പ്രിയ സഹോദരീ സഹോദരന്മാരേ, ഇന്ന് നാം, എന്റെ പ്രിയപ്പെട്ട വാക്യങ്ങളിൽ ഒന്നായ ഇയ്യോബ് 42:10 ധ്യാനിക്കാൻ പോകുന്നു. അത് ഇപ്രകാരം പറയുന്നു, "ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു." നമ്മുടെ ദൈവത്തെ നാം അറിയുന്ന മനോഹരമായ നാമങ്ങളിൽ ഒന്നാണ് പുനഃസ്ഥാപനത്തിന്റെ ദൈവം എന്നത്. കാരണം അവൻ ഇയ്യോബിന് മുമ്പുണ്ടായിരുന്നതിന്റെ  ഇരട്ടി നൽകി അവനെ പുനസ്ഥാപിച്ചു. നമ്മുടെ ദൈവം ഇന്നും അങ്ങനെതന്നെയാണ്. നഷ്ടപ്പെട്ട കാര്യങ്ങൾ വീണ്ടെടുക്കുന്നതിൽ അവൻ സന്തോഷിക്കുന്നു.

ഇയ്യോബ് നിഷ്കളങ്കനും നീതിമാനുമായിരുന്നുവെന്ന് കർത്താവ് തന്നെ അവനെക്കുറിച്ച് സാക്ഷ്യപ്പെടുത്തി. എന്നിരുന്നാലും, അത്തരമൊരു നീതിമാനായ മനുഷ്യൻ പോലും ദൈവത്തിന്റെ അനുഗ്രഹങ്ങൾ ലഭിക്കുന്നതിനായി ദൈവത്തിന്റെ മുമ്പിൽ തന്നെത്തന്നെ താഴ്ത്തി. ഇയ്യോബിന് ആരോഗ്യവും സമ്പത്തും സ്വത്തുക്കളും തനിക്ക് വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു. സങ്കൽപ്പിക്കാനാവാത്ത കഷ്ടപ്പാടുകൾ അവൻ   സഹിക്കുകയും എന്തുകൊണ്ടാണ് അത്തരം പരീക്ഷണങ്ങൾ തന്റെ ജീവിതത്തിൽ വന്നതെന്ന് ആശ്ചര്യപ്പെടുകയും ചെയ്തു. എന്നിട്ടും, ദൈവത്തിൽനിന്ന് പിന്തിരിയുന്നതിനുപകരം, അവൻ പൊടിയിൽ കിടന്നു കർത്താവിന്റെ മുൻപിൽ അനുതപിച്ചു.

അതെ, പ്രിയ സുഹൃത്തുക്കളേ, പലപ്പോഴും കഷ്ടപ്പാടുകളും പോരാട്ടങ്ങളും നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കാനും ദൈവത്തോട് കൂടുതൽ അടുക്കാനുമുള്ള അവസരങ്ങളായി മാറുന്നു. ഇയ്യോബ് നീതിമാനായിരുന്നെങ്കിലും തന്നെത്തന്നെ താഴ്ത്തുകയും ദൈവത്തോട് ക്ഷമ യാചിക്കുകയും ചെയ്തു. ഈ എളിയസമർപ്പണത്തിനുശേഷമാണ് കർത്താവ് അവന് നഷ്ടപ്പെട്ടതെല്ലാം പുനഃസ്ഥാപിച്ചത്. പശ്ചാത്തപിക്കുന്ന ഹൃദയത്തോടെ തന്റെ  അടുക്കലേക്ക് വരുന്നവരെ ദൈവം പുനഃസ്ഥാപിക്കുന്നു. സങ്കീർത്തനം 139:24 ൽ ദാവീദ് രാജാവും ഇങ്ങനെ പ്രാർത്ഥിച്ചു: "വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ." കഷ്ടപ്പാടുകൾ നേരിടുമ്പോഴെല്ലാം നമുക്കും ദൈവത്തിന്റെ മുമ്പാകെ നമ്മെത്തന്നെ താഴ്ത്താം.

