എന്റെ വിലയേറിയ സുഹൃത്തുക്കളേ, കർത്താവ് നിങ്ങളെ കരുതുന്ന ദൈവമാണ്. നിങ്ങൾ ഇങ്ങനെ പറയുകയാണോ, "ഞാൻ ഒരു വിവാഹത്തിന് പോയി, പക്ഷേ ആരും എന്റെ ക്ഷേമം അന്വേഷിച്ചില്ല. ഇന്ന് എന്റെ അമ്മയുടെ ചരമവാർഷികമാണ്, ഞാൻ തനിച്ചിരുന്ന് കരയുകയാണ്. ആരും അത് ശ്രദ്ധിക്കുകയോ എന്നെ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. " അല്ലെങ്കിൽ നിങ്ങളുടെ ജോലി നഷ്ടപ്പെട്ടതിനാൽ "നിങ്ങൾക്ക് എങ്ങനെയുണ്ട്? നിങ്ങൾക്ക് എന്ത് സഹായം വേണം? " എന്ന് ആരും ചോദിക്കാത്തതിൽ നിങ്ങളുടെ ഹൃദയം തകർന്നിരിക്കുകയാണോ?

എന്റെ പ്രിയ സഹോദരാ, പ്രിയ സഹോദരി, നിങ്ങളെക്കുറിച്ച് യഥാർത്ഥമായി കരുതുന്ന ഒരാളുണ്ട്. അവന്റെ പേര് യേശു എന്നാണ്. 1 പത്രൊസ് 5:7-ൽ പറയുന്നതുപോലെ "അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ." നിങ്ങളുടെ ദുഃഖങ്ങൾ മനുഷ്യരോട് പങ്കുവെക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം? എത്ര പേർക്ക് നിങ്ങളെ യഥാർത്ഥത്തിൽ സഹായിക്കാൻ കഴിയും? ഇന്നലെ ഒരു അഭിമുഖത്തിൽ എന്നോട് ചോദിച്ചു, "നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണ്?" ഞാൻ ഇങ്ങനെ മറുപടി നൽകി, പരിശുദ്ധാത്മാവ് മാത്രമാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്".

പരിശുദ്ധാത്മാവ് - കർത്താവായ യേശുവിന്റെ ആത്മാവ് - എന്റെ വിശ്വസ്തനായ സുഹൃത്താണ്. ഞാൻ എന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിച്ച ദിവസം, അവൻ വന്ന് എന്നോട് ഇപ്രകാരം സംസാരിച്ചു: "പോൾ, ഇതുവരെ നിനക്ക് ലോകത്തിൽ ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു, പാപപരമായ വഴികളിൽ നടന്നു. എന്നാൽ ഇനി മുതൽ, മുമ്പത്തെപ്പോലെ ആരും നിന്നോടൊപ്പം ഉണ്ടാവില്ല. ഞാൻ മാത്രമായിരിക്കും നിന്റെ സുഹൃത്ത്. "

കഴിഞ്ഞ 46 വർഷമായി അവൻ വിശ്വസ്തതയോടെ എന്റെ ഏറ്റവും അടുത്ത സുഹൃത്തായി തുടരുന്നു. സുഹൃത്തുക്കളുടെ വീടുകൾ സന്ദർശിക്കാനോ സാമൂഹികമായി പുറത്തുപോകാനോ ഞാൻ സമയം ചെലവഴിക്കാറില്ല. എന്റെ ഭാര്യയും അങ്ങനെ ചെയ്യാറില്ല. എന്റെ മക്കളും കൊച്ചുമക്കളും അങ്ങനെതന്നെയാണ്. എന്റെ കൊച്ചുമകൾ കാറ്റി പോലും ഇങ്ങനെ പറയുന്നു, "മുത്തച്ചാ, വീട്ടിൽ എല്ലാവരും ഒരുമിച്ച് ആയിരിക്കുമ്പോഴാണ് എനിക്ക് ഏറ്റവും സന്തോഷം. പുറത്തുപോകുന്നത് എനിക്കിഷ്ടമല്ല. എന്നാൽ പ്രാർത്ഥനാ ഗോപുരത്തിൽ പോകാനും കർത്താവിനായി പാടാനും ടെലിവിഷനിൽ സംസാരിക്കാനും സ്കൂളുകൾ സന്ദർശിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു."

