പ്രിയ സുഹൃത്തേ, നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിൽ എനിക്ക്  വളരെ സന്തോഷമുണ്ട്. ഹഗ്ഗായി 2:9 ഇപ്രകാരം പറയുന്നു, "ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും." ഇക്കാലത്ത്, യേശുക്രിസ്തുവിലൂടെ നമുക്ക് കൂടുതൽ മഹത്വം നേടാനാകും. എന്താണ് മുൻകാല മഹത്വം? മുൻകാല മഹത്വം ശലോമോന്റെ ആലയത്തിൽ വസിച്ചിരുന്നു. ശലോമോന്റെ ആലയത്തിൽ, ദൈവം 24 മണിക്കൂറും അവിടെയുണ്ടായിരുന്നു, അവന്റെ കണ്ണും ചെവിയും ഹൃദയവും അവിടെ തുറന്നിരുന്നു. പിന്നത്തെ മഹത്വം രണ്ടാമത്തെ ആലയത്തിൽ വസിച്ചു. യേശു ഈ ലോകത്തിലേക്ക് വന്നതിനുശേഷം, അവന്റെ സാന്നിധ്യം രണ്ടാമത്തെ ആലയത്തിൽ പ്രവേശിച്ചപ്പോൾ ആളുകൾ അതിലും വലിയ മഹത്വം അനുഭവിച്ചു. രണ്ടാമത്തെ ആലയത്തിൽ യേശു പഠിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു. അവൻ ജനങ്ങളെ സുഖപ്പെടുത്തുക പോലും ചെയ്തു. അതെ, യേശുവിന്റെ സാന്നിധ്യത്തിൽ നമുക്ക് കൂടുതൽ മഹത്വം അനുഭവിക്കാൻ കഴിയും.

"ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാൾ അധികം മഹത്വത്തിന്നു യോഗ്യൻ എന്നു എണ്ണിയിരിക്കുന്നു" എന്നു എബ്രായർ 3:3-ൽ വേദപുസ്തകം പറയുന്നതും അതാണ്.  അതെ, പ്രിയ സുഹൃത്തേ, നമ്മുടെ ഭവനം, ദൈവത്തിന്റെ ആലയം, നിർമ്മിക്കുന്നത് യേശുവാകുന്നു. മോശെയെക്കാൾ എത്രയോ അധികം മഹത്വം അവൻ അർഹിക്കുന്നു. ദൈവത്തിന്‌റെ സാന്നിധ്യമാണ് ഒരു സ്ഥലത്തെ മഹത്വമുള്ളതാക്കുന്നത്. യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരങ്ങളിലേക്ക് പോകുമ്പോഴെല്ലാം ദൈവത്തിന്‌റെ സാന്നിധ്യം അത്ഭുതകരമായ രീതിയിൽ നമുക്ക് അനുഭവപ്പെടുന്നു. പ്രത്യേകിച്ച് നമ്മുടെ ഇസ്രായേൽ പ്രാർത്ഥനാ ഗോപുരം സമർപ്പിച്ചപ്പോൾ, അവിടെ യേശുവിന്റെ ശക്തമായ സാന്നിധ്യം ഞങ്ങൾക്ക് അനുഭവപ്പെട്ടു. എന്റെ ഭർത്താവ് അവിടെ ശുശ്രൂഷ ചെയ്തപ്പോൾ ജനലുകളിലൊന്ന് തുറക്കപ്പെട്ട്, ശക്തമായ കാറ്റ് അതിലൂടെ കടന്നുപോയി. എന്റെ ഭർത്താവിന്റെ മുടി നിവർന്ന് നിന്നു, ആ പ്രാർത്ഥന ഗോപുരത്തിനുള്ളിൽ ശക്തമായ കാറ്റ് വീശുന്നതായി ഞങ്ങൾക്ക് എല്ലാവർക്കും അനുഭവപ്പെട്ടു. യേശു അവിടെയുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി.

