പ്രിയ സുഹൃത്തേ, ഇന്ന് കർത്താവ് എഫെസ്യർ 6:16-ൽ നിന്ന് ഒരു പ്രത്യേക വാഗ്‌ദത്തം നമുക്ക് നൽകുന്നു - “ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ട് നില്പിൻ." എത്ര ശക്തമായ വചനം! പലപ്പോഴും, ശത്രുവിന്റെ ആക്രമണങ്ങൾ അഗ്നിമയമായ അമ്പുകൾ പോലെ പെട്ടെന്നു വരുന്നു - നിരാശാജനകമായ വാക്കുകൾ, സാമ്പത്തിക പ്രശ്നങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, ഭാവിയെക്കുറിച്ചുള്ള ഭയം എന്നിവ തന്നെ. "എനിക്ക് ഇനി ഇത് കൈകാര്യം ചെയ്യാൻ കഴിയില്ല. എന്റെ ബിസിനസ്സ് മുങ്ങുകയാണ്... എന്റെ ശുശ്രൂഷ ബുദ്ധിമുട്ടിലാണ്... എന്റെ കുടുംബം തകർന്നുകൊണ്ടിരിക്കുകയാണ്" എന്ന് നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ പ്രിയ സുഹൃത്തേ, ഈ യുദ്ധത്തിനിടയിൽ, കർത്താവ് നമുക്ക് ശക്തമായ ഒരു ആയുധം നൽകുന്നു-വിശ്വാസം എന്ന പരിച. വിശ്വാസം വെറും നമ്മുടെ പ്രതിരോധം മാത്രമല്ല; അത് തിരിച്ചടിക്കാനുള്ള നമ്മുടെ ശക്തി കൂടിയാണ്. നമ്മെ ഭയപ്പെടുത്തുകയും ദൈവത്തിനായി നാം ചെയ്യുന്നത് നിർത്തുകയും ചെയ്യുക എന്നതാണ് പിശാചിന്റെ ലക്ഷ്യം. എന്നാൽ ദൈവത്തിന്റെ കൽപ്പന വ്യക്തമാണ് - "വിശ്വാസം എന്ന പരിച എടുക്കുക!" നാം വിശ്വാസം മുറുകെ പിടിക്കുമ്പോൾ, നമ്മുടെ നേരെ വരുന്ന എല്ലാ തീയമ്പുകളെയും കെടുത്തിക്കളയാൻ നമുക്ക് കഴിയും.
പുരാതന യുദ്ധങ്ങളിൽ, ഒരു ചെറിയ സൈന്യം പലപ്പോഴും വലുതും ഭയാനകവുമായ സൈന്യത്തെ അഭിമുഖീകരിക്കുമായിരുന്നു. നേതാവ് അവരുടെ മുന്നിൽ നിന്ന്, "ശക്തരാകുക! നിങ്ങളുടെ പരിചകൾ എടുക്കുക! നമുക്ക് ഇത് ജയിക്കാം!" എന്ന് വിളിച്ചുപറയുമായിരുന്നു. അപ്പോൾ ആ ധൈര്യം സൈനികർക്കിടയിൽ വ്യാപിക്കും. അതുപോലെ, നമ്മുടെ കർത്താവ് തന്റെ വചനത്തിലൂടെ നമ്മെ ശക്തിപ്പെടുത്തുന്നു. നമ്മുടെ സ്വാഭാവിക കണ്ണുകൾക്ക് കാണാൻ കഴിയാത്തത് വിശ്വാസം നമ്മെ കാണിക്കുന്നു. 2 രാജാക്കന്മാർ 6-ൽ, എലീശപ്രവാചകനെ പിടികൂടാൻ അരാംരാജാവ് ഒരു വലിയ സൈന്യത്തെ അയച്ചതായി നാം വായിക്കുന്നു. അതിരാവിലെ, എലീശയുടെ ബാല്യക്കാരൻ ശത്രുക്കൾ അവരുടെ നഗരം വളഞ്ഞിരിക്കുന്നത് കണ്ട്, "അയ്യോ, എന്റെ യജമാനനേ! നാം എന്തുചെയ്യും "? എന്ന് നിലവിളിച്ചു. എന്നാൽ എലീശാ ശാന്തമായി ഇങ്ങനെ മറുപടി പറഞ്ഞു, "പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം". പിന്നെ എലീശാ പ്രാർത്ഥിച്ചു: " യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ." എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നതു ബാല്യക്കാരൻ കണ്ടു. എത്ര ശക്തമായ സത്യം! നമുക്ക് ചുറ്റുമുള്ള ദൈവത്തിന്റെ ശക്തമായ സംരക്ഷണം കാണാൻ വിശ്വാസം നമ്മുടെ കണ്ണുകൾ തുറക്കുന്നു. ഭയം ശത്രുവിന്റെ ശക്തിയെ കാണിക്കുന്നു, എന്നാൽ വിശ്വാസം കർത്താവിന്റെ മഹത്വത്തെ വെളിപ്പെടുത്തുന്നു.
