എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങൾക്ക് വന്ദനം പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന് നാം എഫെസ്യർ 2:6 -ൽ നിന്നുള്ള വാഗ്‌ദത്തത്തെക്കുറിച്ച് ധ്യാനിക്കുന്നു. അത് ഇപ്രകാരം പറയുന്നു, "ദൈവം നമ്മെ ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു." എന്റെ പ്രിയ സുഹൃത്തേ, ഇന്ന് ദൈവം നിങ്ങളെ ഉയർത്തുകയും സ്വർഗ്ഗത്തിൽ തന്നോടൊപ്പം ഇരുത്തുകയും ചെയ്യും. ഈ വാക്യം വായിച്ചപ്പോൾ II ശമൂവേലിൽ നിന്നുള്ള ഒരു സംഭവം ഞാൻ ഓർത്തു. ദാവീദ് രാജാവായിരുന്നപ്പോൾ യോനാഥാന്റെ മകൻ മെഫീബോശെത്ത് അവന്റെ അടുക്കൽ വന്നതായി നാം കാണുന്നു. സാധാരണയായി, പുരാതന കാലത്ത്, ഒരു പുതിയ രാജാവ് രാജ്യം ഭരിക്കുമ്പോൾ, സിംഹാസനത്തിന് ഒരു ഭീഷണിയും ഉണ്ടാകാതിരിക്കാൻ, മുൻ ഭരണാധികാരികളുടെ പിൻഗാമികളെ അവർ നശിപ്പിക്കാൻ പ്രവണത കാണിക്കുന്നു. എന്നാൽ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്ന്,  ദാവീദിനെ നമസ്കരിച്ചപ്പോൾ അവനെ നശിപ്പിക്കാൻ പദ്ധതിയിടുന്നതിനുപകരം, യോനാഥാനോടുള്ള വിശ്വസ്തത നിമിത്തം, അവൻ അവനോട് കരുണ കാണിച്ചു. അവൻ പറഞ്ഞു,  "നിന്റെ മുത്തച്ഛനായ ശൌലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം."

മുൻ രാജാവുമായി ബന്ധമുള്ളതിനാൽ മെഫീബോശെത്ത് ഭയപ്പെട്ടിരിക്കാം, "എന്റെ ജീവൻ അപകടത്തിലാണ്, എനിക്ക് എങ്ങനെ പുതിയ രാജാവിനെ സമീപിക്കാം? അവൻ എന്നെ എന്തു ചെയ്യും? " എന്ന് ചിന്തിച്ചിരിക്കാം. എന്നാൽ പിന്നീട് ദാവീദ് അവനോട് കരുണ കാണിക്കുകയും പിതാവിനോടുള്ള വിശ്വസ്തതയും സൌഹൃദവും കാരണം മുത്തച്ഛന് ഉണ്ടായിരുന്നതെല്ലാം അവന് തിരികെ നൽകുകയും ചെയ്തു. അതെ, എന്റെ പ്രിയ സുഹൃത്തേ, അതുപോലെ തന്നെ  ദൈവവും നിങ്ങളോട് കരുണയുള്ളവനാണ്. ഇന്ന്, നിങ്ങൾ പറഞ്ഞേക്കാം, ഞാൻ പാപം നിറഞ്ഞവനാണ്, ഞാൻ നിരവധി തെറ്റുകൾ ചെയ്തിട്ടുണ്ട്. എനിക്ക് എങ്ങനെ ദൈവത്തെ സമീപിക്കാൻ കഴിയും? എന്റെ ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. എന്നാൽ ദൈവം നിങ്ങളോട് കരുണ കാണിക്കുന്നു. അവൻ നിങ്ങളെ തന്റെ രക്തം കൊണ്ട് വിലയ്ക്കു വാങ്ങിയതിനാൽ അവൻ നിങ്ങളോട് കരുണ കാണിക്കുന്നു. തന്റെ കാരുണ്യത്താൽ അവൻ നിങ്ങളെ നിങ്ങളുടെ പാപജീവിതത്തിൽ നിന്ന് ഉയർത്തുന്നു.

നിങ്ങൾ പശ്ചാത്തപിക്കുകയും നിങ്ങളുടെ പാപങ്ങൾ കർത്താവിനോട് ഏറ്റുപറയുകയും ചെയ്യുമ്പോൾ, അവൻ നിങ്ങളോട് കരുണ കാണിക്കുന്നു. അവൻ നിങ്ങളോട് ദയ കാണിക്കുന്നു. അവൻ നിങ്ങളെ നിങ്ങളുടെ പഴയ ജീവിതത്തിൽ നിന്ന് ഉയർത്തുകയും നിങ്ങൾക്ക് ഒരു പുതിയ തുടക്കം നൽകുകയും സ്വർഗ്ഗത്തിൽ അവനോടൊപ്പം ഇരുത്തുകയും ചെയ്യുന്നു. ഇന്ന്, നിങ്ങൾ പറഞ്ഞേക്കാം, എന്റെ പാപം കാരണം, ഞാൻ ആരുമല്ല; എല്ലാവരും എന്നെ പുറത്താക്കി. ഞാൻ എന്റെ പിതാവിന്റെ അടുത്തേക്ക് ഓടിവന്നാൽ അവൻ എന്നെ സ്വീകരിക്കുമോ? ഇന്ന്, നിങ്ങളുടെ പിതാവായ ദൈവം നിങ്ങളോട് കരുണയും ദയയും കാണിക്കുകയും കുഴിയിൽ നിന്ന് നിങ്ങളെ ഉയർത്തുകയും അവനോടൊപ്പം ഇരുത്തുകയും ചെയ്യും. നിങ്ങൾക്ക് എല്ലായ്പ്പോഴും അവന്റെ മേശയിൽ ഒരു ഇരിപ്പിടം ഉണ്ടായിരിക്കും. അതുകൊണ്ട് എന്റെ പ്രിയ സുഹൃത്തേ, സന്തോഷമുള്ളവരായിരിക്കുക. ഇന്ന്, ഒരു പുതിയ തുടക്കം നിങ്ങളെ കാത്തിരിക്കുന്നു. നമുക്ക് അത് ഇപ്പോൾ തന്നെ സ്വീകരിക്കാമോ?

PRAYER:
പ്രിയ കർത്താവേ, എന്റെ തകർച്ചയിൽപ്പോലും എന്നിലേക്കെത്തുന്ന അങ്ങയുടെ കാരുണ്യത്തിന് അങ്ങേയ്ക്ക് നന്ദി. എനിക്ക് അയോഗ്യതയും ഭയവും തോന്നുമ്പോൾ, കർത്താവേ, അങ്ങ് എന്നെ അടുത്തേക്ക് വിളിച്ചിരിക്കുന്നുവെന്ന് എന്നെ ഓർമ്മിപ്പിക്കണമേ. എന്റെ പഴയ ജീവിതത്തിൽ നിന്ന് എന്നെ ഉയർത്തി എല്ലാ പാപങ്ങളിൽ നിന്നും എന്നെ ശുദ്ധീകരിക്കണമേ. മാനസാന്തരപ്പെടാനും അങ്ങയുടെ വഴികളിൽ നടക്കാനുമുള്ള കൃപ എനിക്കു നല്കണമേ. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കുകയും എന്നെ പുതുതാക്കുകയും ചെയ്യേണമേ. എന്റെ ജീവിതം അങ്ങയുടെ ദയയും സ്നേഹവും പ്രതിഫലിപ്പിക്കട്ടെ. എന്നെ എപ്പോഴും അങ്ങയുടെ സാന്നിധ്യത്തിൽ ഇരുത്തണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.