എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ  യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്നത്തെ വാഗ്ദത്തം ഹോശേയ 14:6-ൽ നിന്നുള്ളതാണ്, “അവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിൻ ഭംഗിപോലെയും അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും." എത്ര മഹത്തായ ജീവിതമാണിത്! തഴച്ചുവളരുന്ന ഒലിവ് വൃക്ഷം പോലെ ഭംഗിയും, സുഗന്ധവും, ലക്ഷ്യവും വഹിക്കുന്ന ഒരു ജീവിതം തന്നെ. എന്നാൽ ആരാണ് അത്തരമൊരു ജീവിതം സ്വീകരിക്കുന്നത്? സദൃശവാക്യങ്ങൾ 28:25 പറയുന്നു, "യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും." എന്റെ സുഹൃത്തേ, നിങ്ങൾ എവിടെയാണ് നിങ്ങളുടെ ആശ്രയം വെച്ചിരിക്കുന്നത്? അത് ലൗകിക കാര്യങ്ങളിലാണോ, ഒരുപക്ഷേ മയക്കുമരുന്ന് പോലുള്ള ദോഷകരമായ ശീലങ്ങളിലാണോ? എങ്കിൽ സൗന്ദര്യം നിലനിൽക്കില്ല. സമാധാനമോ സന്തോഷമോ ഇല്ലാത്ത അത്തരമൊരു ജീവിതത്തെ ഇരുട്ട് മാത്രമേ വലയം ചെയ്യുകയുള്ളൂ. എന്നാൽ ദൈവം സൌന്ദര്യം നൽകുമ്പോൾ, അത് പറഞ്ഞറിയിക്കാനാവാത്തതും മഹത്വം നിറഞ്ഞതുമായ സന്തോഷത്തോടെ വരുന്നു.

വെള്ളിയെ തീയിൽ ശുദ്ധീകരിക്കുന്നതുപോലെ ദൈവം നമ്മെ പരീക്ഷിക്കാൻ അനുവദിക്കുന്നുവെന്ന് സങ്കീർത്തനം 66:10 ഉം 12 ഉം നമ്മെ ഓർമ്മിപ്പിക്കുന്നു. "ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു." ക്രിസ്തുവിനോടൊപ്പമുള്ള ഞങ്ങളുടെ യാത്രയുടെ ആദ്യകാലങ്ങളിൽ, അവനെക്കുറിച്ചും അവന്റെ അനുഗ്രഹങ്ങളെക്കുറിച്ചും ഞങ്ങൾക്ക് വളരെക്കുറച്ചേ അറിയാമായിരുന്നുള്ളൂ. അതിനാൽ, ഞങ്ങളുടെ ജീവിതം പോരാട്ടങ്ങളും അന്ധകാരവും നിറഞ്ഞതായിരുന്നു. എന്നാൽ ഞങ്ങൾ യേശുവിനെ ഞങ്ങളുടെ വ്യക്തിപരമായ രക്ഷകനായി അംഗീകരിക്കുകയും രാവും പകലും അവനോടൊപ്പം നടക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ, അവൻ ലോകത്തിൻറെ വെളിച്ചമായതിനാൽ തൻറെ സന്തോഷവും പ്രകാശവും കൊണ്ട് ഞങ്ങളുടെ ജീവിതം നിറച്ചു. സങ്കീർത്തനം 23:1 മനോഹരമായി പറയുന്നു, “ യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല."

ആകയാൽ, എന്റെ പ്രിയ സുഹൃത്തേ, നിങ്ങൾ എങ്ങനെയാണ് കർത്താവിനെ അന്വേഷിക്കുന്നത്? നിങ്ങൾ പൂർണ്ണഹൃദയത്തോടും സ്ഥിരതയോടും പൂർണ്ണമനസ്സോടും കൂടെ അവനെ പിന്തുടരുന്നുണ്ടോ? അങ്ങനെ ചെയ്‌താൽ, നിങ്ങൾക്ക് അത്തരമൊരു അനുഗ്രഹീത ജീവിതം അനുഭവിക്കാൻ കഴിയും. സദൃശവാക്യങ്ങൾ 10:22-ൽ ദൈവവചനം ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു, "യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല." അവനെ മുറുകെപ്പിടിക്കുക. അവനിൽ ആശ്രയിക്കുക. എല്ലാ ദിവസവും അവനോടൊപ്പം നടക്കുക, അപ്പോൾ അവൻ ദുഃഖം ചേർക്കാതെ നിങ്ങളുടെ ജീവിതത്തെ സുഗന്ധമുള്ളതും മനോഹരവും സമ്പന്നവുമാക്കും. ഇതാണ് ദൈവം നിങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്ന ജീവിതം!

PRAYER:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ, ഇന്ന് അങ്ങ് നൽകിയ വാഗ്‌ദത്തത്തിന് ഞാൻ നന്ദി പറയുന്നു. സുന്ദരവും സുഗന്ധമുള്ളതും അങ്ങയുടെ അനുഗ്രഹം നിറഞ്ഞതുമായ ഒരു ജീവിതത്തിലേക്ക് അങ്ങ് എന്നെ വിളിച്ചിരിക്കുന്നു. കർത്താവേ, ഈ ലോകത്തിലെ കാര്യങ്ങളിൽ അല്ല, മറിച്ച് അങ്ങയുടെ നിത്യസ്നേഹത്തിൽ പൂർണ്ണമായി ആശ്രയിക്കാൻ എന്നെ സഹായിക്കണമേ. അന്ധകാരത്തിൽ നടക്കുകയും മറ്റെവിടെയെങ്കിലും സമാധാനം തേടുകയും ചെയ്ത സമയങ്ങൾക്ക് എന്നോട് ക്ഷമിക്കണമേ. അങ്ങയുടെ പ്രകാശവും സന്തോഷവും കൊണ്ട് എന്നെ നിറയ്ക്കണമേ. എന്നെ വെള്ളിപോലെ ശുദ്ധീകരിച്ചു അങ്ങയുടെ സമൃദ്ധമായ പൂർത്തീകരണത്തിലേക്ക്  കൊണ്ടുവരേണമേ. എല്ലാ ദിവസവും, ഓരോ മണിക്കൂറിലും പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ജീവിതം അങ്ങയുടെ സൌന്ദര്യവും സുഗന്ധവും മഹത്വവും പ്രതിഫലിപ്പിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.