കർത്താവിനോടൊപ്പം നടക്കുകയും ഒരു കുടുംബമായി ഐക്യത്തോടെ നിൽക്കുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു സുഹൃത്തും അനുഗ്രഹവുമായി മാറുകയും ചെയ്യുന്നത് എത്ര അത്ഭുതകരമായ അനുഗ്രഹമാണ്! ഇതിന്റെ രഹസ്യം ലളിതമാണ് - കർത്താവ് ഞങ്ങളെ കരുതുന്നുവെന്ന് ഞങ്ങൾക്കറിയാം, അതിനാൽ ഞങ്ങൾ എല്ലാ ഭാരവും അവന്റെ മേൽ വയ്ക്കുന്നു. അവൻ എല്ലാ ദിവസവും രാവിലെ ഞങ്ങളെ ഉണർത്തുകയും വരാനിരിക്കുന്ന ദിവസത്തിനായി ഞങ്ങളെ  ഒരുക്കുകയും ചെയ്യുന്നു. ആ ദിവസത്തെ വെല്ലുവിളികൾ നേരിടുന്നതിന് മുൻപുതന്നെ, ധ്യാനിക്കാനും പ്രാർത്ഥിക്കാനും വേണ്ട ശരിയായ തിരുവചനം അവൻ ഞങ്ങൾക്ക് നൽകുന്നു. ഞങ്ങളുടെ കുടുംബത്തെ ശുശ്രൂഷിക്കാനും മറ്റുള്ളവരെ സേവിക്കാനും നമ്മുടെ രാജ്യത്തിനായി പ്രാർത്ഥിക്കാനും നേതാക്കളെ പ്രോത്സാഹിപ്പിക്കാനും തന്റെ ദാസന്മാരെ ശക്തിപ്പെടുത്താനും തന്റെ ആത്മാവിലൂടെ അവൻ ഞങ്ങളെ നയിക്കുന്നു. ഓരോ ദിവസത്തിന്റെയും അവസാനം, അവൻ ഞങ്ങളുടെ ഹൃദയങ്ങളെ സമാധാനവും സംതൃപ്തിയും കൊണ്ട് നിറയ്ക്കുന്നു. എന്ത് പോരാട്ടങ്ങൾ വന്നാലും അവന്റെ സമാധാനം ഞങ്ങളോടൊപ്പം നിലനിൽക്കുന്നു. "ദൈവത്തിന്റെ പദ്ധതിക്ക് പുറത്തായി ഒന്നും സംഭവിക്കില്ല. ഇന്നത്തെ ദിവസത്തിനായി യേശു എന്നെ നേരത്തെ തന്നെ ഒരുക്കിയിരിക്കുന്നു. അവൻ ഇതിനകം എനിക്ക് തന്റെ വാഗ്‌ദത്തം നൽകിയിട്ടുണ്ട് " എന്ന് പറയാനുള്ള ആത്മവിശ്വാസം, ആ സമാധാനം ഞങ്ങൾക്ക് നൽകുന്നു.

അവന്റെ കൃപയാൽ, ഞങ്ങൾ എല്ലാ പരീക്ഷണങ്ങളെയും യാതൊരു ദോഷവും കൂടാതെ മറികടക്കുന്നു. അവൻ ഞങ്ങളെ സംരക്ഷിക്കുകയും ഞങ്ങൾക്ക് ഒരു നല്ല പേര് നൽകുകയും ശുശ്രൂഷയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ദരിദ്രരെ പരിപാലിക്കുന്നതിലൂടെയും കുടുംബത്തോടൊപ്പം പ്രാർത്ഥനാ ജീവിതം നയിക്കുന്നതിലൂടെയും അവന്റെ ഇഷ്ടം നിറവേറ്റാൻ ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. അവൻ നിങ്ങൾക്കുവേണ്ടിയും ഇതുതന്നെ ചെയ്യും. യേശു നിങ്ങളെ പരിപാലിക്കുന്നു. അതിനാൽ നിങ്ങളുടെ സകല ചിന്താകുലങ്ങളും അവന്റെ മേൽ ഇട്ടുകൊൾക. സങ്കീർത്തനം 55:22-ൽ പറയുന്നതുപോലെ: "നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരു നാളും സമ്മതിക്കയില്ല."

