ഹലോ സുഹൃത്തേ, ഇന്നത്തെ വാഗ്‌ദത്തം നിങ്ങൾക്കും നിങ്ങളുടെ തലമുറയ്ക്കും വേണ്ടിയുള്ളതാണ്. നാം വിശ്വസ്തരായിരിക്കുമ്പോൾ കർത്താവ് നമ്മെയും നമ്മുടെ തലമുറയെയും അനുഗ്രഹിക്കും. യെശയ്യാവ്‌ 27:6-ൽ വേദപുസ്തകം ഇങ്ങനെ പറയുന്നു, "വരും കാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിർത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂർണ്ണമാകയും ചെയ്യും." എത്ര മനോഹരമായ ഒരു വാഗ്‌ദത്തം. ഈ വാക്യത്തിൽ നാം രണ്ട് ഭാഗങ്ങൾ കാണുന്നു: ആദ്യം, യാക്കോബ്  വേരൂന്നണം. യാക്കോബ് വേരൂന്നുമ്പോൾ മാത്രമേ യിസ്രായേൽ തളിർത്തുപൂക്കുകയും ചെയ്യുകയുള്ളൂ.

നിങ്ങൾ കർത്താവിനോടും അവന്റെ വിളിയോടും വിശ്വസ്തരായിരിക്കുമ്പോൾ മാത്രമേ നിങ്ങളുടെ തലമുറ അനുഗ്രഹിക്കപ്പെടുകയുള്ളൂ. അത് സംഭവിക്കണമെങ്കിൽ, നാം കർത്താവിനോട് വളരെ അടുത്തായിരിക്കണം. വേദപുസ്തകം പറയുന്നു, "ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും." അതിനാൽ ഇന്ന്, നിങ്ങൾ യേശുവിൽ നിന്ന് വളരെ അകലെയാണെങ്കിൽ, അവന്റെ അടുത്തേക്ക് മടങ്ങാൻ ഒരിക്കലും വൈകിയിട്ടില്ല. ദിനംതോറും വേദപുസ്തകം വായിക്കുക, അവൻ നിങ്ങൾക്ക് നൽകിയ എല്ലാ വാഗ്‌ദത്തങ്ങളും എഴുതിവയ്ക്കുക, കർത്താവിനോട് വളരെ അടുത്തായിരിക്കുക, വേരൂന്നുക. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ തലമുറ അനുഗ്രഹിക്കപ്പെടും, അവരും ഫലം കായ്ക്കാൻ തുടങ്ങും.

ഒരു വൃക്ഷം അനുഗ്രഹിക്കപ്പെടുമെന്ന് നമുക്കറിയാം, അതുപോലെ, ഈ ലോകത്തിൽ നാം നൽകുന്ന ഫലം, നാം ചെയ്യുന്നതെന്തും കർത്താവിന് പ്രധാനമാണ്. തീർച്ചയായും കർത്താവ് നിങ്ങളെയും നിങ്ങളുടെ തലമുറയെയും അനുഗ്രഹിക്കും. നാം സംസാരിക്കുന്ന അനാവശ്യമായ ഓരോ വാക്കും അവനോടു കണക്കു ബോധിപ്പിക്കേണ്ടിവരുമെന്ന് കർത്താവ് പറയുന്നു. അതിനാൽ നാം എങ്ങനെ സമയം ചെലവഴിക്കണം, ആത്മീയ സേവനങ്ങളിൽ സമയം ചെലവഴിക്കണം എന്നതിനെക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കുക.
 
PRAYER:
പ്രിയ കർത്താവേ, അങ്ങ് എനിക്കു തന്ന ഈ അത്ഭുതകരമായ വാഗ്‌ദത്തത്തിന് അങ്ങേക്ക് നന്ദി. എന്റെ ജീവിതത്തിലെ ഓരോ ദിവസവും ക്രിസ്തുവിൽ ആഴമായി വേരൂന്നിയിരിക്കാൻ എന്നെ സഹായിക്കേണമേ. കർത്താവേ, എന്നെ അങ്ങിലേക്ക് അടുപ്പിക്കണമേ, അങ്ങയുടെ ഹൃദയത്തോട് ചേർന്നുനിൽക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ വിളിയിൽ വിശ്വസ്തതയോടെ നടക്കാൻ എന്നെ പഠിപ്പിക്കണമേ. ഞാൻ അങ്ങിൽ വേരൂന്നിയിരിക്കുമ്പോൾ, എന്റെ ജീവിതത്തിൽ അങ്ങയുടെ വാഗ്‌ദത്തം നിറവേറ്റണമേ. കർത്താവേ, എന്റെ കുടുംബത്തെ അനുഗ്രഹിക്കുകയും അങ്ങയുടെ കൃപയാൽ അവരെ മൂടുകയും ചെയ്യണമേ. എപ്പോഴും അങ്ങയെ പ്രസാദിപ്പിക്കുന്ന നല്ല ഫലം പുറപ്പെടുവിക്കാൻ എന്നെ സഹായിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.