എന്റെ പ്രിയ ദൈവ പൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന് നാം ഉല്പത്തി 15:1 ധ്യാനിക്കാൻ പോകുന്നു, അത് ഇപ്രകാരം പറയുന്നു: "അതിന്റെശേഷം അബ്രാമിനു ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു." കൂടാതെ, നിങ്ങൾ II ശമൂവേൽ 22:3 വായിച്ചാൽ, ദാവീദും ഇതേ കാര്യം പറയുന്നു: " ദൈവം എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും ആകുന്നു.” എന്റെ സുഹൃത്തേ, നിങ്ങൾക്ക് ഈ അനുഭവം ഉണ്ടോ? നിങ്ങൾക്ക് ഈ അനുഭവം ഉണ്ടെങ്കിൽ, നിങ്ങൾ അബ്രഹാമിനെയും ദാവീദിനെയും പോലെ ഒരു അനുഗ്രഹീത വ്യക്തിയായിരിക്കും. നിങ്ങൾ ഈ അനുഗ്രഹം എങ്ങനെ സ്വീകരിക്കുന്നു?
നിങ്ങൾ II ശമൂവേൽ 22:31 ഉം സങ്കീർത്തനം 18:30 ഉം വായിച്ചാൽ, ദൈവം തന്നിൽ ആശ്രയിക്കുന്ന എല്ലാവർക്കും ഒരു പരിചയാണെന്ന് പറയുന്നു. അതിനാൽ, ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുക. അവനെ മുറുകെ പിടിക്കുക. അവനോട് പറയുക, “കർത്താവേ, അങ്ങ് എന്റെ എല്ലാമാകുന്നു. മറ്റൊന്നിലും ഞാൻ വിശ്വസിക്കുന്നില്ല. അങ്ങ് എന്റെ പരിചയാണ്.” ഇങ്ങനെ നിങ്ങൾ കർത്താവിൽ ആശ്രയിച്ചാൽ, അവൻ നിങ്ങളുടെ പരിചയായിത്തീരും. നിഷ്കളങ്കമായി നടക്കുന്നവർക്ക് ദൈവം ഒരു പരിചയാണെന്ന് സദൃശവാക്യങ്ങൾ 2:7-ലും പറയുന്നു. എന്റെ സുഹൃത്തേ, ഇന്ന് നിങ്ങളുടെ ജീവിതം പരിശോധിക്കുക. നിങ്ങൾ നീതിയുള്ള ജീവിതം നയിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, ദൈവം തീർച്ചയായും നിങ്ങളെ അനുഗ്രഹിക്കും. നിങ്ങളുടെ നീതിമാനായ ദൈവത്തിന്റെ മുമ്പാകെ നീതിപൂർവ്വം നടക്കാൻ എപ്പോഴും പരിശ്രമിക്കുക, അപ്പോൾ കർത്താവ് നിങ്ങളോടൊപ്പമുണ്ടാകും, അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുകയും നിങ്ങളുടെ എല്ലാ കഷ്ടതകളിൽ നിന്നും നിങ്ങളെ വിടുവിക്കുകയും ചെയ്യും. സദൃശവാക്യങ്ങൾ 30:5-ൽ നാം വായിക്കുന്ന മറ്റൊരു കാര്യം, തന്നിൽ ആശ്രയിക്കുന്നവർക്ക് ദൈവം ഒരു പരിചയാണ് എന്നതാണ്. ദൈവവചനം പറയുന്നു, “വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും.”
എന്റെ സുഹൃത്തേ, ദൈവത്തിന് നിങ്ങൾക്കുവേണ്ടി എല്ലാം ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നിങ്ങൾ അവനിൽ പൂർണ്ണമായി ആശ്രയിച്ചിട്ടുണ്ടോ? എങ്കിൽ അവൻ നിങ്ങളുടെ പരിചയും ആയിരിക്കും. എഫെസ്യർ 6:16 വായിച്ചാൽ, അത് ഇപ്രകാരം പറയുന്നു, “ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച.” അതെ, ദുഷ്ടന്മാർ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് ഇരുട്ട് കൊണ്ടുവരാൻ ശ്രമിച്ചാലും, നിങ്ങൾക്ക് വിശ്വാസത്തിന്റെ പരിച ഉള്ളപ്പോൾ, കർത്താവ് അത്ഭുതകരമായി നിങ്ങളെ വിടുവിക്കും. ഇപ്പോൾ, കർത്താവ് നിങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുതം ചെയ്യും. അവൻ നിങ്ങളുടെ പരിചയായി മാറട്ടെ. അപ്പോൾ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളിൽ നിന്നും നിങ്ങൾ വിടുവിക്കപ്പെടും.
PRAYER:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ, അബ്രഹാമിനും ദാവീദിനും അങ്ങ് ആയിരുന്നതുപോലെ, എന്റെ പരിചയും എന്റെ അതിമഹത്തായ പ്രതിഫലവുമായതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. വിശ്വാസത്താൽ നിറഞ്ഞ ഹൃദയത്തോടെ, അങ്ങ് എന്റെ എല്ലാമാണെന്ന് ഏറ്റുപറഞ്ഞുകൊണ്ട് ഞാൻ അങ്ങയുടെ മുമ്പാകെ വരുന്നു. എന്റെ പൂർണ്ണ വിശ്വാസം അങ്ങിൽ മാത്രമാണ്. കഷ്ടകാലത്ത് അങ്ങ് എന്റെ അഭയസ്ഥാനവും ശത്രുവിന്റെ തീയമ്പുകളിൽ നിന്ന് എന്നെ സംരക്ഷിക്കുന്നവനുമാകുന്നു. കർത്താവേ, അങ്ങയുടെ മുമ്പാകെ നിഷ്കളങ്കമായി നടക്കാൻ എന്നെ സഹായിക്കണമേ. എന്റെ വിശ്വാസം ശക്തവും എന്റെ ഹൃദയം നിർമ്മലവുമാകട്ടെ. ഇന്ന്, ഞാൻ വിശ്വസിക്കാൻ തിരഞ്ഞെടുക്കുന്നു. ഞാൻ അങ്ങിൽ ആശ്രയിക്കാൻ തിരഞ്ഞെടുക്കുന്നു. അങ്ങ് ഇന്നും എന്നേക്കും എന്റെ പരിചയാണെന്ന് ഞാൻ പ്രഖ്യാപിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.