എന്റെ സുഹൃത്തുക്കളേ, പുറപ്പാട് 23:20-ൽ കർത്താവ് നമുക്കായി ഒരു പ്രത്യേക വാഗ്‌ദത്തം നൽകിയിരിക്കുന്നു: "ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു." എത്ര മനോഹരമായ ഒരു വാഗ്‌ദത്തം! നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഒരു യാത്രയിലായിരിക്കാം, ഒരു പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുകയോ അല്ലെങ്കിൽ ഒരു അത്ഭുതത്തിനായി കാത്തിരിക്കുകയോ ചെയ്തേക്കാം. ഈ സാഹചര്യങ്ങളിലെല്ലാം, നിങ്ങളെ സംരക്ഷിക്കാനും നിങ്ങൾക്ക് ഒരു വഴി ഉണ്ടാക്കാനും താൻ ഒരുക്കിവെച്ച സ്ഥലത്തേക്ക് നിങ്ങളെ നയിക്കാനും ദൈവം തന്റെ ദൂതനെ നിങ്ങളുടെ മുമ്പിൽ അയയ്ക്കുന്നു. ശരിയായ സ്ഥലത്ത് എത്താൻ അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളോട് അരുളിച്ചെയ്ത വാഗ്‌ദത്തം നിറവേറ്റുകയും നിങ്ങൾക്കായി ഒരുക്കിവെച്ചിരിക്കുന്ന അത്ഭുതം പൂർത്തീകരിക്കുകയും ചെയ്യും.
മറിയയുടെയും യോസേഫിന്റെയും ജീവിതത്തിൽ ഇത് മനോഹരമായി നമുക്ക് കാണാൻ സാധിക്കും. ഒരു ദൂതൻ പ്രത്യക്ഷപ്പെട്ട് മറിയം ഗർഭം ധരിച്ച് ദൈവപുത്രനെ പ്രസവിക്കുമെന്ന് അവരോട് പറഞ്ഞു. കർത്താവ് അവരോട് സംസാരിക്കുകയും ഓരോ ഘട്ടത്തിലും അവരെ നയിക്കുകയും ചെയ്തു. അവൻ അവരെ ബെത്ലഹേമിലെ ഒരു പുൽത്തൊട്ടിയിലേക്ക് എത്തിച്ചു. മറ്റെല്ലാ സ്ഥലങ്ങളെയും ഒഴിവാക്കി ദൈവം അവരെ അവിടേക്ക് നയിച്ചു. അങ്ങനെ ആ ശിശു അത്ഭുതകരമായി ജനിച്ചു. നവജാതനായ രാജാവിനെ വിലയേറിയ സമ്മാനങ്ങൾ നൽകി ആദരിക്കാനായി വിദ്വാന്മാരെ, മറിയത്തിന്റെയും യോസേഫിന്റെയും അടുക്കലേക്ക് കർത്താവ് നയിച്ചു. അതിശയകരമെന്നു പറയട്ടെ, അവർ ആ ശിശുവിനെ ആരാധിച്ച ശേഷം, ഹെരോദാവ് രാജാവിൽ നിന്ന് രക്ഷപ്പെടാനായി മറ്റൊരു വഴിയിലൂടെ മടങ്ങിപ്പോകാൻ കർത്താവ് സ്വപ്നത്തിലൂടെ അവരെ വഴിനടത്തി. മാത്രമല്ല, ഹെരോദാവ് രാജാവ് ആ ശിശുവിനെ നശിപ്പിക്കാൻ ശ്രമിക്കുന്നതിനാൽ ബെത്‌ലഹേം വിട്ട് മിസ്രയീമിലേക്ക് പോകാനായി ദൂതൻ വീണ്ടും പ്രത്യക്ഷപ്പെട്ട് മറിയയോടും യോസേഫിനോടും അരുളിച്ചെയ്തു. എത്ര മനോഹരമായാണ് കർത്താവ് അവരെ സംരക്ഷിക്കുകയും രക്ഷപ്പെടാൻ ഒരു വഴി ഉണ്ടാക്കുകയും ചെയ്തത്! എല്ലാ സ്ഥലങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും അവൻ അവരെ എത്ര വിശ്വസ്തതയോടെയാണ് സുരക്ഷിതമായി വഴിനടത്തിയത്.
എന്റെ സുഹൃത്തുക്കളെ, അതേ ദൈവിക നേതൃത്വം നിങ്ങളിലേക്കും വരുന്നു. നിങ്ങൾ ദൈവത്തിന്റെ കരങ്ങളിലാണ്. നിങ്ങളുടെ കണ്ണുകൾ യേശുവിൽ ഉറപ്പിച്ചിരിക്കുമ്പോൾ നിങ്ങളുടെ ജീവിതം സംരക്ഷിക്കപ്പെടും. അവൻ നിങ്ങളെ വഴിയിലുടനീളം സംരക്ഷിക്കുകയും നിങ്ങളുടെ ചുവടുകൾ നയിക്കുകയും നിങ്ങൾക്കായി അവൻ ഒരുക്കിയിട്ടുള്ള സ്ഥലത്തേക്ക് സുരക്ഷിതമായി എത്തിക്കുകയും ചെയ്യും.
PRAYER:
പ്രിയ കർത്താവായ യേശുവേ, എന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും എന്നോടൊപ്പം ഉണ്ടായിരിക്കുകയും എന്നെ നയിക്കുകയും ചെയ്യുന്നതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ വാഗ്‌ദത്തങ്ങൾക്കും അത്ഭുതങ്ങൾക്കുമായി ഞാൻ കാത്തിരിക്കുമ്പോൾ, എന്നെ സംരക്ഷിക്കാനും ആ സ്ഥലത്തേക്ക് എന്നെ നയിക്കാനും അങ്ങയുടെ ദൂതനെ അയക്കണമേ. അങ്ങയുടെ നിർദ്ദേശങ്ങൾ അനുസരിക്കാനും അങ്ങിൽ പൂർണ്ണമായി ആശ്രയിക്കാനും എന്നെ സഹായിക്കണമേ. എനിക്ക് ജ്ഞാനവും മാർഗനിർദേശവും ആവശ്യമുള്ളപ്പോൾ എന്നെ നയിക്കണമേ. അങ്ങയുടെ ഹിതമനുസരിച്ച് അങ്ങയുടെ വചനത്തിലൂടെയും ദർശനങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും എന്നോട് സംസാരിക്കണമേ. എല്ലാ ഉപദ്രവങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കുകയും എല്ലാ സാഹചര്യങ്ങളിലും എന്നെ സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. അങ്ങ് എനിക്കായി ഒരുക്കിയിരിക്കുന്ന അത്ഭുതത്തിലേക്കും അനുഗ്രഹത്തിലേക്കും എന്നെ എത്തിക്കണമേ. അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനും സംരക്ഷണത്തിനും നന്ദി. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


