പ്രിയ സുഹൃത്തേ, ഇന്ന് നാം സങ്കീർത്തനം 84:5 ധ്യാനിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു, "ബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങിനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ടു." പാഷൻ ട്രാൻസ്ലേഷൻ പറയുന്നു, "കർത്താവിൽ തങ്ങളുടെ ശക്തി കണ്ടെത്തുന്നവർ എത്ര സമ്പന്നരാണ്". കർത്താവിൽ നിന്ന് നമ്മുടെ ശക്തി വരുമ്പോൾ, യഥാർത്ഥത്തിൽ നാം ആത്മാവിൽ സമ്പന്നരാകുന്നു. സാഹചര്യങ്ങളാൽ നാം കുലുങ്ങുന്നില്ല, കാരണം നമ്മുടെ ശക്തി മനുഷ്യശക്തിയെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് ദൈവീക കൃപയെ അടിസ്ഥാനമാക്കിയുള്ളതാണ്. തുടർന്നുള്ള വാക്യങ്ങൾ പറയുന്നത്, കണ്ണുനീർ താഴ്വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. മുന്മഴയാൽ അതു അനുഗ്രഹപൂർണ്ണമായ്തീരുന്നു. കർത്താവിൽ വിശ്വസിക്കുന്നവർ അവരുടെ ഇരുണ്ട നിമിഷങ്ങളിൽ പോലും അനുഗ്രഹങ്ങൾ അനുഭവിക്കുന്നു. അവനിൽ നാം എത്രത്തോളം നമ്മുടെ ശക്തി കണ്ടെത്തുന്നുവോ അത്രത്തോളം അവൻ നമ്മുടെമേൽ അനുഗ്രഹം ചൊരിയുന്നു. മുന്നോട്ടുള്ള ഓരോ ചുവടും വളർച്ചയുടെയും ശക്തിയുടെയും ഒരു ചുവടുവയ്പ്പായി മാറുന്നു. വേദപുസ്തകം പറയുന്നു, " അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു."

സൂര്യപ്രകാശം ഒരു ചെറിയ വിത്തിന്മേൽ പതിക്കുമ്പോൾ, അത് വെളിച്ചത്തിലേക്ക്, മുകളിലേക്ക് വളരാൻ തുടങ്ങുന്നു. അതേ രീതിയിൽ, ദൈവത്തിന്റെ കൃപ സ്പർശിച്ച ഹൃദയം സ്വർഗ്ഗീയദിശയിലേക്ക് ഉയരാൻ തുടങ്ങുന്നു. അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ, അനുഗ്രഹത്തിന്മേൽ അനുഗ്രഹം, കാരുണ്യത്തിന്മേൽ കാരുണ്യം, വരത്തിന്മേൽ വരം ലഭിക്കുന്നു (യോഹന്നാൻ 1:16). ദൈവത്തിന്റെ ശക്തിയിൽ വേരൂന്നിയവർ ഒരിക്കലും ഉണങ്ങുകയില്ല; അവർ മറ്റുള്ളവർക്ക് അനുഗ്രഹത്തിന്റെ ഉറവകളായി മാറുന്നു. മത്തായി 13:12-ൽ യേശു പറഞ്ഞു, "ഉള്ളവന്നു കൊടുക്കും; അവന്നു സമൃദ്ധിയുണ്ടാകും." ഇതിനർത്ഥം കർത്താവിൽ ശക്തിയും വിശ്വാസവും കണ്ടെത്തിയവർ കൃപയിലും അനുഗ്രഹങ്ങളിലും കൂടുതൽ സമ്പന്നരാകും എന്നാണ്. എന്നാൽ സ്വന്തം ശക്തിയിൽ ആശ്രയിക്കുന്നവർ അത് അപ്രത്യക്ഷമാകുന്നത് ഉടനെ കാണും. അതുകൊണ്ട്, പ്രിയ ദൈവപൈതലേ, ദൈവിക സമൃദ്ധിയിൽ ജീവിക്കണോ അല്ലെങ്കിൽ നമ്മുടെ സ്വന്തം ബലഹീനതയിൽ പോരാടണോ എന്ന് കർത്താവ് നമുക്ക് ഒരു തിരഞ്ഞെടുപ്പ് നൽകിയിരിക്കുന്നു. ദൈവത്തിൽ നിങ്ങളുടെ ബലം കണ്ടെത്താൻ തിരഞ്ഞെടുക്കുക. മനുഷ്യരിലും സാഹചര്യങ്ങളിലും ആശ്രയിക്കരുത്. ദൈവത്തിന് മാത്രമേ നിങ്ങളെ ബലപ്പെടുത്താൻ കഴിയൂ.