അതിനുശേഷം, എന്റെ ഭർത്താവ് ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ നിരവധി അത്ഭുതങ്ങൾ സംഭവിച്ചു. കാൻസർ രോഗങ്ങൾ സൗഖ്യം പ്രാപിച്ചു. വർഷങ്ങളോളം അവിടെ ഉണ്ടായിരുന്ന രോഗങ്ങൾ സുഖപ്പെട്ടു. പ്രാർത്ഥനാ ഗോപുരത്തിൽ ദൈവത്തിന്‌റെ അത്ഭുതകരമായ കരം പ്രവർത്തിക്കുന്നത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. മോശെയേക്കാൾ കൂടുതൽ മഹത്വം  യേശു അർഹിക്കുന്നു. ഇസ്രായേൽ പ്രാർത്ഥനാ ഗോപുരത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള എല്ലാ പ്രാർത്ഥനാ ഗോപുരങ്ങളിലും അതുപോലെ തന്നെയാണ്. ഒരിക്കൽ ഞങ്ങൾ ബെഥെസ്ദ പ്രാർത്ഥനാ കേന്ദ്രത്തിൽ ആയിരുന്നപ്പോൾ ഞാനും എന്റെ ഇളയ സഹോദരനും പ്രാർത്ഥിക്കുകയായിരുന്നു. എന്റെ പിതാവ് മരിച്ചതിന് തൊട്ടുപിന്നാലെ ഞാൻ എന്റെ ഇളയ സഹോദരനെ, അവിടെ അവൻ ശുശ്രൂഷ ചെയ്യേണ്ടതിനായി സമർപ്പിച്ചു. ഞാൻ പറഞ്ഞു, "കർത്താവേ, എന്റെ ഇളയ സഹോദരൻ എങ്ങനെയെങ്കിലും ശുശ്രൂഷ ചെയ്യണം." അതുപോലെ, ഇന്ന് അവൻ ശുശ്രൂഷയിലാണ്. നാം അവനെ മഹത്വപ്പെടുത്തുന്ന സ്ഥലത്ത് മാത്രമല്ല, നമ്മുടെ എല്ലാ പ്രാർത്ഥനകൾക്കും അവൻ ഉത്തരം നൽകുന്നു. എത്ര സ്നേഹവാനായ ദൈവമാണ് നമുക്കുള്ളത്, അല്ലേ? ഇന്നുതന്നെ, പിന്നത്തെ മഹത്വം നിങ്ങളുടെ മേൽ വരട്ടെ.

PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, എന്റെ ജീവിതത്തിലെ അങ്ങയുടെ മഹത്തായ സാന്നിധ്യത്തിന് അങ്ങേയ്ക്ക് നന്ദി. അങ്ങാണ് എന്റെ ജീവിതത്തിന്റെ നിർമ്മാതാവ്, ഞാൻ അങ്ങേക്ക് എല്ലാ മഹത്വവും നൽകുന്നു. അങ്ങയുടെ പിന്നത്തെ മഹത്വം എന്നിൽ വസിക്കുകയും എന്റെ ഹൃദയം നിറയുകയും ചെയ്യട്ടെ. അങ്ങയുടെ സാന്നിധ്യം എല്ലാ ദിവസവും എന്നിൽ സമൃദ്ധമായി വസിക്കട്ടെ. എന്റെ ജീവിതത്തിൽ മുമ്പത്തേക്കാളും വലിയ കാര്യങ്ങൾ ചെയ്യണമേ. അങ്ങയുടെ മഹത്വം മറ്റുള്ളവർക്ക് വെളിപ്പെടുത്താൻ എന്നെ ഒരു പാത്രമായി ഉപയോഗിക്കണമേ. കർത്താവേ, ഞാൻ എന്നെത്തന്നെ അങ്ങേക്ക് പൂർണ്ണമായും സമർപ്പിക്കുന്നു. അങ്ങയുടെ നാമം മാത്രം എന്നിൽ മഹത്വപ്പെടട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.  ആമേൻ.