പ്രിയ സുഹൃത്തേ, ഇന്ന് ദൈവവചനം നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ട്. മീഖാ 7:7-ൽ പറഞ്ഞതുപോലെ, "ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും." ദൈവം കേൾക്കുന്നത് എത്ര മധുരമാണ്. നാം കർത്താവിനായി പ്രാർത്ഥനയിൽ കാത്തിരിക്കുന്നു. അവൻ നമുക്ക് ഉത്തരം നൽകുമ്പോൾ, എത്രമാത്രം സന്തോഷം നമ്മുടെ ഹൃദയങ്ങളിൽ നിറയുന്നു. ദൈവത്തിന്റെ ശക്തിയും സന്തോഷവും നമ്മെ നിറയ്ക്കുന്നതായി നമുക്ക് അനുഭവപ്പെടുകയും പറക്കാൻ തോന്നുകയും ചെയ്യുന്നു. യെശയ്യാവ് 40:31-ൽ വേദപുസ്തകം മനോഹരമായി പറയുന്നു, "യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും."

നമ്മുടെ പ്രാർത്ഥനകൾ കേൾക്കപ്പെടുന്നതിനായി ചിലപ്പോൾ നാം ദിവസങ്ങളോളം, മാസങ്ങളോളം, ഒരുപക്ഷേ വർഷങ്ങളോളം പോലും കാത്തിരിക്കേണ്ടിവരും. എന്നാൽ ഈ കാത്തിരിപ്പിലൂടെ കർത്താവ് നമുക്ക് കൂടുതൽ ശക്തി നൽകുന്നു. നമ്മെ ശക്തരാക്കുന്നതിനായി മാത്രമാണ് കർത്താവ് ചിലപ്പോൾ നമ്മെ കാത്തിരിപ്പിക്കുന്നത്. നിങ്ങളുടെ ഒരു പ്രാർത്ഥനയും ഒരിക്കലും പാഴാകില്ല. ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും. അവൻ നിങ്ങളുടെ കണ്ണുനീർ തുടയ്ക്കുകയും നിങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യും. സങ്കീർത്തനം 50:15 പറയുന്നതുപോലെ, "കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും." അതെ, നിങ്ങൾ അവനെ വിളിച്ചപേക്ഷിക്കുന്നതിനായി കർത്താവ് തന്നെ കാത്തിരിക്കുന്നു.

അതുപോലെ, ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ നിന്നുള്ള മംഗ എന്ന സഹോദരി മനോഹരമായ ഒരു സാക്ഷ്യം പങ്കുവെക്കുന്നു. 2014 മുതൽ അവൾക്ക് ഗുരുതരമായ കരൾ പ്രശ്നമുണ്ടായിരുന്നു. അവൾക്ക് ഒന്നും കഴിക്കാൻ കഴിഞ്ഞില്ല, പാൽ പോലും അവളുടെ ശരീരത്തിൽ തങ്ങിയിരുന്നില്ല. അവൾക്ക് കടുത്ത ദഹന പ്രശ്നങ്ങളും വേദനയും അനുഭവപ്പെട്ടു, ശക്തമായ മരുന്നുകൾ അവളുടെ ശരീരത്തിന് താങ്ങാനാകാത്ത നിരവധി പാർശ്വഫലങ്ങൾ ഉണ്ടാക്കി. എല്ലാ ദിവസവും പോരാട്ടമായിരുന്നു. എന്നാൽ 2025 ൽ എല്ലൂരു പാർട്ണേഴ്സ് മീറ്റിംഗിനെക്കുറിച്ച് കേട്ടപ്പോൾ അവൾ വലിയ വിശ്വാസത്തോടെ അവിടെ എത്തി. എന്റെ മകൻ സാമുവൽ ദിനകരൻ വ്യക്തിപരമായി ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും അവളുടെ മേൽ കൈ വയ്ക്കുകയും ചെയ്തപ്പോൾ, വേദന ഉടൻ തന്നെ അവളുടെ ശരീരത്തിൽ നിന്ന് മാറിപ്പോയി. തന്റെ ഉള്ളിൽ എന്തോ നടക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി. അന്നുമുതൽ, അവൾക്ക് എല്ലാ ഭക്ഷണവും കഴിക്കാനും പാൽ കുടിക്കാനും കഴിയുകയും അവൾ പൂർണ്ണമായും സുഖം പ്രാപിക്കുകയും ചെയ്തു. എത്ര ശക്തനായ ദൈവത്തെയാണ് നാം സേവിക്കുന്നത്. എന്റെ സുഹൃത്തേ, ദൈവം പ്രാർത്ഥന കേൾക്കുന്നത് എത്ര മനോഹരമായ കാര്യമാണ്. നിങ്ങളുടെ പ്രാർത്ഥനകൾക്കും കർത്താവ് ഉത്തരം നൽകും. നിങ്ങൾ സുഖം പ്രാപിക്കും!

PRAYER:
സ്വർഗ്ഗീയ പിതാവേ, പ്രത്യാശയോടും വിശ്വാസത്തോടുംകൂടെ ഞാൻ അങ്ങയെ കാത്തിരിക്കുന്നു. ഇപ്പോൾ തന്നെ, അങ്ങയുടെ വിശുദ്ധനാമത്തെ ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശക്തി പുതുക്കണമേ. കർത്താവേ, എന്റെ കണ്ണുനീർ തുടച്ചു മാറ്റുകയും എന്റെ പ്രാർത്ഥന കേൾക്കുകയും ചെയ്യേണമേ. എന്റെ കാത്തിരിപ്പിൽ, അങ്ങയുടെ പരിപൂർണ്ണ സമാധാനംകൊണ്ട് എന്നെ നിറയ്‌ക്കേണമേ. അങ്ങയുടെ രോഗശാന്തി എന്റെ ജീവിതത്തിലേക്ക് ഒഴുകുകയും എല്ലാ ഭാരവും നീക്കിക്കളയുകയും ചെയ്യട്ടെ. അങ്ങ് എനിക്ക് ഉത്തരം നൽകുകയും തക്കസമയത്ത് എന്നെ മാനിക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. യേശുവിന്റെ അതുല്യമായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.