ക്രിസ്തുവിൽ പ്രിയരേ, ഇന്നത്തെ വാഗ്ദത്ത വചനം 1 പത്രൊസ് 2:9 ആകുന്നു: "നിങ്ങളോ ... തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു." യേശു തന്നെ ഇപ്രകാരം അരുളിച്ചെയ്യുന്നു: "നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു എന്നാകുന്നു" (യോഹന്നാൻ 15:16). അതിനാൽ സന്തോഷിക്കുകയും വിശ്വാസത്തോടെ ഇങ്ങനെ പ്രഖ്യാപിക്കുകയും ചെയ്യുക: "ദൈവം എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അവൻ എന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. ഞാൻ അവന്റെ പൈതലാണ്, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല. സകല നന്മകളും നൽകി അവൻ എന്നെ അനുഗ്രഹിക്കും.” ഈ വാഗ്ദത്തം മുറുകെപ്പിടിക്കുക!
സ്നേഹവാനായ ഒരു പിതാവ് തന്റെ പ്രിയ കുഞ്ഞിനെ എടുത്തു, ചേർത്തുപിടിച്ചുകൊണ്ട് അനുഗ്രഹിക്കുന്നതുപോലെ, യേശുവും നിങ്ങളെ തന്നോട് ചേർത്തുപിടിച്ച് തന്റെ അനുഗ്രഹങ്ങൾ നിങ്ങളുടെമേൽ ചൊരിയുന്നു. അവന്റെ ദൃഷ്ടിയിൽ നിങ്ങൾ വളരെ വിലപ്പെട്ടവരാണ്. രാജകീയ പുരോഹിതവർഗ്ഗത്തിന്റെ ഭാഗമാകാൻ അവൻ നിങ്ങളെ വിളിച്ചിരിക്കുന്നു. 1 പത്രൊസ് 2:5 നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, "നാം യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകുന്നു." അവനെ സേവിക്കാനും അവന്റെ ഇഷ്ടം നിറവേറ്റാനുമാണ് ദൈവം നിങ്ങളെ തിരഞ്ഞെടുത്തത്. നിങ്ങൾ അവനോടൊപ്പം വിശ്വസ്തതയോടെ നടക്കുമ്പോൾ അവന്റെ കൃപ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരിക്കും.
തന്റെ വിശുദ്ധവംശത്തിന്റെ ഭാഗമാകാനും ദൈവം നിങ്ങളെ വിളിച്ചിട്ടുണ്ട്. 1 പത്രൊസ് 1:15-16-ൽ, തിരുവെഴുത്ത് നമ്മെ ഇങ്ങനെ പ്രബോധിപ്പിക്കുന്നു: "നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ എന്നു എഴുതിയിരിക്കുന്നുവല്ലോ." നിങ്ങളെ വിളിച്ചവൻ വിശുദ്ധനായതിനാൽ, നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ആ വിശുദ്ധി പ്രതിഫലിപ്പിക്കാൻ അവൻ നിങ്ങളെ വിളിക്കുന്നു. നിങ്ങൾ ഇതിനകം വിശുദ്ധിയിൽ ജീവിക്കുന്നുണ്ടെങ്കിൽ, അതിൽത്തന്നെ തുടർന്നും വളരുക. തന്റെ ജനത്തിലൂടെ തന്റെ വെളിച്ചവും വിശുദ്ധിയും പ്രകടമാകണമെന്നും, അതുവഴി ഈ ജനതയിൽ രൂപാന്തരം സംഭവിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു.
ഇന്ന്, സമൂഹത്തിൽ അഴിമതി, വഞ്ചന, കൈക്കൂലി, അനീതി എന്നിങ്ങനെ നിരവധി തകർച്ചകൾ നാം കാണുന്നു. ബലഹീനരായവർ പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നു, സമ്പന്നരും ദരിദ്രരും തുല്യമായി പരിഗണിക്കപ്പെടുന്നില്ല. എന്നാൽ അധികാരത്തിലുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതിനുപകരം, നമുക്ക് നമ്മുടെ സ്വന്തം ഹൃദയങ്ങളെ പരിശോധിക്കുകയും സമഗ്രതയോടെ ജീവിക്കാൻ തീരുമാനിക്കുകയും ചെയ്യാം. നാം ദൈവത്തെ ബഹുമാനിക്കുകയും ശുദ്ധമായ കൈകളാൽ മറ്റുള്ളവരെ സേവിക്കുകയും ചെയ്യുമ്പോൾ, അവന്റെ വിശുദ്ധി നമ്മിലൂടെ വെളിപ്പെടുന്നു. സ്നേഹത്തിലും ഐക്യത്തിലും നാം ഒരുമിച്ച് ജീവിക്കുമ്പോൾ, ആ പരിവർത്തനം നമ്മുടെ രാജ്യത്തുടനീളം വ്യാപിക്കുന്നു. യെശയ്യാവ് 60:22-ൽ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ, "നിങ്ങളിൽ കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും."