പ്രിയ സുഹൃത്തേ, ഇന്ന് കർത്താവ് നിങ്ങൾക്ക് വിശ്വാസത്തിന്റെ അതേ പരിച നൽകുന്നു. ഭയത്തിൻ്റെയോ കടത്തിൻ്റെയോ രോഗത്തിൻ്റെയോ പരാജയത്തിൻ്റെയോ അഗ്നി അമ്പുകൾ നിങ്ങളുടെ നേരെ വരുമ്പോൾ ആ പരിച ഉയർത്തിപ്പിടിച്ച്, "എന്റെ ദൈവം വലിയവനാണ്!" എന്ന് പറയുക. വിശ്വാസം യുദ്ധം ഇല്ലെന്ന് നിഷേധിക്കുന്നില്ല; അത് അതിന്റെ മധ്യത്തിൽ വിജയം പ്രഖ്യാപിക്കുന്നു. നിങ്ങളെ വ്യതിചലിപ്പിക്കാനോ നിങ്ങളെ നിരാശരാക്കാനോ പിശാചിനെ അനുവദിക്കരുത്. എലീശയ്ക്കു വേണ്ടി പോരാടിയ കർത്താവ് നിങ്ങൾക്കുവേണ്ടിയും പോരാടുന്നു. അവൻ നിങ്ങളുടെ ഭവനത്തെയും നിങ്ങളുടെ മക്കളെയും നിങ്ങളുടെ ശുശ്രൂഷയെയും തന്റെ സംരക്ഷണാഗ്നിയാൽ വലയം ചെയ്യുന്നു. കർത്താവ് പുതിയ വാതിലുകൾ തുറക്കുകയും ശത്രുവിന്റെ എല്ലാ പദ്ധതികളും നിശബ്ദമാക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുക. നിങ്ങൾക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല. ദൈവം നിങ്ങളുടെ ഭയത്തെ ധൈര്യമായും ബലഹീനതയെ ബലമായും പരാജയത്തെ വിജയമായും മാറ്റും. ഉറച്ചുനിൽക്കുക, നിങ്ങളുടെ പരിച ഉയർത്തുക, വിശ്വാസത്തോടെ മുന്നോട്ട് നീങ്ങുക. വിജയം കർത്താവിനുള്ളതാണ്!
PRAYER:
 പ്രിയ കർത്താവായ യേശുവേ, വിശ്വാസം എന്ന പരിച എനിക്ക് നൽകിയതിന് അങ്ങേക്ക് നന്ദി. കർത്താവേ, എന്റെ ഹൃദയത്തിൽ നിന്ന് എല്ലാ ഭയവും നീക്കേണമേ. എന്നെ തടയാൻ ശ്രമിക്കുന്ന ശത്രുവിന്റെ എല്ലാ പദ്ധതികളെയും നശിപ്പിക്കേണമേ. എനിക്ക് ബലഹീനതയും നിരാശയും തോന്നുമ്പോൾ എന്നെ ശക്തിപ്പെടുത്തേണമേ. അങ്ങയുടെ ശക്തമായ സൈന്യം എന്നെ വലയം ചെയ്തിരിക്കുന്നത് കാണാൻ എന്നെ സഹായിക്കണമേ. കർത്താവേ, ശക്തനായ ഒരു യോദ്ധാവായി അങ്ങ് എന്റെ ഹൃദയത്തിൽ എഴുന്നേൽക്കേണമേ. രോഗത്തിൻ്റെയും കടത്തിൻ്റെയും ഭയത്തിൻ്റെയും എല്ലാ തീയമ്പുകളും അണഞ്ഞുപോകട്ടെ. എല്ലാ വെല്ലുവിളികളെയും നേരിടാൻ എന്നെ ദൈവിക ധൈര്യം കൊണ്ട് നിറയ്‌ക്കേണമേ. എനിക്ക് സമ്പൂർണ്ണ വിജയവും സമാധാനവും നൽകേണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

 ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
 ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക     Donate Now
  Donate Now


