എന്റെ പ്രിയ സുഹൃത്തുക്കളേ, ഇന്ന് ജൂലൈ 15 , എന്റെ പ്രിയ ഭർത്താവായ സാമിന്റെ ജന്മദിനമാണ്. നിങ്ങൾ ഇതുവരെ അദ്ദേഹത്തിന് ആശംസകൾ നേർന്നിട്ടില്ലെങ്കിൽ, ദയവായി നിങ്ങളുടെ ജന്മദിന ആശംസകൾ കമന്റുകളിൽ രേഖപ്പെടുത്തുകയോ അല്ലെങ്കിൽ അദ്ദേഹത്തിന് ഒരു സന്ദേശം അയയ്ക്കുകയോചെയ്യുക. അത് അദ്ദേഹത്തിന് വലിയ സന്തോഷം നൽകുമെന്ന് എനിക്കറിയാം. എന്റെ ഭർത്താവിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഞാൻ ആദരിക്കുന്ന നിരവധി ഗുണങ്ങൾ അദ്ദേഹത്തിനുണ്ട്. എന്നാൽ എല്ലാറ്റിനുമുപരിയായി, ദൈവത്തോടുള്ള അദ്ദേഹത്തിന്റെ ആഴമേറിയ ഭയഭക്തിയെ ഞാൻ അഭിനന്ദിക്കുന്നു.

നിശ്ചിതസമയത്ത് ശുശ്രൂഷ നിർവഹിക്കാനായി അദ്ദേഹം തയ്യാറാകുമ്പോഴെല്ലാം, അതിരാവിലെ ഞാൻ ഉണരുമ്പോൾ അദ്ദേഹം ഇതിനകം മറ്റൊരു മുറിയിൽ പ്രാർത്ഥിക്കുന്നതായി ഞാൻ കാണാറുണ്ട്. ദൈവജനത്തിന്റെ മുൻപിൽ നിൽക്കുന്നതിന് മുമ്പ് ദൈവത്തിൽ നിന്ന് ശരിയായ സന്ദേശം ലഭിക്കുന്നതിനായി, പുലർച്ചെ 3:00 അല്ലെങ്കിൽ 4:00 മണി മുതൽ, അദ്ദേഹം  കർത്താവിനെ അന്വേഷിക്കുവാനായി സമയം ചെലവഴിക്കുന്നു. അദ്ദേഹം പലപ്പോഴും എന്നോട് പറയാറുണ്ട്, "ശിൽപ, ഞാൻ ഓരോ തവണ വേദിയിലേക്ക് കയറുന്നതിന് മുമ്പും എന്റെ ഹൃദയത്തിൽ ഒരു ഭയം ഉണ്ടാകാറുണ്ട്. കാരണം, ഞാൻ വഹിച്ചുകൊണ്ടുപോകുന്നത് ദൈവത്തിന്റെ വചനമാണ്." ആ വിശുദ്ധ ഭയം എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിലനിൽക്കുന്നു. അത് ആളുകളോടുള്ള ഭയമല്ല, മറിച്ച് ദൈവവചനം പങ്കിടാനുള്ള ഉത്തരവാദിത്തത്തോടുള്ള ആഴത്തിലുള്ള ആദരവാണ്. ഈ ആദരവ് നിമിത്തം ദൈവം അദ്ദേഹത്തെ അനേകം വിധങ്ങളിൽ അനുഗ്രഹിക്കുകയും പ്രസാദിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ഒരു ദിവസം അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചത് ഞാൻ ഓർക്കുന്നു, "ജീവിതത്തിൽ എന്താണ് നിങ്ങൾ നേടിയെടുക്കാൻ ആഗ്രഹിക്കുന്നത്?" അദ്ദേഹത്തിൻ്റെ മറുപടി എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. അദ്ദേഹം പറഞ്ഞു, "ശിൽപ, എനിക്ക് ഒരു മികച്ച ബിസിനസുകാരനോ പ്രശസ്ത വ്യക്തിയോ അറിയപ്പെടുന്ന ഒരാളോ ആകാൻ ആഗ്രഹമില്ല. ദൈവത്തിന്റെ സാന്നിധ്യം എല്ലായ്പ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് മാത്രമേ എനിക്ക് ആഗ്രഹമുള്ളൂ. അവന്റെ സാന്നിധ്യം നഷ്ടപ്പെടുത്താൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല." എത്ര മനോഹരമായ ഒരു ആഗ്രഹം! ദൈവത്തിന്റെ സാന്നിധ്യത്തിൽ നിലനിൽക്കുക എന്നതാണ് നമ്മുടെ ഏറ്റവും വലിയ അഭിലാഷമെങ്കിൽ, അവന്റെ കൃപ  സ്വാഭാവികമായും നമ്മുടെ ജീവിതത്തിൽ വസിക്കും. അതുകൊണ്ടാണ് അദ്ദേഹത്തിന്മേൽ ഇത്രയധികം ദയയും കൃപയും ചൊരിഞ്ഞിരിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.