പുറപ്പാട് 19:5-ൽ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: " നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും." നിങ്ങൾ യേശുവിനുള്ളവരാണ്, നിങ്ങളുടെമേൽ തന്റെ പ്രത്യേക കൃപ ചൊരിയുവാൻ അവൻ ആഗ്രഹിക്കുന്നു. ഈ പദവിയിൽ നടക്കാനുള്ള താക്കോൽ ലളിതമാണ്: ദൈവത്തോടുള്ള അനുസരണം. ഇന്ന് ഒരു ഉറച്ച തീരുമാനം എടുക്കുക: "ഞാൻ അവനെ അനുസരിക്കുകയും അവന്റെ ഇഷ്ടം ചെയ്യുകയും ചെയ്യും. ഞാൻ വിശുദ്ധിയെ പിന്തുടരും, ഒരിക്കലും അവനിൽ നിന്ന് പിന്തിരിയുകയില്ല. ദുഷ്കരമായ സമയങ്ങളിൽ പോലും, അവൻ എനിക്കായി എല്ലാം പരിപാലിക്കുന്നുവെന്ന് വിശ്വസിച്ച് ഞാൻ സന്തോഷവാനായിരിക്കും. ഞാൻ അവനെ ആദരിക്കുകയും സ്വർഗ്ഗവുമായി അടുത്ത കൂട്ടായ്മയിൽ നടക്കുകയും ചെയ്യും." ഈ രീതിയിൽ ജീവിക്കുമ്പോൾ, ദൈവത്തിന്റെ പ്രത്യേക സമ്പത്തായിരിക്കുക എന്നതിന്റെ അർത്ഥം നാം യഥാർത്ഥത്തിൽ അനുഭവിക്കുന്നു.
നിങ്ങൾ ആരാണെന്ന് ഓർക്കുക - അവന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം, അവന്റെ വിശുദ്ധ വംശം, അവന്റെ രാജകീയപുരോഹിതവർഗ്ഗം, അവന്റെ പ്രത്യേക സമ്പത്ത്. ധൈര്യമായിരിക്കുക, നിങ്ങളെ തിരഞ്ഞെടുത്തതിന് ദൈവത്തിന് നന്ദി പറയുക. അവന്റെ വാഗ്ദത്തങ്ങൾ മുറുകെ പിടിക്കുക, അവന്റെ വചനം നിങ്ങളുടെ ഹൃദയത്തിൽ വേരൂന്നിയിരിക്കട്ടെ, അവന്റെ സ്നേഹവും ശക്തിയും നിറഞ്ഞ ഒരു ജീവിതം നയിക്കുക. നിങ്ങൾ അവനോട് വിശ്വസ്തത പുലർത്തുമ്പോൾ, അവൻ നിങ്ങളെ തിന്മയിൽ നിന്ന് സംരക്ഷിക്കുകയും നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യും.
Prayer:
പ്രിയ സ്വർഗ്ഗീയ പിതാവേ, എന്നെ തിരഞ്ഞെടുത്ത് അങ്ങയുടെ പ്രിയ പൈതലായും പുരോഹിതവർഗ്ഗമായും വിശുദ്ധ വംശമായും സൃഷ്ടിച്ചതിന് അങ്ങേക്ക് നന്ദി. വിശുദ്ധമായ ഒരു ജീവിതം നയിക്കാനും എല്ലാ കാര്യങ്ങളിലും അങ്ങയുടെ വചനം അനുസരിക്കാനും എന്നെ സഹായിക്കണമേ. നമ്മുടെ ദേശത്തുനിന്ന് അഴിമതി, അനീതി, ഭിന്നത, വിവേചനം എന്നിവയുടെ എല്ലാ രൂപങ്ങളെയും നീക്കണമേ. അങ്ങയുടെ വിശുദ്ധിയും സ്നേഹവും ഐക്യവും കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങൾ നിറയ്ക്കണമേ. എന്നെ അങ്ങയുടെ പ്രത്യേക സമ്പത്താക്കി മാറ്റുകയും മറ്റുള്ളവരെ സേവിക്കാനും അങ്ങയുടെ ദൈവിക ഉദ്ദേശ്യം നിറവേറ്റാനും എന്റെ ജീവിതം ഉപയോഗിക്കുകയും ചെയ്യണമേ. പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും വിശ്വസ്തതയും സന്തോഷവും നിലനിർത്താൻ എന്നെ സഹായിക്കണമേ. തിന്മയിൽ നിന്ന് എന്നെ സംരക്ഷിക്കണമേ. അങ്ങയുടെ അനുഗ്രഹങ്ങൾ എന്റെ ജീവിതത്തിൽ നിഞ്ഞൊഴുകട്ടെ. യേശുവിന്റെ നാമത്തിൽ, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


