സ്വാഗതം ചെയ്യും. നിങ്ങൾക്ക് ആ കൃപ ലഭിക്കുമ്പോൾ, എപ്പോഴും കർത്താവിന് നന്ദി പറയുക, കാരണം അത് ദൈവത്തിൽ നിന്ന് മാത്രമാണ് വരുന്നത്, ഒരു രാജാവിൽ നിന്നോ ഏതെങ്കിലും മനുഷ്യനിൽ നിന്നോ അല്ല.

PRAYER:
സ്നേഹവാനായ പിതാവേ, അങ്ങയുടെ ദയയുള്ള കൈ എന്റെ ജീവിതത്തിൽ ഉണ്ടായിരിക്കട്ടെ. അങ്ങേക്ക്  പ്രസാദകരമായ  ജീവിതം നയിക്കാനും അങ്ങയെ അനുസരിക്കാനും അങ്ങയെ സ്നേഹിക്കാനും അങ്ങയെ സേവിക്കാനും എല്ലാ ദിവസവും അങ്ങയോടൊപ്പം നടക്കാനും എന്നെ സഹായിക്കണമേ. എന്റെ ജീവിതം അങ്ങയുടെ നാമത്തിന് മാത്രം മഹത്വം നൽകട്ടെ. അങ്ങേക്കു മാത്രം തുറക്കാൻ കഴിയുന്ന വാതിലുകൾ ദയവായി തുറക്കേണമേ. സ്വർഗ്ഗത്തിൽ നിന്ന് മാത്രം വരുന്ന ദൈവീക കൃപ എനിക്ക് നൽകേണമേ. എനിക്ക് ലഭിക്കുന്നതെല്ലാം എല്ലായ്പ്പോഴും അങ്ങിൽ നിന്നാണെന്ന് സൂചിപ്പിക്കാനാകട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.