എന്റെ സുഹൃത്തേ, നാം ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ, നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ സത്യം ഇതാണ്: "ദൈവം സ്നേഹമാകുന്നു." 1 യോഹന്നാൻ 4:8 ൽ "ദൈവം സ്നേഹം തന്നേ" എന്നും 7-ാം വാക്യത്തിൽ "സ്നേഹം ദൈവത്തിൽ നിന്ന് വരുന്നു" എന്നും വേദപുസ്തകം പറയുന്നു. അവന്റെ സ്നേഹം മനുഷ്യരൂപത്തിൽ, യേശുവായി — ക്രിസ്തുമസ് ദിനത്തിൽ നമ്മിലേക്കെത്തി. യോഹന്നാൻ 3:16 പ്രകാരം, യേശു ദൈവസ്നേഹത്തിന്റെ സാക്ഷാൽക്കാരമാണ്.  അവൻ സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു. 1 യോഹന്നാൻ 4:9 ൽ, സ്നേഹവാനായ ദൈവത്തെ കൊണ്ടുവരാൻവേണ്ടി യേശു വന്നു എന്നു പറയുന്നു. നമുക്കുവേണ്ടി മനുഷ്യരൂപത്തിൽ സ്നേഹം ജഡത്തിൽ വന്നു. ഈ ലോകം വിദ്വേഷം, അത്യാഗ്രഹം, സ്വാർത്ഥത എന്നിവയാൽ നിറഞ്ഞിരിക്കുന്നു, എന്നാൽ ദൈവത്തിന്റെ യഥാർത്ഥ സ്നേഹം നമുക്ക് അനുഭവിക്കണമെന്നതിനാൽ സ്നേഹം യേശുവായി ഭൂമിയിലേക്കിറങ്ങി വന്നു. റോമർ 6:23 പറയുന്നു, "പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ." നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്യുന്ന ഈ സ്നേഹത്തിന്റെ ദാനം യേശുവിലൂടെ വന്നു. യെശയ്യാവ് 53:5 പറയുന്നു,  "അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു". നാം ക്ഷമിക്കപ്പെടേണ്ടതിന് സ്നേഹം കുരിശിൽ സ്വയം ശിക്ഷ അനുഭവിച്ചു.

1 കൊരിന്ത്യർ 13:4 പറയുന്നു, "സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു." അതെ, നമ്മുടെ പാപങ്ങൾക്ക് ക്ഷമ നൽകാനും വിദ്വേഷത്തിൽ നിന്നും മോഹത്തിൽ നിന്നും സ്വാർത്ഥതയിൽ നിന്നും നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാനും യേശു ക്രൂശിൽ സഹിച്ചു. സ്നേഹം സൗഖ്യമാക്കുന്നു. നാം ചെയ്യേണ്ടത് ഈ സ്നേഹത്തിലേക്ക്, യേശുവിങ്കലേക്ക് വരികയും, "കർത്താവേ, എന്നോട് ക്ഷമിക്കേണമേ, അങ്ങയുടെ രക്തം കൊണ്ട് എന്നെ ശുദ്ധീകരിക്കേണമേ" എന്ന് പറഞ്ഞ് സമർപ്പിക്കുകയും ചെയ്യുക മാത്രമാണ്. നിങ്ങൾ ഇങ്ങനെ പശ്ചാത്തപിക്കുമ്പോൾ, നിങ്ങളോട് ക്ഷമിക്കാനും തന്റെ സ്നേഹത്താൽ നിങ്ങളെ നിറയ്ക്കാനും അവൻ വിശ്വസ്തനാണ്. ഈ സ്നേഹം നിങ്ങളെ സുരക്ഷിതരാക്കുകയും നിങ്ങൾക്ക് ജീവൻ നൽകുകയും ചെയ്യുന്നു. ഡെയ്സി എന്ന ഒരു സ്ത്രീ ഈ സ്നേഹം അനുഭവിച്ചു. അവൾ ഒരു പാവപ്പെട്ട പൂവിൽപ്പനക്കാരിയായിരുന്നു, ഭർത്താവ് മദ്യപാനിയായിരുന്നു. ഒരു ദിവസം, യേശു വിളിക്കുന്നു യോഗത്തിൽ, എന്റെ പിതാവ് സഹോദരൻ ദിനകരൻ വഴി കർത്താവ് അവളുടെ പേര് വിളിച്ചു. മദ്യപിച്ച് പുറത്ത് നിന്നിരുന്ന അവളുടെ ഭർത്താവിനെ വിളിച്ചുവരുത്തി. എന്റെ പിതാവ് അയാളെ ആലിംഗനം ചെയ്തപ്പോൾ, 28 വർഷത്തെ ആസക്തിക്കുശേഷം, അയാൾ ആ നിമിഷം തന്നെ മോചിതനായി. സ്നേഹം അയാളെ പൂർണ്ണമായും സുഖപ്പെടുത്തി. ദൈവം അവരുടെ കുടുംബത്തെ അനുഗ്രഹിക്കുകയും അവർക്ക് ഒരു വീട് നൽകുകയും തന്റെ സ്നേഹത്തിൽ അവരെ ഉറപ്പിക്കുകയും ചെയ്തു.