ഇയ്യോബ് അതിലും ശ്രദ്ധേയമായ ഒരു കാര്യം ചെയ്തു. അവൻ ദൈവസന്നിധിയിൽ തന്നെത്താൻ താഴ്ത്തുക മാത്രമല്ല, തന്റെ സ്നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഇവർ അവനെ ആശ്വസിപ്പിച്ച സുഹൃത്തുക്കളായിരുന്നില്ല - ഇവർ അവനെ വിമർശിക്കുകയും തെറ്റിദ്ധരിക്കുകയും ചെയ്തവരായിരുന്നു. എന്നിട്ടും ഇയ്യോബ് അവരോട് ക്ഷമിക്കാൻ തീരുമാനിക്കുകയും ദൈവസന്നിധിയിൽ അവർക്കുവേണ്ടി മധ്യസ്ഥത വഹിക്കുകയും ചെയ്തു. അവൻ തന്റെ സ്നേഹിതന്മാർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് കർത്താവ് അവന്റെ സ്ഥിതിക്കു ഭേദം വരുത്തിയത്. കർത്താവ് അവനെ സമൃദ്ധമായി അനുഗ്രഹിച്ചു. ഇയ്യോബിന് മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടി ആടുകളെ അവൻ നൽകി. അവൻ ഒട്ടകങ്ങളെയും കാളകളെയും കഴുതകളെയും വർദ്ധിപ്പിച്ചു. ഇയ്യോബിന് മക്കളെ നഷ്ടപ്പെട്ടെങ്കിലും ദൈവം അവനെ വീണ്ടും ഏഴ് ആൺമക്കളെയും മൂന്ന് പെൺമക്കളെയും നൽകി അനുഗ്രഹിച്ചു. അവന്റെ സഹോദരന്മാരും സഹോദരിമാരും അവനെ ആശ്വസിപ്പിക്കാൻ വന്നു, ഓരോരുത്തരും അവന് ഓരോ പൊൻനാണ്യവും ഓരോ പൊൻമോതിരവും കൊടുത്തു. ദൈവം ഇയ്യോബിന് ദീർഘായുസ്സും നൽകി അനുഗ്രഹിച്ചു. അവൻ 140 സംവത്സരം ജീവിച്ചിരുന്നു; അവൻ മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ടു. ദൈവത്തിന്റെ പുനരുദ്ധാരണശക്തിയുടെ എത്ര അത്ഭുതകരമായ സാക്ഷ്യം!

നമ്മുടെ ദൈവം ഇപ്പോഴും ഇരട്ടിയായി പുനഃസ്ഥാപിക്കുന്ന ദൈവമാണ്. ആത്മാർത്ഥമായ അനുതാപത്തോടും താഴ്മയോടും കൂടി നാം അവന്റെ അടുക്കലേക്ക് മടങ്ങിവരുമ്പോൾ, നമുക്ക് നഷ്ടപ്പെട്ടതിനെക്കാൾ എത്രയോ അധികമായി തിരികെ നൽകാൻ അവന് കഴിയും. അവൻ നമ്മുടെ സന്തോഷം, സമാധാനം, ബന്ധങ്ങൾ, ആരോഗ്യം, കുടുംബം, ഭാവി എന്നിവയെല്ലാം പുനഃസ്ഥാപിക്കുന്നു. അതുകൊണ്ട്, പ്രിയ സുഹൃത്തുക്കളേ, നമ്മോട് ക്ഷമിക്കുകയും അവന്റെ വഴികളിൽ നമ്മെ നയിക്കുകയും ചെയ്യണമേ എന്ന് അപേക്ഷിച്ചുകൊണ്ട് നമുക്ക് എല്ലാ ദിവസവും താഴ്മയുള്ള ഹൃദയത്തോടെ കർത്താവിന്റെ സന്നിധിയിൽ വരാം. നാം അവന്റെ മുമ്പിൽ നമ്മെത്തന്നെ താഴ്ത്തുമ്പോൾ, അവൻ നമ്മോട് ദയാപൂർവ്വം ക്ഷമിക്കുകയും നമ്മെ പുനഃസ്ഥാപിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യും.

Prayer: 
പ്രിയ സ്വർഗ്ഗീയ പിതാവേ, പുനഃസ്ഥാപനത്തിന്റെ ദൈവമായതിന് അങ്ങേയ്ക്ക് നന്ദി. അങ്ങ്  ഇയ്യോബിനെ പുനഃസ്ഥാപിക്കുകയും മുമ്പുണ്ടായിരുന്നതിനേക്കാൾ ഇരട്ടിയായി നൽകി അനുഗ്രഹിക്കുകയും ചെയ്തതുപോലെ, എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പുനഃസ്ഥാപിക്കാൻ അങ്ങേക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും എന്നിൽ താഴ്മയും പശ്ചാത്താപവുമുള്ള ഒരു ഹൃദയം സൃഷ്ടിക്കുകയും ചെയ്യണമെ. എന്റെ കുടുംബം, ആരോഗ്യം, സാമ്പത്തികം, ബന്ധങ്ങൾ, ആത്മീയ ജീവിതം എന്നിവയിലെ എല്ലാ നഷ്ടങ്ങളും പുനഃസ്ഥാപിക്കണമേ. എല്ലാ അപമാനങ്ങൾക്കും പകരം ബഹുമാനവും എല്ലാ ദുഃഖത്തിനും പകരം സന്തോഷവും തകർന്നിരിക്കുന്ന എല്ലാ മേഖലകൾക്കും പകരം അങ്ങയുടെ സൗഖ്യദായകമായ സ്പർശവും നൽകണമേ. എനിക്ക് നഷ്ടപ്പെട്ടതെല്ലാം അങ്ങയുടെ പരിപൂർണ്ണ ഹിതപ്രകാരം തിരികെ ലഭിക്കട്ടെ. എന്റെ ജീവിതം അങ്ങയുടെ വിശ്വസ്തതയുടെ സാക്ഷ്യമായി മാറട്ടെ. ഞാൻ അങ്ങേയ്ക്ക് സകല മഹത്വവും നൽകുന്നു. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.