ഹലോ, എന്റെ പ്രിയ സുഹൃത്തുക്കളെ! ഇന്നത്തെ വാഗ്ദത്ത വചനം സദൃശവാക്യങ്ങൾ 12:22-ൽ നിന്നുള്ളതാണ്: "സത്യം പ്രവർത്തിക്കുന്നവരോ അവന്നു പ്രസാദം." എനിക്ക് ചില പ്രത്യേക തരത്തിലുള്ള ആളുകളെ ഇഷ്ടമാണെന്ന് നിങ്ങൾക്കറിയാമോ? സത്യം പ്രവർത്തിക്കുന്നവരായ ആളുകളെയാണ് എനിക്ക് ഇഷ്ടം. നിങ്ങൾക്ക് അവരോട് എന്തും പറയാനും നിങ്ങളുടെ രഹസ്യങ്ങളും ഭയങ്ങളും അവരുമായി പങ്കിടാനും കഴിയും. അവർ ഒരിക്കലും അത് മറ്റാരോടും വെളിപ്പെടുത്തുകയുമില്ല. എനിക്ക് വളരെ കുറച്ച് അടുത്ത സുഹൃത്തുക്കളേയുള്ളൂ. അവരെല്ലാവരും വിശ്വസ്തരാണ്. അവർ അത് രഹസ്യമായി സൂക്ഷിക്കുമെന്ന് അറിഞ്ഞുകൊണ്ട് എനിക്ക് അവരുമായി എന്തും പങ്കിടാൻ കഴിയും. നമുക്കെല്ലാവർക്കും ഇത്തരത്തിലുള്ള സുഹൃത്തുക്കൾ ഉണ്ടായിരിക്കണമെന്ന് ആഗ്രഹമുണ്ട്. അതുപോലെ, മറ്റുള്ളവർക്ക് അത്തരമൊരു വിശ്വസ്ത സുഹൃത്തായിരിക്കാൻ ഞാനും ശ്രമിക്കുന്നു.

ഇന്ന്, നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നുണ്ടോ, "കർത്താവേ, ഞാൻ വിശ്വസ്തയോടെ ജീവിച്ചിട്ടും, ആളുകൾ എന്നെക്കുറിച്ച് തെറ്റായി സംസാരിക്കുന്നു. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിശ്വസ്തത പുലർത്താൻ ഞാൻ ശ്രമിക്കുന്നു, എന്നിട്ടും മറ്റുള്ളവർ എല്ലായ്പ്പോഴും എന്നെ കുറ്റപ്പെടുത്തുന്നു. ചെറിയ കാര്യങ്ങളിൽ പോലും ഞാൻ നീതിമാനാകാൻ ശ്രമിക്കുന്നു, പക്ഷേ ആളുകൾ എന്നെ വിമർശിക്കുന്നത് തുടരുന്നു"? വിഷമിക്കേണ്ട, എന്റെ പ്രിയ സുഹൃത്തുക്കളേ. നിങ്ങളുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ നിങ്ങളെ വിലമതിക്കുന്നില്ലെങ്കിൽപ്പോലും, നിങ്ങൾ സത്യത്തിൽ നടക്കുമ്പോൾ കർത്താവ് നിങ്ങളിൽ പ്രസാദിക്കുന്നു. നിങ്ങൾ സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി ചെയ്യുന്ന ഏറ്റവും ചെറിയ കാര്യങ്ങളിൽപ്പോലും നിങ്ങളുടെ വിശ്വസ്തതയെ കർത്താവ് കാണുന്നു. നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി നിലകൊള്ളുമ്പോൾ നിങ്ങൾ നേരിട്ട പോരാട്ടങ്ങളും ത്യാഗങ്ങളും അവന് അറിയാം. നിങ്ങളുടെ വിശ്വസ്തതയെ ആരും തിരിച്ചറിയുന്നില്ലെങ്കിലും, നിങ്ങൾ കടന്നുപോയ എല്ലാ കാര്യങ്ങളും അവൻ കാണുന്നു.

ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എനിക്കുവേണ്ടി നിലകൊള്ളുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്താലും, അവൾ എനിക്കുവേണ്ടി നിലകൊള്ളുകയും, "അല്ല, അവൾ ചെയ്തതാണ് ശരി!" എന്ന് പറയും." ഒരാൾ തെറ്റ് ചെയ്യുമ്പോൾ പോലും അവരെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഒരു സുഹൃത്തായിരിക്കണം നിങ്ങളെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. മറിച്ച്, എന്റെ സുഹൃത്ത് എത്രമാത്രം വിശ്വസ്തയും ആത്മാർത്ഥതയുള്ളവളുമാണെന്ന് വ്യക്തമാക്കാനാണ് ഈ സംഭവം പങ്കുവെക്കുന്നത്. ഒരുപക്ഷേ നിങ്ങളും അത്തരമൊരു വ്യക്തിയായിരിക്കാം. നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം, "കർത്താവേ, ഞാൻ എല്ലായ്പ്പോഴും എന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി നിലകൊള്ളുന്നു. ഞാൻ അങ്ങേയ്ക്കുവേണ്ടിയും  നിലകൊള്ളുന്നു. ഞാൻ വിശ്വസ്തതയോടും സത്യസന്ധതയോടും കൂടി ജീവിക്കാൻ ശ്രമിക്കുന്നു. എന്നിട്ടും എന്റെ ജീവിതത്തിൽ യാതൊരു അനുഗ്രഹവും കാണാൻ കഴിയുന്നില്ല.” എന്റെ പ്രിയ സുഹൃത്തുക്കളേ, നിരാശപ്പെടരുത്. കർത്താവ് നിങ്ങളുടെ വിശ്വസ്തത കാണുകയും നിങ്ങളിൽ പ്രസാദിക്കുകയും ചെയ്യുന്നു. മറ്റുള്ളവർ നിങ്ങളുടെ നന്മയെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുമ്പോഴും, നിങ്ങൾ അവന് വിലപ്പെട്ടവരാണെന്ന് ഓർക്കുക. തുടർന്നും സത്യത്തിന്റെ പാതയിൽ നടക്കുക, ദൈവത്തോട് വിശ്വസ്തരായിരിക്കുക, അവൻ നിങ്ങളെ മുന്നോട്ട് നയിക്കുമെന്ന് വിശ്വസിക്കുക. കർത്താവ് നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളുടെ ജീവിതത്തിലെ ആത്മാർത്ഥമായ ഓരോ വിശ്വസ്ത പ്രവൃത്തിയും അവൻ അറിയുന്നു.

PRAYER:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ, ഈ അത്ഭുതകരമായ വാഗ്‌ദത്തത്തിന് അങ്ങേക്ക് നന്ദി. അങ്ങയോട് സത്യസന്ധതയും വിശ്വസ്തതയും പുലർത്തുന്ന എല്ലാവർക്കുമായി ഞാൻ പ്രാർത്ഥിക്കുന്നു. കർത്താവേ, അങ്ങയുടെ തിരുഹിതപ്രകാരം അങ്ങയുടെ അനുഗ്രഹങ്ങൾ യാതൊരു കാലതാമസവും  കൂടാതെ അവരുടെ ജീവിതത്തിലേക്ക് കടന്നുവരട്ടെ. കർത്താവേ, രോഗബാധിതരായി ഈ പരിപാടി കാണുന്നവരുടെ നിലവിളി കേൾക്കണമേ. നീതിപൂർവം ജീവിക്കാൻ ശ്രമിച്ചിട്ടും തങ്ങൾ എന്തിനാണ് കഷ്ടപ്പെടുന്നതെന്ന് അവർ ചിന്തിച്ചേക്കാം. ഇന്ന് അവരെ സ്പർശിക്കുകയും സൗഖ്യമാക്കുകയും ചെയ്യണമേ. അവർ എഴുന്നേറ്റ് സ്വതന്ത്രമായി നടക്കട്ടെ, അവരുടെ ശാരീരിക വേദനകൾ നീക്കുകയും കാൽമുട്ടുകൾ ശക്തിപ്പെടുത്തുകയും ചെയ്യണമേ. അവരുടെ ആരോഗ്യം പുനഃസ്ഥാപിക്കുകയും അവരുടെ ശക്തി പുതുക്കുകയും ചെയ്യണമേ. അങ്ങയുടെ അനുഗ്രഹങ്ങൾ അവരുടെ ജീവിതത്തിലേക്ക് ഒഴുകുകയും അവരുടെ ഭവനങ്ങൾ സമാധാനവും സന്തോഷവും കൊണ്ട് നിറയുകയും ചെയ്യട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.