എന്റെ പ്രിയ സുഹൃത്തുക്കളേ, ഇന്നും നമുക്ക് കർത്താവിൽ വലിയ പ്രത്യാശയുണ്ട്. സങ്കീർത്തനം 91:4-ൽ വാഗ്ദാനം ചെയ്തതുപോലെ, അവൻ നമ്മെ ശക്തിപ്പെടുത്താനും നമ്മെ നയിക്കാനും വന്നിരിക്കുന്നു: "തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു." ഒരു പക്ഷിയുടെ വലിയ ചിറകുകൾക്കടിയിൽ അതിന്റെ കുഞ്ഞുങ്ങൾക്ക് ഊഷ്മളതയും ആശ്വാസവും അഭയവും ലഭിക്കുന്നു. അങ്ങനെയാണ് ഒരു തള്ളപ്പക്ഷി തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. ഏറ്റവും വലിയ അപകടത്തെ അഭിമുഖീകരിക്കുമ്പോഴും, അവരെ മറയ്ക്കാനും സംരക്ഷിക്കാനും, അവൾ തന്റെ ജീവൻ ത്യജിക്കാൻ പോലും തയ്യാറാണ്. അതുപോലെ, കർത്താവ് തന്റെ തൂവലുകളാൽ നമ്മെ മൂടുന്നു, അവന്റെ വിശ്വസ്തത നമ്മുടെ പരിചയായി മാറുന്നു. അതെ, അവൻ എല്ലായ്പ്പോഴും വിശ്വസ്തനാണെന്നും അവന്റെ വിശ്വസ്തത നമ്മുടെ ഹൃദയങ്ങളെ സംരക്ഷിക്കുന്ന പരിചയാണെന്നും നമുക്കറിയാം.

ഈ സത്യം എന്നെ എപ്പോഴും ഓർമ്മിപ്പിക്കുന്ന ഒരു അമ്മാവനും അമ്മായിയും എന്റെ ജീവിതത്തിൽ ഉണ്ട്. അവരുടെ ശരീരത്തിൽ ഭയങ്കരമായ അസുഖം, കഠിനമായ കുടുംബ പ്രശ്നങ്ങൾ, ജീവിതത്തിലെ വിവിധ പ്രതിസന്ധികൾ എന്നിവ നേരിടുമ്പോഴും അവർ നിരന്തരം പറയുന്നു, "യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കും ഉള്ളതു." അവർ എല്ലായ്പ്പോഴും "സാം, നീയും കർത്താവിനെ സ്തുതിക്കുക, അവന്റെ ദയ എന്നേക്കും ഉള്ളതു എന്ന് പറഞ്ഞുകൊണ്ടിരിക്കുക” എന്നു പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കാറുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾ കാരണം ദൈവത്തെ സ്തുതിക്കുന്നതിൽ നിന്ന് പിന്മാറാൻ അവർ ഒരിക്കലും അനുവദിക്കാറില്ല. ചിലപ്പോൾ, അവർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുമ്പോൾ, "എന്റെ ഹൃദയം വളരെ  തകർന്നിരിക്കുന്നു" എന്ന് അവർ പറയുന്നു. എന്നാൽ ഉടൻ തന്നെ അവർ ഇങ്ങനെ പ്രഖ്യാപിക്കുന്നു, "കർത്താവിന് സ്തോത്രം! കർത്താവേ, അങ്ങയുടെ ദയ എന്നേക്കും നിലനിൽക്കുന്നതിനാൽ ഞാൻ അങ്ങയെ സ്തുതിച്ചുകൊണ്ടേയിരിക്കും.”

എന്റെ പ്രിയ സുഹൃത്തുക്കളേ, ഇത്രമാത്രം പറഞ്ഞാൽ മതി. അവന്റെ സ്നേഹം എല്ലായ്പ്പോഴും നമുക്കായി ഉണ്ടെന്നും അവൻ നമ്മോടൊപ്പം നിൽക്കാൻ വിശ്വസ്തനാണെന്നും മാത്രമേ നാം ഓർക്കേണ്ടതുള്ളൂ. അവൻ നമ്മെ അനുഗ്രഹിക്കാനും അവന്റെ കരുണയനുസരിച്ച് നമുക്ക് ആവശ്യമുള്ളതെല്ലാം നൽകാനും വിശ്വസ്തനാണ്. അവന്റെ ദയ എന്നെന്നേക്കുമായി നിലനിൽക്കുന്നു! അതുകൊണ്ടാണ് യിസ്രായേല്യസൈന്യം അവരുടെ ഏറ്റവും വലിയ യുദ്ധങ്ങളുടെയും പോരാട്ടങ്ങളുടെയും മധ്യത്തിലും കർത്താവിനെ സ്തുതിച്ചത്. കർത്താവിനെ സ്തുതിക്കുന്നത് നമ്മുടെ പരിചയാകുന്നു. അത് നമ്മുടെ ഹൃദയങ്ങളെ സംരക്ഷിക്കുകയും യേശുവിനെ നമ്മുടെ ഉള്ളിൽ നിലനിർത്തുകയും അവൻ മുഖാന്തരം ഏറ്റവും വലിയ വിജയങ്ങൾ നേടാൻ സഹായിക്കുകയും ചെയ്യും.

PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങ് നല്ലവനും അങ്ങയുടെ ദയ എന്നേക്കും നിലനിൽക്കുന്നതുമായതിനാൽ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. രോഗം, കുടുംബ പ്രശ്നങ്ങൾ, എതിർപ്പുകൾ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ എന്നിവയ്ക്കിടയിലും, അങ്ങയുടെ വിശ്വസ്തതയിൽ വിശ്വസിക്കാൻ ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ ശക്തിയേറിയ ചിറകുകളുടെ കീഴിൽ ഞങ്ങളെ മൂടുകയും ഞങ്ങളുടെ ഹൃദയങ്ങളെ സംരക്ഷിക്കുകയും ചെയ്യണമേ. അങ്ങയോട് നിലവിളിക്കുന്ന ഓരോ വ്യക്തിയെയും അങ്ങയുടെ കാരുണ്യം വലയം ചെയ്യട്ടെ. അവരുടെ സാഹചര്യങ്ങളിലേക്ക് അങ്ങയുടെ ശക്തമായ ശക്തി കൊണ്ടുവരണമേ. അടഞ്ഞ വാതിലുകൾ തുറക്കപ്പെടട്ടെ, എല്ലാ ശത്രുതയും ഇല്ലാതാകട്ടെ, ആവശ്യമായതെല്ലാം അവർക്ക് ലഭിക്കട്ടെ. അത്ഭുതകരമായ സാക്ഷ്യങ്ങളും മഹത്തായ വിജയങ്ങളും കൊണ്ട് അവരുടെ ജീവിതം നിറയ്ക്കണമേ. കർത്താവേ, അങ്ങയുടെ വിശ്വസ്തത വളരെ വലുതാണ്. യേശുവിന്റെ നാമത്തിൽ ഞങ്ങൾ അങ്ങയുടെ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നു. ആമേൻ.