"എന്റെ ആത്മാവു എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ നീ എന്റെ പാതയെ അറിയുന്നു." ഇത് സങ്കീർത്തനം 142:3 ൽ കാണുന്ന ദൈവത്തിന്റെ വാഗ്‌ദത്തമാണ്. നമ്മുടെ ആത്മാവ് പലതവണ നമ്മുടെ ഉള്ളിൽ തളർന്നുപോകുന്നു, എന്നാൽ നമ്മെ ശക്തിപ്പെടുത്തുന്നതിനും ദൌത്യത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുമുള്ള നമ്മുടെ പാതയെ ദൈവം അറിയുന്നു. കർത്താവായ യേശു ഗെത്ത്ശെമനയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ, അവൻ കുരിശിലേക്ക് പോകുന്നതിനു മുമ്പുള്ള അവസാന നിമിഷമായിരുന്നു അത്. അവന്റെ ആത്മാവ് അത്യധികം ഭയവും ഉത്കണ്ഠയും നിറഞ്ഞതായിരുന്നു. മനുഷ്യരാശിയുടെ രക്ഷയ്ക്കായി കുരിശിൽ അനുഭവിക്കേണ്ടിയിരുന്ന വേദനയെക്കുറിച്ച് അവൻ ആശങ്കാകുലനായിരുന്നു. ഭയം അവന്റെ ആത്മാവിനെ പിടികൂടി. അവന് വളരെ ക്ഷീണവും ബലഹീനതയും അനുഭവപ്പെട്ടു, അവന്റെ വിയർപ്പ് രക്തം പോലെ പുറത്തുവന്നു. അവൻ നിലവിളിച്ചു, "പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ. ദയവായി, മരണത്തിന്റെ ഈ പാനപാത്രം എന്നിൽ നിന്ന് എടുത്തുകളയണമേ." അപ്പോൾ സാത്താൻ സന്തോഷത്തോടെ നൃത്തം ചെയ്തുകൊണ്ട് പറഞ്ഞു, "അവൻ ഒരിക്കലും കുരിശിലേയ്ക്കു പോകില്ല. അവന് ഭയമാണ്." എന്റെ പരേതനായ പിതാവ് ദിനകരൻ ഇത് ഒരു ദർശനത്തിൽ കണ്ടു.

എന്നാൽ തുടർന്ന്, നമ്മുടെ എല്ലാ കഷ്ടതകളിലും നമ്മെ ആശ്വസിപ്പിക്കുന്ന പരിശുദ്ധാത്മാവ് വന്നു. റോമർ 8:26 പ്രകാരം, നമ്മുടെ ബലഹീനതകളിൽ നമുക്ക് തുണനില്ക്കുന്നവൻ കർത്താവായ യേശുവിന്റെമേൽ വന്നു. അവൻ യേശുവിന് ഭാവിയെ കാണിച്ചുകൊണ്ട് അവന്റെ ഉള്ളിൽ ഇങ്ങനെ പറഞ്ഞു, "കർത്താവായ യേശുവേ, നീ ദൈവഹിതത്തെ ആത്മവിശ്വാസത്തോടെ സ്വീകരിക്കുകയും കാൽവരിയിലെ കുരിശിനെ സ്വീകരിക്കുകയും ചെയ്താൽ, പിതാവ് നിനക്ക് മഹത്തായ ഒരു നാമം നൽകും, എല്ലാ നാമങ്ങൾക്കും മീതെയുള്ള ഒരു നാമം. നീ ജീവനാണ്. നീ പുനരുത്ഥാനമാണ്. നീ ഉയിർത്തെഴുന്നേൽക്കും". പരിശുദ്ധാത്മാവ് അവന് വഴി കാണിച്ചുതരികയും ആശ്വസിപ്പിക്കുകയും ചെയ്തപ്പോൾ, കർത്താവായ യേശു തന്റെ ക്ഷീണത്തിന്റെയും ബലഹീനതയുടെയും നിമിഷത്തിൽ ശക്തിപ്പെട്ടു. അപ്പോൾ അവൻ പറഞ്ഞു, " ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ." അതിനുശേഷം അവൻ എഴുന്നേറ്റ് അവനെ വഞ്ചിച്ചവരെ അഭിമുഖീകരിച്ചു, തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച മഹാപുരോഹിതന്മാരെ അഭിമുഖീകരിച്ചു, തന്നെ വധശിക്ഷയ്ക്ക് വിധിച്ച പീലാത്തൊസിനെ അഭിമുഖീകരിച്ചു. അവൻ പേടിച്ചില്ല. അവൻ കുരിശ് വഹിക്കുകയും റോമൻ സൈനികരുടെ ചാട്ടവാറടി സഹിക്കുകയും ആണികളുടെ വേദന സഹിക്കുകയും ചെയ്തു.

