പ്രിയ സുഹൃത്തേ, നിങ്ങൾക്ക് സന്തോഷകരമായ ക്രിസ്തുമസ് ആശംസിക്കുന്നു. ഇന്നത്തെ വാഗ്‌ദത്ത വാക്യം യോഹന്നാൻ 3:16 ൽ നിന്നുള്ളതാണ്, “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു." കുഞ്ഞേ, ദൈവം നിങ്ങളെ അത്രമാത്രം സ്നേഹിച്ചു. ലോകത്തെ മുഴുവൻ സ്നേഹിക്കുന്നതിനെക്കാളും കർത്താവ് നിങ്ങളെ വ്യക്തിപരമായി സ്നേഹിക്കുന്നു. അതുകൊണ്ടാണ് അവൻ തന്റെ പുത്രനായ യേശുക്രിസ്തുവിനെ നമുക്കുവേണ്ടി നൽകിയത്. അവന്റെ വിവരിക്കാനാവാത്ത ദാനമായ യേശുക്രിസ്തുവിനായി ദൈവത്തിന് നന്ദി! ക്രിസ്തുമസ് സീസണിൽ നാമെല്ലാവരും പുതിയ വസ്ത്രങ്ങൾ വാങ്ങാൻ ഷോപ്പിംഗിന് പോകുന്നു. അവിടെ, "നിങ്ങൾ മൂന്ന് ഷർട്ടുകൾ വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് ഒരു ഷർട്ട് സൌജന്യമായി ലഭിക്കും" എന്ന് പറയുന്ന ബോർഡുകൾ നാം പലപ്പോഴും കാണുന്നു. സൌജന്യ ഷർട്ട് ലഭിച്ചതിന് ശേഷം അത് സ്വീകരിക്കുന്നതിൽ നാം ആവേശഭരിതരാകുന്നു. എല്ലാറ്റിലും വലിയ ദാനമായ അവന്റെ പുത്രനായ യേശുവിനെ സൌജന്യ ദാനമായി നമുക്ക് നൽകിയ ദൈവത്തിന് നാം എത്രത്തോളം നന്ദിയുള്ളവരായിരിക്കണം? നിങ്ങളോടുള്ള സ്നേഹത്താൽ കർത്താവ് നിങ്ങൾക്ക് യേശുവിനെ നൽകിയിരിക്കുന്നു. നിങ്ങളോടുള്ള അവന്റെ ശക്തമായ സ്നേഹത്തിന്റെ തെളിവാണിത്.
ഒരിക്കൽ, ഒരു കപ്പൽ തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തീരത്ത് സഞ്ചരിക്കുകയായിരുന്നു. അത് അവരുടെ സമീപം കടന്നു പോകുന്ന മറ്റൊരു കപ്പലിനോട് “ഞങ്ങൾക്ക് വെള്ളം വേണം! ഞങ്ങൾ ദാഹിച്ച് മരിക്കുന്നു!” എന്ന് സിഗ്നൽ നൽകി. മറ്റേ കപ്പൽ തിരിച്ചുവിളിച്ചു പറഞ്ഞു, "എങ്കിൽ അത് കോരിയെടുക്കുക! നിങ്ങൾ ആമസോൺ നദിയുടെ തീരത്താണ് ". അവർക്ക് ചുറ്റും ശുദ്ധജലം ഉണ്ടായിരുന്നു, അത് കോരിയെടുക്കുകയല്ലാതെ അവർക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നിട്ടും തങ്ങൾക്ക് ചുറ്റും ഉപ്പുവെള്ളമാണെന്ന് കരുതി അവർ ദാഹം കൊണ്ട് മരിക്കുകയായിരുന്നു. കർത്താവ് എല്ലായ്പ്പോഴും നമ്മുടെ ചുറ്റും ഉണ്ടെന്ന കാര്യം അറിയാതെ, പ്രത്യേകിച്ച് കഷ്ടകാലങ്ങളിൽ, എത്ര തവണയാണ് നാം ഇങ്ങനെയാകുന്നത്? “കർത്താവേ, അങ്ങ് എവിടെയാണ്? ഞാൻ നശിച്ചുപോകുന്നു” എന്ന് പറഞ്ഞുകൊണ്ട് നാം ദൈവത്തോട് നിലവിളിക്കുന്നു. എന്നാൽ പ്രിയ സുഹൃത്തേ, അവനെക്കുറിച്ചുള്ള അറിവിന്റെ അഭാവത്തിൽ നാം നശിച്ചുപോകേണ്ടതില്ല, കാരണം യേശു നമ്മോടു വളരെ അടുത്താണ്.
