പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കർത്താവിൽ നിന്ന് ഒരു പുതിയ ശക്തി വരുന്നു. അവന്റെ വചനം നമ്മെ ശക്തിപ്പെടുത്തുന്നു. ഗലാത്യർ 6:8 ലെ അവന്റെ വചനം നോക്കൂ, "ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും." നിത്യജീവനെയും സ്വർഗ്ഗത്തിലെ നിത്യജീവിതത്തെയും നോക്കുമ്പോൾ, ഒരു കൊച്ചുകുട്ടിക്ക് അവരുടെ വാർദ്ധക്യത്തിനായി പണം സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാകില്ല. അതെ, നാം ചെറുതായിരിക്കുമ്പോൾ അതിനെക്കുറിച്ച് ചിന്തിക്കാൻ പോലും നമുക്ക് കഴിയില്ല. അതുപോലെ, നിത്യജീവന്റെ മഹത്വം ദൃശ്യവൽക്കരിക്കാനും നമുക്ക് കഴിയില്ല. നാം ഈ ലോകത്തിൽ ജീവിക്കുമ്പോൾ, നമുക്ക് സ്വർഗ്ഗത്തിലെ നമ്മുടെ ജീവിതത്തെ സങ്കൽപ്പിക്കാനോ കാണാനോ കഴിയില്ല, അതുകൊണ്ട് ഈ ലോകത്തിൽ നിന്ന് എല്ലാ ഭൌമിക നേട്ടങ്ങളും നേടുന്നതിനായി മാത്രമാണ് നാം ഈ ലോകത്തിൽ ജീവിക്കുന്നത്.

എന്നാൽ നിത്യജീവന്റെ മഹത്വം വളരെ മനോഹരമാണ്.  "അവൻ നമുക്ക് സ്വർഗത്തിൽ വാസസ്ഥലങ്ങൾ ഒരുക്കുന്നു" എന്ന് ദൈവം പറയുന്നു. സ്വർഗ്ഗത്തിൽ ദുഃഖമില്ല. തകർച്ചയില്ല. രോഗമില്ല. കരച്ചിലില്ല. സ്വർഗ്ഗത്തിൽ നിത്യമായ സന്തോഷമുണ്ട്, ആ നിത്യജീവൻ ഈ ഭൂമിയിലെ ജീവനേക്കാൾ കൂടുതൽ കാലം നിലനിൽക്കുന്നു. എന്നിരുന്നാലും നമ്മുടെ ചിന്തകൾ ഈ ഭൂമിയിലെ എഴുപത്, എൺപത്, തൊണ്ണൂറ് വർഷങ്ങളിലേക്കു മാത്രമുള്ളതാണ്. എന്നാൽ ഈ വാക്യം പറയുന്നതുപോലെ, "നിങ്ങൾ ആത്മാവിനെ പ്രസാദിപ്പിക്കാൻ വിതയ്ക്കുമ്പോൾ ആത്മാവ് നിങ്ങൾക്ക് നിത്യജീവൻ നൽകുന്നു". ഈ ലോകത്തിന്റെ കഷ്ടപ്പാടുകൾ സഹിച്ചുകൊണ്ട്, ദൈവത്തെ ഉപേക്ഷിക്കാതെ, അവന്റെ ഉത്തരത്തിനായി കാത്തിരിക്കുകയും നിത്യജീവനുവേണ്ടി കാത്തിരിക്കുകയും ചെയ്യുമ്പോൾ നാം പരിശുദ്ധാത്മാവിനെ പ്രസാദിപ്പിക്കുന്നു. ഈ ഭൂമിയിലെ വ്യതിചലനങ്ങൾ ഉപേക്ഷിച്ച് സ്വർഗ്ഗം നേടുന്നതിനായി ഇവിടെയുള്ള കാര്യങ്ങൾ ത്യജിക്കുമ്പോഴും അവന്റെ ഉപദേശങ്ങൾ കേൾക്കുന്നതിലൂടെയും തെറ്റായ ശീലങ്ങളും തെറ്റായ വഴികളും ഉപേക്ഷിച്ച് അവനെ പ്രസാദിപ്പിക്കുന്നതിലൂടെയും നമുക്ക് കൂടുതൽ നേട്ടമുണ്ടാകും. എന്റെ സുഹൃത്തേ, നമുക്ക് സ്വർഗ്ഗത്തിൽ നിത്യത ലഭിക്കും.