എന്റെ പ്രിയ സുഹൃത്തുക്കളേ, നമ്മുടെ വിശ്വാസം എവിടെയായിരിക്കണം? ഒന്നാമതായി, അവന്റെ സ്നേഹത്തിൽ വിശ്വസിക്കുക. യേശു നിങ്ങളെ സ്നേഹിക്കുന്നു. 1 യോഹന്നാൻ 4:19-ൽ പറയുന്നതുപോലെ, "അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു." നിങ്ങൾ അഭിമുഖീകരിക്കുന്ന ദുഃഖമോ കഷ്ടപ്പാടുകളോ എന്തുതന്നെയായാലും, "യേശു എന്നെ സ്നേഹിക്കുന്നു" എന്ന് സ്വയം ഓർമ്മിപ്പിക്കുക. രണ്ടാമതായി, അവന്റെ ശക്തിയിൽ വിശ്വസിക്കുക. നിങ്ങളെ സംബന്ധിച്ച സകല കാര്യങ്ങളും കർത്താവ് നിറവേറ്റും. തന്റെ മഹത്തായ ശക്തിയാൽ, ചുറ്റുമുള്ള എല്ലാ സാഹചര്യങ്ങളെയും മാറ്റാൻ അവന് കഴിയും. നിങ്ങൾ ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി അവൻ ചെയ്തുതരും. അവൻ എല്ലായ്പ്പോഴും നിങ്ങളുടെ പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തിച്ചേക്കില്ല, പക്ഷേ അവൻ അതിലും മഹത്തായ എന്തെങ്കിലും ചെയ്യും. ബുദ്ധിമുട്ടുകൾ വന്നേക്കാം, അവ കഠിനമായവയുമാകാം. എന്നാൽ കർത്താവ് നിങ്ങളെ അവയുടെ മേൽ ഉയർത്തുകയും നിങ്ങളെ ആദരിക്കുകയും നിങ്ങളെ പുനഃസ്ഥാപിക്കുകയും ചെയ്യും. നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടില്ല. പകരം, അവൻ നിങ്ങൾക്ക് അളവില്ലാത്ത അനുഗ്രഹങ്ങൾ നൽകും. കർത്താവ് ഇന്ന് നിങ്ങൾക്ക് ഈ അനുഗ്രഹം നൽകട്ടെ.

PRAYER: 
പ്രിയ കർത്താവായ യേശുവേ, എന്നെ അചഞ്ചലമായ സ്നേഹത്തോടെ കരുതുന്നതിന്ന് അങ്ങേക്ക് നന്ദി. അങ്ങ് എന്നെ താങ്ങുമെന്ന് അറിഞ്ഞുകൊണ്ട് ഇന്ന് ഞാൻ എല്ലാ ഭാരവും ദുഃഖവും ഭയവും ചിന്താകുലവും അങ്ങയുടെ മേൽ വയ്ക്കുന്നു. എന്റെ സ്വന്തം ബുദ്ധിയിൽ ആശ്രയിക്കുന്നതിന് പകരം അങ്ങയുടെ സ്നേഹത്തിലും അങ്ങയുടെ മഹത്തായ  ശക്തിയിലും ആശ്രയിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ പരിപൂർണ്ണ സമാധാനം കൊണ്ട് എന്റെ ഹൃദയം നിറയ്ക്കുകയും വരാനിരിക്കുന്ന ഏത് വെല്ലുവിളിയെയും നേരിടാൻ എന്നെ തയ്യാറാക്കുകയും ചെയ്യണമേ. എന്റെ കുടുംബത്തെ നയിക്കുകയും എന്റെ കൈകളുടെ പ്രവൃത്തിയെ അനുഗ്രഹിക്കുകയും അങ്ങയുടെ പൂർണ്ണ ഹിതമനുസരിച്ച് എല്ലാ വാതിലുകളും തുറക്കുകയും ചെയ്യണമേ. എല്ലാ തിന്മകളിൽ നിന്നും എന്നെ സംരക്ഷിക്കുകയും എന്റെ വിശ്വാസം ശക്തിപ്പെടുത്തുകയും എന്റെ ജീവിതം പലർക്കും ഒരു അനുഗ്രഹമായിത്തീരാൻ എന്നെ ഉപയോഗിക്കുകയും ചെയ്യണമേ. എല്ലാ ദിവസവും അങ്ങയുടെ സാന്നിധ്യവും കൃപയും സമൃദ്ധമായ അനുഗ്രഹങ്ങളും അനുഭവിക്കാൻ എന്നെ ഇടയാക്കണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.