എന്റെ വിലയേറിയ സുഹൃത്തേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന്, നമുക്ക് യെശയ്യാവ് 62:12 ധ്യാനിക്കാം, അത് ഇപ്രകാരം പറയുന്നു: “അവർ അവരെ വിശുദ്ധജനമെന്നും യഹോവയുടെ വിമുക്തന്മാരെന്നും വിളിക്കും; നിനക്കോ അന്വേഷിക്കപ്പെട്ടവൾ എന്നും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേർ ആകും.” കർത്താവായ യേശുക്രിസ്തുവിൽ നിന്ന് നിങ്ങൾ അകലെയാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. നിങ്ങളുടെ ജീവിതത്തിൽ ആവശ്യമില്ലാത്ത കാര്യങ്ങളുമായോ അശുദ്ധമായ ശീലങ്ങളുമായോ നിങ്ങൾ മല്ലിടുന്നുണ്ടാകാം. എന്നാൽ എന്റെ പ്രിയ സുഹൃത്തേ, I കൊരിന്ത്യർ 1:9 പറയുന്നു, "തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ."
നിങ്ങൾ പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിച്ചാൽ എന്ത് സംഭവിക്കും? 1 തെസ്സലൊനീക്യർ 2:12 പറയുന്നു, "തന്റെ രാജ്യത്തിന്നും മഹത്വത്തിന്നും നിങ്ങളെ വിളിക്കുന്ന ദൈവത്തിന്നു യോഗ്യമായി നടക്കണം." 2 തിമൊഥെയൊസ് 1:9 നമ്മെ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു, "അവൻ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തു." കർത്താവായ യേശു കുരിശിൽ തന്റെ ജീവൻ നൽകി. ഈ ലോകത്തിലെ എല്ലാ അനാവശ്യ കാര്യങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ അവൻ തന്റെ വിലയേറിയ രക്തം ചൊരിഞ്ഞു. അതെ, ഈ ലോകം തിന്മയാൽ നിറഞ്ഞിരിക്കുന്നു, പക്ഷേ എന്റെ സുഹൃത്തേ, യേശുക്രിസ്തുവിനെ നോക്കൂ. അവൻ ലോകത്തിന്റെ വെളിച്ചമാണ്.
നിങ്ങൾ അവന്റെ മുഖം കാണുകയും അവന്റെ സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുമ്പോൾ, അവൻ നിങ്ങളെ തന്റെ മഹത്വമുള്ള പ്രകാശത്താൽ നിറയ്ക്കും. അവൻ നിങ്ങളുടെ ജീവിതത്തിൽ നിന്ന് എല്ലാ അന്ധകാരത്തെയും പുറത്താക്കും. മദ്യപാന ശീലമോ? അത് ഇല്ലാതാകും. നിങ്ങളുടെ ഹൃദയത്തിൽ ശൂന്യതയോ? അവൻ അതിനെ സമാധാനം കൊണ്ട് നിറയ്ക്കും. "എന്റെ കുടുംബ ജീവിതത്തിൽ എനിക്ക് സമാധാനമില്ല" എന്ന് നിങ്ങൾ പറയുകയാണെങ്കിൽ, കർത്താവ് തീർച്ചയായും നിങ്ങൾക്ക് തന്റെ സമാധാനം നൽകും. അതിനാൽ എന്റെ പ്രിയ സുഹൃത്തേ, ദൈവം ഇപ്പോൾ തന്നെ ഈ അനുഗ്രഹങ്ങൾ നിങ്ങളുടെ മേൽ ചൊരിയാൻ തയ്യാറാണ്. നിങ്ങൾ ഉപേക്ഷിക്കപ്പെട്ടവരല്ല. അവനെ മുറുകെ പിടിക്കുക.
PRAYER:
സ്നേഹവാനായ കർത്താവേ, ക്രിസ്തുവിൽ എന്നെ വിശുദ്ധയും വീണ്ടെടുക്കപ്പെട്ടവളുമായി വിളിച്ചതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ഞാൻ അങ്ങിൽ നിന്ന് അകലെയാണെന്ന് തോന്നുമ്പോഴും, അങ്ങയുടെ സ്നേഹം എന്നെ സമീപിക്കുന്നു. അശുദ്ധമായതിൽ നിന്ന് എന്നെ ശുദ്ധീകരിച്ച് അങ്ങിലേക്ക് അടുപ്പിക്കണമേ. എന്റെ ഹൃദയത്തെ അങ്ങയുടെ വെളിച്ചത്താൽ നിറയ്ക്കണമേ, എല്ലാ അന്ധകാരങ്ങളെയും പുറത്താക്കണമേ. എല്ലാ അനാവശ്യ ശീലങ്ങളെയും തകർത്ത് അങ്ങയുടെ സമാധാനം കൊണ്ട് അതിനെ മാറ്റിസ്ഥാപിക്കണമേ. എന്റെ കുടുംബത്തെയും, എന്റെ മനസ്സിനെയും, അങ്ങയോടൊപ്പമുള്ള എന്റെ നടത്തത്തെയും പുനഃസ്ഥാപിക്കണമേ. എല്ലാ ദിവസവും അങ്ങയുടെ വിശുദ്ധ വിളിക്ക് യോഗ്യമായി നടക്കാൻ എന്നെ അനുവദിക്കണമേ. കർത്താവേ, ഞാൻ വീണുപോയാലും എന്നെ ഒരിക്കലും കൈവിടാത്തതിന് അങ്ങേക്ക് നന്ദി. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു,ആമേൻ.