ഒടുവിൽ അവൻ പറഞ്ഞു, "സർവ്വശക്തനായ കർത്താവേ, അങ്ങയുടെ കൈകളിലേക്ക് ഞാൻ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു. എന്റെ ജനങ്ങൾക്കുവേണ്ടി ഞാൻ എന്റെ രക്തം ചൊരിഞ്ഞിരിക്കുന്നു. എന്റെ യാഗം സ്വീകരിച്ചു ഈ രക്തത്തെ സ്വീകരിക്കുന്ന ഏവരും, എന്റെ രക്തത്തിൽ കഴുകപ്പെടുകയും പാപത്തിൽ നിന്ന് രക്ഷിക്കപ്പെടുകയും ചെയ്യും." അവൻ പറഞ്ഞു, "നിവൃത്തിയായി", മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേറ്റു. അവൻ ജീവിച്ചിരിക്കുന്നു! എന്റെ ആത്മാവ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ, കർത്താവേ, അങ്ങ് എന്റെ പാതയെ അറിയുന്നു. യെശയ്യാവ് 40:29–31-ൽ വേദപുസ്തകം പറയുന്നു, ദൈവം  ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു. യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും. ഇന്നും, ദൈവഹിതത്തിന് സ്വയം സമർപ്പിക്കുകയും "അങ്ങയുടെ ഇഷ്ടം നിറവേറട്ടെ" എന്ന് പറയുകയും ചെയ്യുക. എല്ലാ പീഡനങ്ങളെയും കഷ്ടപ്പാടുകളെയും പരീക്ഷണങ്ങളെയും നേരിടാൻ പരിശുദ്ധാത്മാവ് നിങ്ങളെ ശക്തിപ്പെടുത്തും. നിങ്ങൾ പൂർണ്ണജയം പ്രാപിച്ചവരായിത്തീരും. ദൈവം നിങ്ങളെ ഉയരത്തിൽ പറക്കാൻ ഇടയാക്കുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് രക്ഷ നൽകുകയും ചെയ്യും. യേശുവിന്റെ നാമത്തിൽ ഈ കൃപ ഇപ്പോൾ തന്നെ നിങ്ങളുടെ മേൽ വരട്ടെ.

PRAYER:
സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ വാഗ്‌ദത്തത്തിലൂടെ എന്നെ പ്രോത്സാഹിപ്പിച്ചതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്റെ ആത്മാവു വിഷാദിച്ചിരിക്കുമ്പോൾ കർത്താവേ, എന്റെ പാതയെ അറിയേണമേ. എന്റെ ഭയത്തിന്റെയും ബലഹീനതയുടെയും നിമിഷങ്ങളിൽ എന്നെ ശക്തിപ്പെടുത്തേണമേ. അങ്ങയുടെ ഹിതത്തിന് പൂർണ്ണമായും സമർപ്പിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവ് എന്നെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യട്ടെ. എന്റെ സാഹചര്യങ്ങളെ കഴുകനെപ്പോലെ മറികടക്കാൻ എന്റെ ശക്തി പുതുക്കുകയും എല്ലാ പരീക്ഷണങ്ങളെയും ധൈര്യത്തോടും വിശ്വാസത്തോടും കൂടി നേരിടാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. എന്റെ ജീവിതത്തിൽ അങ്ങയുടെ ഹിതം നിറവേറട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.