സ്വർഗ്ഗത്തിലെ ദൈവത്തോട് നിങ്ങൾ എത്രത്തോളം അടുക്കുന്നുവോ അത്രത്തോളം ഈ ഭൂമിയിൽ നിങ്ങൾക്ക് സ്വർഗ്ഗം അനുഭവപ്പെടുകയും ഈ ഭൂമിയിലെ സ്വർഗ്ഗത്തോട് നിങ്ങൾ കൂടുതൽ അടുക്കുകയും ചെയ്യുന്നു. അതിനാലാണ് സ്തെഫാനൊസ് ആ 'മഹത്തായ നിത്യത' കണ്ടെത്തിയത്. സ്തെഫാനൊസ് യേശുവിനെക്കുറിച്ച് സംസാരിച്ചതിനാൽ വേദപുസ്തകത്തിൽ അവനെ കല്ലെറിയാൻ ആളുകൾ തയ്യാറായപ്പോൾ, സ്തെഫാനൊസ് പരിശുദ്ധാത്മാവിനാൽ നിറയുകയും അവന്റെ കണ്ണുകൾ സ്വർഗ്ഗത്തിലേക്ക്, സ്വർഗ്ഗത്തിലുള്ള യേശുവിലേക്ക് നോക്കുകയും ചെയ്തു. അവൻ പറഞ്ഞു, "കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ, അവർക്കു ഈ പാപം നിറുത്തരുതേ." ദൈവത്തോടൊപ്പം നീതിയിൽ നിലകൊള്ളാനും ഈ ഭൂമിയിൽ പോലും സ്വർഗ്ഗത്തോട് വളരെ അടുത്തിരിക്കാനും അവന് കഴിഞ്ഞു. നമുക്ക് ഇപ്പോൾതന്നെ ആ കൃപ സ്വീകരിക്കാമോ?

PRAYER:
സ്നേഹവാനായ കർത്താവേ, എന്റെ എല്ലാ പ്രവൃത്തികളിലും വാക്കുകളിലും പരിശുദ്ധാത്മാവിനെ പ്രസാദിപ്പിക്കാൻ എന്നെ സഹായിക്കണമേ. അവനെ അനുസരിക്കാൻ എന്നെ സഹായിക്കണമേ. പൂർണ്ണമായി സമർപ്പിക്കാനും അങ്ങേക്കായി ക്ഷമയോടെ കാത്തിരിക്കാനും എന്നെ സഹായിക്കേണമേ. ഞാൻ എന്റെ ആത്മാവിനെ അങ്ങേക്ക് സമർപ്പിക്കുന്നു. കർത്താവേ, എന്നെ അങ്ങയുടെ കരങ്ങളിൽ എടുക്കേണമേ. സ്വർഗ്ഗവും നിത്യജീവനും എന്റെ മുൻപിൽ തുറക്കണമേ. ഞാൻ അനുഭവിച്ച കഷ്ടപ്പാടുകളും അങ്ങേക്കുവേണ്ടി ഞാൻ ചെയ്ത ത്യാഗങ്ങളും അങ്ങ് അറിയുന്നുവല്ലോ. കർത്താവേ, ഈ ഭൂമിയിലും സ്വർഗ്ഗത്തിന്റെ സന്തോഷം ഞാൻ അനുഭവിക്കട്ടെ. അങ്ങയുടെ സന്തോഷവും സ്വർഗ്ഗീയ സമാധാനവും കൊണ്ട് എന്നെ നിറയ്ക്കണമേ. ഈ ഭൂമിയിൽ അങ്ങയോടൊപ്പം നടക്കുകയും ഒരു ദിവസം നിത്യജീവനിൽ അങ്ങയോടൊപ്പം ആയിരിക്കുകയും ചെയ്യട്ടെ. കർത്താവേ, ഈ വിലയേറിയ ദാനത്തിന് നന്ദി. അങ്ങ് എനിക്ക് വളരെ അടുത്താണ്. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.