യെഹെസ്കേൽ 36:9-ലെ ഇന്നത്തെ വാഗ്ദത്തം നമ്മിൽ ഓരോരുത്തരോടും സംസാരിക്കുന്നു: "ഞാൻ നിങ്ങൾക്കു അനുകൂലമായിരിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളിൽ കൃഷിയും വിതയും നടക്കും." കർത്താവ് പറയുന്നു, "ഞാൻ നിന്നെ കൃപയോടെ നോക്കുന്നു". അവൻ തൻ്റെ ഓരോ മക്കളെയും സ്നേഹിക്കുകയും തൻ്റെ മക്കളെ അനുഗ്രഹിക്കുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു. ദൈവകൃപ അർത്ഥമാക്കുന്നത് നമുക്ക് ഒരിക്കലും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരില്ലെന്നാണോ?
തീർച്ചയായും അല്ല. നാം ഉഴുതുമറിച്ച് വിതയ്ക്കപ്പെടുമെന്ന് വാഗ്‌ദത്തം പറയുന്നു. വിളവെടുപ്പിന് മുമ്പ് ആദ്യം നിലം ഒരുക്കേണ്ടതുണ്ട്. അതുപോലെതന്നെ, പരീക്ഷണങ്ങളുടെയും കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയും കാലഘട്ടങ്ങൾ ഉണ്ടാകും. എന്നിരുന്നാലും ഈ അനുഭവങ്ങൾ ഒരിക്കലും അർത്ഥശൂന്യമല്ല. വലിയ അനുഗ്രഹങ്ങൾക്കായി നമ്മെ ഒരുക്കുവാൻ ദൈവം അവയെ ഉപയോഗിക്കുന്നു.

സാമിന്റെ സ്വന്തം ജീവിതത്തിൽ ഞങ്ങൾ ഇത് കണ്ടിട്ടുണ്ട്. അഞ്ചോ ആറോ വയസ്സ് മുതൽ, അങ്കിളും ആന്റിയും ശുശ്രൂഷയ്ക്കായി ധാരാളം യാത്രകൾ ചെയ്യേണ്ടിവന്നതിനാൽ അദ്ദേഹം പലപ്പോഴും മാതാപിതാക്കളിൽ നിന്ന് അകന്ന് കഴിയേണ്ടി വന്നു. ആ ആദ്യ വർഷങ്ങളിൽ ദൈവവേലയ്ക്കായി നിരവധി ത്യാഗങ്ങൾ സഹിക്കേണ്ടി വന്നു. എങ്കിലും, കർത്താവ് എല്ലാ ത്യാഗങ്ങളെയും മാനിച്ചു, ഇന്ന് സാമിന്റെ ജീവിതത്തിൽ അവന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ നാം കാണുന്നു.

നിങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. നിങ്ങൾ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പൈതലാണെങ്കിൽ, തയ്യാറെടുപ്പിന്റെ ഘട്ടങ്ങളിലൂടെ കടന്നുപോകാൻ അവൻ നിങ്ങളെ അനുവദിച്ചേക്കാം. പരീക്ഷണങ്ങളും നിരാശകളും, അവന്റെ വഴികൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്ത നിമിഷങ്ങളും അതിൽ ഉണ്ടായേക്കാം. എന്നാൽ നിങ്ങൾ തളർന്നുപോകരുത്. നിലം ഉഴുതൊരുക്കുകയും വിതയ്ക്കുകയും ചെയ്യുന്ന ദൈവം തന്നെയാണ് വിളവെടുപ്പ് നൽകുന്ന ദൈവവും. അവന്റെ കൃപ നിങ്ങളുടെമേൽ ഉള്ളതുകൊണ്ട്,  തന്റെ തക്ക സമയത്ത്, നിങ്ങളുടെ പ്രതീക്ഷകൾക്കപ്പുറം അവൻ നിങ്ങളെ അനുഗ്രഹിക്കും.

ഇന്ന് നാം സാമിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിനും ഞങ്ങളുടെ കുടുംബത്തിനും വേണ്ടി ഒരു വാക്ക് പ്രാർത്ഥിക്കണമെന്ന് ഞാൻ വിനീതമായി  അഭ്യർഥിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും പ്രാർത്ഥനകൾക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. ഭൗതികമായ നേട്ടങ്ങൾക്കെല്ലാം ഉപരിയായി ദൈവസാന്നിധ്യം തേടുന്നത് തുടരാനും, അവന്റെ കൃപ എപ്പോഴും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാനും നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ.

Prayer: 
പ്രിയ കർത്താവേ, എന്നെ തിരഞ്ഞെടുത്തതിനും അങ്ങയുടെ കൃപയുള്ള ദൃഷ്ടി എന്റെമേൽ പതിപ്പിച്ചതിനും അങ്ങേക്ക്‌ നന്ദി. എല്ലാ ഭൗമിക നേട്ടങ്ങൾക്കും മീതെ അങ്ങയുടെ  സാന്നിധ്യം ആഗ്രഹിക്കാനും എല്ലാ ദിവസവും അങ്ങയുടെ മുമ്പാകെ ഭയഭക്തിയോടെ നടക്കാനും എന്നെ സഹായിക്കണമേ. അങ്ങ് വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങൾക്കായി അങ്ങ് എന്നെ ഒരുക്കുകയാണെന്ന് അറിഞ്ഞുകൊണ്ട് ഓരോ പരീക്ഷണ ഘട്ടത്തിലും എന്നെ ശക്തിപ്പെടുത്തണമേ. ഓരോ പരീക്ഷണവും എന്റെ ജീവിതത്തിൽ കൂടുതൽ വിശ്വാസവും ആഴമായ ആശ്രയവും ശാശ്വതമായ ഫലവും നൽകട്ടെ. എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ, അങ്ങയുടെ പൂർണ്ണ ഹിതത്തിൽ ഞങ്ങളെ നയിക്കണമേ. എല്ലാ തലമുറകളിലും അങ്ങയുടെ കൃപ നിലനില്ക്കട്ടെ. അങ്ങയുടെ സാന്നിധ്യം കൊണ്ട് ഞങ്ങളെ നിറയ്ക്കുകയും അങ്ങയുടെ മഹത്വത്തിനായി ഞങ്ങളുടെ ജീവിതങ്ങൾ ഉപയോഗിക്കുകയും ചെയ്യണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.