യേശുവിലൂടെ സ്നേഹം ഈ ലോകത്തിലേക്ക് വന്നപ്പോൾ അവൻ രോഗികളെ സൗഖ്യമാക്കുകയും അടിച്ചമർത്തപ്പെട്ടവരെ സ്വതന്ത്രരാക്കുകയും ചെയ്തു. മത്തായി 9:35 -ൽ യേശുവിന് ജനങ്ങളോട് വലിയ അനുകമ്പയുണ്ടായിരുന്നു എന്ന് പറയുന്നു. മർക്കൊസ് 1:41, "നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും" എന്നു ഒരു കുഷ്ഠരോഗി അപേക്ഷിച്ചപ്പോൾ, സ്നേഹത്താൽ പ്രേരിതനായ യേശു അവനെ സൗഖ്യമാക്കി. തൻ്റെ മേലുള്ള സ്നേഹത്തിൻ്റെ അഭിഷേകം നിമിത്തം യേശു നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചു എന്ന് അപ്പൊ. പ്രവൃത്തികൾ 10:38 -ൽ പറയുന്നു. യേശു നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നുവെന്ന് മത്തായി 8:17 ഓർമ്മിപ്പിക്കുന്നു. സുഖപ്പെടുത്താനാണ് സ്നേഹം വന്നത്.

ഇറ്റാനഗറിൽ നിന്നുള്ള ശ്രീമതി നബാം ഹനിയ എന്ന സ്ത്രീയെ ഒരു പ്രാണി കടിക്കുകയും അവരുടെ കാൽ തളരുകയും ചെയ്തു. അത് മുറിച്ചുമാറ്റേണ്ടതുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ യേശു വിളിക്കുന്നു യോഗത്തിലേക്ക് അവളെ കൊണ്ടുവന്നപ്പോൾ പരിശുദ്ധാത്മാവ് അവളെ സ്പർശിച്ചു. ദൈവത്തിന്റെ സ്നേഹം അവളുടെ മേൽ വന്നു, അവളുടെ കാൽ തൽക്ഷണം സൗഖ്യം പ്രാപിച്ചു. ഇന്ന് അവൾ നന്നായി നടക്കുന്നു. അതെ, സ്നേഹം സുഖപ്പെടുത്തുന്നു, എന്റെ സുഹൃത്തേ. ഈ ക്രിസ്തുമസിന്, ഈ പൂർണ്ണ സ്നേഹമാകുന്ന യേശുവിങ്കലേക്ക് വരിക. അവന്റെ സ്നേഹം ക്ഷമിക്കുകയും സുഖപ്പെടുത്തുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. ഈ സ്നേഹം കൊണ്ട് ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ.

PRAYER:
പ്രിയ കർത്താവായ യേശുവേ, സ്നേഹമായി തന്നെ ഈ ലോകത്തിലേക്ക് വന്നതിന് അങ്ങേക്ക് നന്ദി. അങ്ങയുടെ ത്യാഗത്തിലൂടെ യഥാർത്ഥ സ്നേഹം എന്താണ് അർത്ഥമാക്കുന്നതെന്ന് ഞങ്ങൾക്ക് കാണിച്ചുതന്നതിന് നന്ദി. കർത്താവേ, എല്ലാ പാപങ്ങളിൽ നിന്നും വിദ്വേഷത്തിൽ നിന്നും സ്വാർത്ഥതയിൽ നിന്നും എന്റെ ഹൃദയത്തെ ശുദ്ധീകരിക്കണമേ. അങ്ങയുടെ സ്നേഹം കൊണ്ട് എന്നെ നിറയ്ക്കണമേ, അങ്ങയുടെ സ്പർശം ആവശ്യമുള്ളവരിലേക്ക് അങ്ങയുടെ കാരുണ്യം എന്നിലൂടെ ഒഴുകട്ടെ. എന്റെ ഹൃദയത്തിലെ എല്ലാ മുറിവുകളും എന്റെ ശരീരത്തിലെ എല്ലാ രോഗങ്ങളും സൗഖ്യമാക്കണമേ. വേദനയുടെയും വേർപിരിയലിന്റെയും ഈ ലോകത്തിൽ എന്നെ അങ്ങയുടെ സ്നേഹത്തിന്റെ പാത്രമാക്കി മാറ്റേണമേ. ഇമ്മാനൂവേൽ (ദൈവം നമ്മോടുകൂടെ) എന്ന ഉറപ്പിൽ അനുദിനം ജീവിക്കാൻ എന്നെ സഹായിക്കണമേ. ഈ ക്രിസ്തുമസിൽ, അങ്ങയുടെ സ്നേഹം എന്റെ ജീവിതത്തിലും എന്റെ കുടുംബത്തിലും നിറഞ്ഞൊഴുകട്ടെ. യേശുവേ, അങ്ങ് ഒരിക്കലും പരാജയപ്പെടാത്ത സ്നേഹമായിരിക്കുന്നതിന് അങ്ങേക്ക് നന്ദി.  ആമേൻ.