നാം ചെയ്യേണ്ടത് താഴേക്ക് ഇറങ്ങി കുടിച്ച് ജീവിക്കുക മാത്രമാണ്. ഈ ലോകത്തിൽ ആരും നശിച്ചുപോകരുതെന്ന ആഗ്രഹത്തോടെ ദൈവം ലോകത്തെ സ്നേഹിച്ചു. നമ്മെ രക്ഷിക്കാൻ അവൻ തന്റെ പുത്രനെ അയച്ചു. നാം അവനെ അന്വേഷിക്കാനും അവനെ സമീപിക്കാനും അവനെ കണ്ടെത്താനും വേണ്ടിയാണ് ദൈവം ഇത് ചെയ്തത്. യേശു നമ്മിൽ നിന്ന് അകലെയല്ല. അവൻ നിങ്ങളോട് വളരെ അടുത്താണ്. നിങ്ങൾ അത് കോരിയെടുക്കുമോ? നിങ്ങൾ യേശുവിനെ നോക്കുമോ? അവൻ നിങ്ങളെ ജീവിപ്പിക്കും, പ്രിയ സുഹൃത്തേ. നിങ്ങൾ ദാരിദ്ര്യത്താൽ മരിക്കേണ്ടതില്ല. ഈ ലോകത്തിൽ ആരെയും നശിപ്പിക്കാൻ കർത്താവ് ആഗ്രഹിക്കുന്നില്ല. അവൻ നിങ്ങളെ മരിക്കാൻ അനുവദിക്കില്ല. നിങ്ങൾ ജീവിക്കും! യേശു നിമിത്തം നിങ്ങൾ ജീവിക്കും.
PRAYER:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ, എനിക്ക് നിത്യജീവൻ ലഭിക്കേണ്ടതിന് അങ്ങയുടെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ലോകത്തിലേക്ക് അയച്ചതിന് അങ്ങേക്ക് നന്ദി. ലോകത്തിന്റെ ഒരു ഭാഗം എന്ന നിലയിൽ മാത്രമല്ല, അങ്ങയുടെ സ്വന്തം വിലയേറിയ പൈതലായി എന്നെ വ്യക്തിപരമായി സ്നേഹിച്ചതിനും നന്ദി. കർത്താവേ, അങ്ങയുടെ സ്നേഹത്തിന്റെ ആഴം ശരിക്കും മനസ്സിലാക്കാനും യേശുവിന്റെ വിവരിക്കാനാവാത്ത ദാനത്തിന് നന്ദിയോടെ ജീവിക്കാനും ദയവായി എന്നെ സഹായിക്കണമേ. എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ അങ്ങ് എന്നോട് വളരെ അടുത്താണെന്ന് എന്നെ ഓർമ്മിപ്പിക്കണമേ, അങ്ങയെ സമീപിക്കാനും, അങ്ങയുടെ ജീവജലത്തിൽ നിന്ന് ആഴത്തിൽ കുടിക്കാനും, അങ്ങയുടെ സാന്നിധ്യത്തിൽ ജീവൻ കണ്ടെത്താനും എന്നെ പഠിപ്പിക്കണമേ. എനിക്ക് യേശു ഉള്ളപ്പോൾ ജീവിതത്തിൽ എനിക്ക് ആവശ്യമുള്ളതെല്ലാം എനിക്കുണ്ട് എന്ന് എന്റെ ഹൃദയം എപ്പോഴും അങ്ങിൽ വിശ്വസിക്കട്ടെ. കർത്താവേ, യേശു നിമിത്തം ഞാൻ ജീവിക്കും എന്ന ഉറപ്പിന് നന്ദി. യേശുവിന്റെ മഹത്തായ നാമത്തിൽ, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