അതുകൊണ്ടാണ് ഫിലിപ്പിയർ 3:14-ൽ അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ പറഞ്ഞത്, “ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു." മുന്നോട്ട് കുതിച്ചുകൊണ്ടേയിരിക്കുക. നിങ്ങളുടെ പ്രശ്നങ്ങളിലേക്ക് നോക്കാതിരിക്കുക; പകരം നിങ്ങളുടെ പരമവിളിയിലേക്കു, മുകളിലേക്ക് നോക്കുക. നാം നമ്മുടെ ബലം ദൈവത്തിൽ കണ്ടെത്തുമ്പോൾ, ഒരു പരീക്ഷണത്തിനും വേദനയ്ക്കും നഷ്ടത്തിനും നമ്മെ താഴ്ത്താൻ കഴിയില്ല. ഓരോ കൊടുങ്കാറ്റും ഒരു ചവിട്ടുപടിയായി മാറുന്നു. ഓരോ കണ്ണീരും അനുഗ്രഹത്തിന്റെ വിത്തായി മാറുന്നു. നിങ്ങൾ ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കുമ്പോൾ, നിങ്ങൾ താഴേക്കല്ല, മുകളിലേക്ക് നീങ്ങും. ഓരോ ദിവസം കഴിയുന്തോറും നിങ്ങൾ കൂടുതൽ ശക്തരാകും. അതിനാൽ, പ്രിയ സുഹൃത്തേ, നിങ്ങളുടെ ഹൃദയം ധൈര്യം കൊണ്ട് നിറയട്ടെ. കർത്താവാണ് നിങ്ങളുടെ ബലവും പരിചയും. അവൻ നിങ്ങളെ ഉയർത്തുകയും വിജയത്തോടെ കിരീടമണിയിക്കുകയും ചെയ്യും.

PRAYER:
കർത്താവായ യേശുവേ, അങ്ങ് മാത്രമാണ് എന്റെ ശക്തിയുടെ ഉറവിടം. ഇന്ന് എന്റെ ദുർബലമായ ഹൃദയത്തെ അങ്ങയുടെ ശക്തിയാൽ നിറയ്‌ക്കേണമേ. എന്റെ കണ്ണുനീർ സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും ഉറവകളായി മാറ്റേണമേ. അങ്ങയുടെ സമൃദ്ധമായ മഴ എന്റെ ജീവിതത്തിലെ എല്ലാ വരണ്ട പ്രദേശങ്ങളിലും ഒഴുകട്ടെ. പരിശുദ്ധാത്മാവേ, അങ്ങയുടെ സാന്നിധ്യവും സമാധാനവും കൊണ്ട് എന്റെ ഹൃദയം നിറയ്‌ക്കേണമേ. എന്റെ ഉയർച്ചയെ തടയുന്ന എല്ലാ ചങ്ങലകളും തകർക്കേണമേ. എന്റെ ബലഹീനതയെ ദൈവിക ശക്തിയും ആത്മവിശ്വാസവും കൊണ്ട് പുന:സ്ഥാപിക്കണമേ. ഇന്നുമുതൽ പരാജയമല്ല, വിജയം എന്റെ ഭാഗമാകട്ടെ. സ്വർഗ്ഗം തുറന്ന്, കൃപമേൽ കൃപയും വരത്തിന്മേൽ വരവും ചൊരിയേണമേ. കർത്താവേ, അങ്ങിൽ എന്നെ ശക്തിപ്പെടുത്തണമേ, എല്ലാ ദിവസവും മുകളിലേക്ക് കയറാൻ എന്നെ സഹായിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.